പി ജയരാജനെതിരെ സിപിഎം നേതൃത്വത്തിന് പരാതി പ്രവാഹം

ഇ പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണമുന്നയിച്ചതിന് പിന്നാലെ പി ജയരാജനെതിരെ സിപിഎമ്മിൽ പരാതി പ്രളയം. ജയരാജന്റെ ക്വട്ടേഷൻ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി ലഭിച്ചു. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതിൽ പാർട്ടി അന്വേഷണം വേണമെന്നുമാണ് പ്രധാന ആവശ്യം. ഇതോടൊപ്പം വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ ജയരാജൻ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സിപിഎമ്മിന് പരാതി ലഭിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് ഫണ്ടിനായി പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട പരാതി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരാണ് ജയരാജനെതിരെ പരാതി നൽകിയിരിക്കുന്നത്.

എൽഡിഎഫ് കൺവിനറും മുതിർന്ന നേതാവുമായ ഇ പി ജയരാജനെതിരെ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ സാമ്പത്തിക ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് പി ജയരാജനെതിരെയും പരാതികൾ പാർട്ടിക്ക് ലഭിച്ചത്. രേഖാമൂലം ഇപി ജയരാജനെതിരെ പരാതി നൽകിയാൽ അന്വേഷിക്കാമെന്നാണ് എംവി ഗോവിന്ദൻ അറിയിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ ഇപി കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ കേന്ദ്ര നേതൃത്വത്തിൻറെ അനുമതിയോടെയേ അന്വേഷണം ഉണ്ടാകുകയുള്ളു. പിബി അനുമതിയോടെ ഇപിക്കെതിരെ പാർട്ടി കമ്മീഷൻ അന്വേഷണം വരാനാണ് സാധ്യത.

പാർട്ടി യോഗത്തിൽ മുതിർന്ന നേതാവിനെതിരെ മറ്റൊരു മുതിർന്ന നേതാവ് വലിയ പരാതി ഉന്നയിക്കുകയും പുറത്ത് മാധ്യമങ്ങളോട് അത് നിഷേധിക്കാതിരിക്കുകയും ചെയ്ത സ്ഥിതിയെ കാര്യമായി തന്നെ പാർട്ടി നേതാക്കൾ കാണുന്നു. തെറ്റ് തിരുത്തലിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പൂർണ്ണ പിന്തുണയോടെയാണ് പി ജയരാജൻറെ പരാതി എന്നാണ് സൂചനകൾ.

Leave a Reply

Your email address will not be published.

Previous post ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി ജയരാജൻ
Next post എല്‍ഡിഎഫ്‌ കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഇ.പി