
പുതുവത്സരദിനത്തിൽ പൊലീസുകാരെ കല്ലെറിഞ്ഞ കേസിലെ ഏഴ് പേർ കീഴടങ്ങി
പുതവത്സരദിനത്തിൽ പെരിന്തൽമണ്ണ അരക്കുപറമ്പ് കരിങ്കാളിക്കാവിൽ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ് വാഹനം തകർക്കുകയും പൊലീസിന് നേരെ കല്ലെറിഞ്ഞ് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഏഴ് പേർ പോലീസിൽ കീഴടങ്ങി. അരക്കുപറമ്പ് കരിങ്കാളികാവ് സ്വദേശികളായ കണ്ണാത്തിയിൽ രതീഷ്‌കുമാർ (37), വലിയ പീടിയേക്കൽ ബാബുമണി (39), കൂട്ടപ്പുലാൻ പ്രേംപ്രകാശ് (45), വലിയ പീടിയേക്കൽ മഹേഷ് (31), കൂട്ടപ്പുലാക്കൽ പ്രമോദ് (39), കൂട്ടപ്പുലാക്കൽ മജുമോൻ (38), തൊണ്ടിയിൽ അനൂപ്(41) എന്നിവരാണ് ഇന്നലെ ഉച്ചയോടെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ഈ കേസുമായി ബന്ധപ്പെട്ട് നിഷാന്ത്, ബാലകൃഷ്ണൻ, ബാബുമോൻ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ പത്ത് പേർ അറസ്റ്റിലായി. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതോടെയാണ് ഇവർ കീഴടങ്ങിയത്. പൊലീസ് വാഹനത്തിന്റെ ചില്ല് തകർത്തതടക്കമുള്ളവയിൽ പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമം അടക്കമുള്ളവ പ്രകാരമാണ് കേസെടുത്തിരുന്നത്. 31-ന് രാത്രി ഒന്നോടെ പട്രാളിംഗിനിടെയാണ് പോലീസ് സംഘത്തിന് നേരെ അക്രമണമുണ്ടായത്.