
പുതിയ പാര്‍ലമെന്റ് മന്ദിരം പുരാതന വിദിഷ ക്ഷേത്ര മാതൃകയില്‍
പാര്‍ലമെന്റ്, ജനാധിപത്യത്തിന്റെ ശ്രീ കോവിലാണെങ്കില്‍, പുതിയ പാര്‍ലമെന്റ് മന്ദിരം പുരാതന ക്ഷേത്രമാതൃകയില്‍ നിര്‍മ്മിച്ചതില്‍ അഭിമാനിക്കാം
എ.എസ്. അജയ്‌ദേവ്
പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആശ്ചര്യങ്ങളും കഥകളുമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്തയെ കുറിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ സ്‌കെച്ച് വരച്ചവര്‍ മുതല്‍ അതിന്റെ ഓരോ കൊത്തുപണികളും പൂര്‍ത്തിയാക്കിയവര്‍ വരെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നു. കേള്‍ക്കാന്‍ ഇമ്പമുള്ള കഥകള്‍ക്കു പുറമേ പ്രതിപക്ഷ പാര്‍ട്ടികളുടെ നിരന്തരമായ ഇകഴ്ത്തല്‍ കഥകളും വരുന്നുണ്ട്. എങ്കിലും ചെങ്കോലും ചെങ്കോട്ടയും എന്നും ഇന്ത്യയുടെ പുകള്‍പെറ്റ ചരിത്രത്തിന്റെ ഭാഗം തന്നെയായിരിക്കുമെന്നത് ഏതൊരു ഭാരതീയന്റെയും അഹങ്കാരമാണ്.

പാര്‍ലമെന്റ് മന്ദിരത്തിന്റെ ആകാര ഭംഗിയുടെ കാര്യത്തില്‍ നിരവധി വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് പുതിയ പാര്‍ലമെന്റിന്റെ ആശയാവിഷ്‌ക്കരണം വിദിഷ സൂര്യ ക്ഷേത്രം പോലെയെന്നത്. മുഗള്‍ വംശ ഭരണാധികാരികളുടെ കണ്ണിലെ കരടായി മാറിയതു മൂലം ഔറംഗസേബ് ചക്രവര്‍ത്തി പീരങ്കികള്‍ കൊണ്ട് തകര്‍ത്ത മധ്യപ്രദേശിലെ വിദിഷയിലെ വിജയ് മന്ദിര്‍ തന്നെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്ത എന്നാണ് ഏറ്റവും പുതിയ ചരിത്ര വായന.

വിദിഷ ക്ഷേത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ഇങ്ങനെ:
മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു കോട്ടയ്ക്കുള്ളിലാണ് വിജയ് മന്ദിര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 1024ല്‍ മഹമൂദ് ഗാസിനൊപ്പം വന്ന പണ്ഡിതനായ അല്‍ബെറൂണി തന്റെ പുസ്തകങ്ങളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈ ക്ഷേത്രം അക്കാലത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു. ഈ ക്ഷേത്രത്തില്‍ എപ്പോഴും ഭക്തജനത്തിരക്ക് ഉണ്ടായിരുന്നുവെന്നാണ് ക്ഷേത്ര ചരിത്രം പറയുന്നത്. ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ചാലൂക്യ രാജവംശത്തിലെ കൃഷ്ണ രാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന വാചസ്പതി വിദിഷ കീഴടക്കിയ ശേഷം നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ സൂര്യനാണ്.

അതിനാല്‍ ഭേലിസ്വാമിന്‍ എന്ന പേര് ലഭിച്ചു. ഈ സ്ഥലത്തിന് ആദ്യം ഭേല്‍സാനി എന്നും പിന്നീട് ഭേല്‍സ്വാമിയില്‍ നിന്ന് ഭേല്‍സ എന്നും പേരിട്ടു. ഈ ക്ഷേത്രത്തിന് ഏകദേശം അര മൈല്‍ നീളവും വീതിയും ഉണ്ടായിരുന്നു. അതില്‍ നിന്നുതന്റെ ക്ഷേത്രത്തിന്റെ മഹത്വം കണക്കാക്കാം. അതിന്റെ ഉയരം ഏകദേശം 105 യാര്‍ഡായിരുന്നു. അതിനാല്‍ ക്ഷേത്രത്തിന്റെ ഗോപുരം ദൂരെ നിന്ന് കാണാമായിരുന്നു.

