
പരിക്ക് ഭേദമാകാന്‍ ഒന്നര വര്‍ഷമെടുക്കും, 2024 ഐപിഎല്‍ ഉള്‍പ്പെടെ പന്തിന് നഷ്ടമായേക്കും
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ ഒന്നര വര്‍ഷത്തോളം എടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. പരിക്കിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ പൂര്‍ണമായും ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിനാല്‍ ചികിത്സയ്ക്ക് ശേഷവും മാസങ്ങളോളം വിശ്രമം ആവശ്യമായി വന്നേക്കും. ഇതോടെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടെ കൂടുതല്‍ മത്സരങ്ങള്‍ പന്തിന് നഷ്ടമാകും.
ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവ പന്തിന് നഷ്ടമാകുമെന്ന്
ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇതിനുപുറമേ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പകുതിയോളം മത്സരങ്ങളും 2024 ഐ.പി.എല്ലും അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ട്വന്റിട്വന്റി ലോകകപ്പും അടുത്ത ഏഷ്യാ കപ്പിലും പന്ത് കളിച്ചേക്കില്ല.
നിലവില്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലുള്ള പന്ത് ചികിത്സ പൂര്‍ത്തിയാകും വരെ അവിടെ തന്നെ തുടരും. നേരത്തെ ഡെറാഡൂണിലെ ആശുപത്രിയിലായിരുന്ന പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ബിസിസിഐ എയര്‍ലിഫ്റ്റ് ചെയ്താണ് മുംബൈയിലേക്ക് മാറ്റിയത്.
അപകടത്തില്‍ പന്തിന്റെ വലത് കാല്‍മുട്ടിന്റെ ലിഗ്‌മെന്റിനേറ്റ പരിക്ക് ഭേദമാകാനാണ് കൂടുതല്‍ സമയമെടുക്കുക. ഇതിനുപുറമേ വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍, നെറ്റി എന്നിവിടങ്ങളിലും താരത്തിന് പരിക്കേറ്റിരുന്നു.