വലിപ്പവും പ്രശസ്തിയും കാരണം വിജയ് മന്ദിര്‍ മുസ്ലീം ഭരണാധികാരികളുടെ കണ്ണിലെ കരടായി മാറി. ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍, 1233-34 കാലഘട്ടത്തില്‍ മുസ്ലീം ആക്രമണകാരിയായ ഇല്‍തുമിഷ് ആണ് ഈ ക്ഷേത്രം ആദ്യമായി ആക്രമിച്ചത്. ആക്രമണത്തില്‍ ഏകദേശം പൂര്‍ണ്ണമായും തകര്‍ന്നു പോയ ക്ഷേത്രം പിന്നീട് 1250ല്‍ അത് പുനര്‍നിര്‍മ്മിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, 1290 ADയില്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ മന്ത്രി മാലിക് കഫൂര്‍ വീണ്ടും ക്ഷേത്രത്തെ ആക്രമിച്ച് നശിപ്പിച്ചു. എഡി 1460ല്‍ മഹ്‌മൂദ് ഖില്‍ജിയും 1532ല്‍ ഗുജറാത്ത് ഭരണാധികാരിയായിരുന്ന ബഹാദൂര്‍ ഷായും നിരന്തരം ക്ഷോേത്രത്തിലേക്ക് ആക്രമണം അഴിച്ചു വിട്ടു.

ക്ഷേത്രത്തിന് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചത് അക്കാലത്താണ്. ക്ഷേത്രത്തിന്റെ പൂര്‍ണമായ നാശത്തിനു ശേഷവും ആളുകള്‍ക്ക് ഈ ക്ഷേത്രത്തില്‍ അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു. തുടര്‍ന്ന് മുഗള്‍ ഭരണാധികാരി ഔറംഗസേബ് 1682ല്‍ പീരങ്കികള്‍ ഉപയോഗിച്ച് ഈ ക്ഷേത്രം പൂര്‍ണ്ണമായി തകര്‍ത്തു തരിപ്പണമാക്കി. ഇന്നും ക്ഷേത്രത്തിന്റെ ചില ഭാഗങ്ങളില്‍ പീരങ്കി വെടിയുതിര്‍ത്തതിന്റെ അടയാളങ്ങള്‍ കാണാം.

ഔറംഗസീബിന്റെ മരണശേഷം ഹിന്ദുക്കള്‍ വീണ്ടും ഇവിടെ ആരാധന തുടങ്ങി. എന്നാല്‍, ക്ഷേത്രത്തിന്റെ പുനരുദ്ധാരണം പൂര്‍ണ്ണ തോതില്‍ നടത്താനോ, ആരാധനകള്‍ ക്രമമായി ആചരിക്കാനോ കഴിഞ്ഞില്ലെന്നതാണ് വസ്തുത. സംവത്സരങ്ങള്‍ എത്രയോ കടന്നു പോയി. ഭാരതം പിന്നെയും നിരവധി രാജാക്കന്‍മാരാലും, പടയോട്ടങ്ങളാലും ഛിന്നഭിന്നമായി. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഇതിന്റെ ഭാഗമായി ചരിത്ര വിസ്മൃതിയിലാണ്ടു പോയി. വൈദേശിക ആക്രമണങ്ങളുടെ ഭാഗമായും ഇന്ത്യയിലെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍, ക്ഷേത്രങ്ങള്‍ ആക്രമിക്കാനുണ്ടായ പ്രധാന കാരണം, സാമ്പത്തിക കൊള്ള തന്നെയാണ്. പഴയകാല ക്ഷേത്രങ്ങളെല്ലാം സാമ്പത്തികമായി ഉന്നതിയിലായിരുന്നു. ആക്രമണങ്ങള്‍ ഭയന്ന് രാജാക്കന്‍മാര്‍ തങ്ങളുടെ സ്‌നപത്ത് സൂക്ഷിച്ചിരുന്നത് ക്ഷേത്രങ്ങളിലാണ്. ആരാധനാലയങ്ങള്‍ ആക്രമിക്കില്ലെന്ന വിശ്വാസത്തിലാണ് സമ്പത്തുകള്‍ സൂക്ഷിക്കാന്‍ രാജാക്കന്‍മാര്‍ ക്ഷേത്രങ്ങള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, മുസ്ലീം ഭരണാധികാരികള്‍ ഇക്കാര്യം തരിച്ചറിഞ്ഞാണ് ക്ഷേത്രങ്ങള്‍ വ്യാപകമായി നശിപ്പിച്ച് സമ്പത്ത് കൊള്ളയടിക്കാന്‍ തുടങ്ങിയത്. ഇതോടെ ക്ഷേത്രങ്ങള്‍ തകര്‍ന്നു തരിപ്പണമാവുകയും ചെയ്തുവെന്ന് ചരിത്രം പറയുന്നുണ്ട്.

ജനായത്ത ഭരണം വന്നതിനു ശേഷം ഇന്ത്യ, ഒരു മതേതര രാജ്യമായി ഉയര്‍ത്തിക്കാട്ടപ്പെട്ടു. ഇതിന്റെ ഭാഗമായി ആരാധനാലയങ്ങള്‍ക്കെല്ലാം അതിന്റേതായ സവിശേഷതകളോടു കൂടി സംരക്ഷിക്കപ്പെടുകയും ആരാധനകള്‍ നിര്‍ബാധം നടക്കുകയും ചെയ്തു. എന്നാല്‍, പാര്‍ലമെന്റ് മന്ദിരത്തിന്റെ ആകൃതിയും നിര്‍മ്മിതിയും ഒരു ക്ഷേത്രത്തിന്റെ മാതൃകയില്‍ വേണമെന്ന ചിന്ത ആര്‍ക്കും ഉണ്ടായില്ലെന്നു തന്നെ പറയേണ്ടിവരും. കാലങ്ങള്‍ കടന്നു പോയെങ്കിലും വിദിഷ ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണമെന്ന രീതിയില്‍ ചരിത്രത്തിന്റെ പായല്‍പിടിച്ച ഏടുകള്‍ വീണ്ടും രാജ്യ തലസ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുകയാണ്.

വിസ്മൃതിയിലാണ്ടു പോയ അധികാര ദണ്ഡ് തിരിച്ചു പിടിച്ചതും അതിനെ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രതിഷ്ഠിച്ചതുമെല്ലാം ചരിത്രപരമായ തിരിച്ചു പിടിക്കലുകളായിരിക്കുകയാണ്. പാര്‍ലമെന്റ് എന്നാല്‍, ജനാധിപത്യത്തിന്റെ ശ്രീ കോവിലാണെന്നാണ് പറയപ്പെടുന്നത്. അങ്ങനെയെങ്കില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പുരാതന ക്ഷേത്രമാതൃകയില്‍ നിര്‍മ്മിച്ചതില്‍ ഭാരതീയര്‍ അഭിമാനിക്കുകയാണ് വേണ്ടത്.

അതേ സമയം, പ്രതിപക്ഷം പറയുന്ന ആരോപണം, ശവപ്പെട്ടിയുടെ ആകൃതിയിലാണ് സെന്‍ട്രല്‍ വിസ്ത നിര്‍മ്മിച്ചിരിക്കുന്നുവെന്നാണ്. ആരോപണങ്ങളെല്ലാം നിലനില്‍ക്കെത്തന്നെ ഇന്ത്യുടെ അഭിമാനമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ലോക ജനത കൗതുകത്തോടെയാണ് നോക്കുന്നത്.
