
പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് എട്ട് വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും
അയല്‍വാസിയായ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച് അശ്ലീല വീഡിയോ കാണിച്ച കേസില്‍ പ്രതി സുധി (32) ന് എട്ട് വര്‍ഷം കഠിന തടവും മുപ്പത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി വിധിച്ചു.പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്ശന് ഉത്തരവില്‍ പറയുന്നു. പിഴ തുക പീഡനമേറ്റ കുട്ടിക്ക് നല്ക്കണം. 2021 ഫെബ്രുവരി പതിനെട്ട് രാത്രി പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി മൂത്രം ഒഴിക്കാനായി വീടിന്റെ മുറ്റത്ത് ഇറങ്ങിയപ്പോള്‍ അയല്‍വാസിയായ പ്രതി തന്റെ വീടിന്റെ പുറത്ത് നില്‍ക്കുകയായിരുന്നു.
വീടിന്റെ പിന്‍ഭാഗത്തുള്ള കക്കൂസിലേക്ക് ഒറ്റയ്ക്ക് പോകാന്‍ കുട്ടിക്ക് പേടിയായതിനാലാണ് വീടിന് മുന്നിലെ മുറ്റത്ത് മൂത്രം ഒഴിക്കുന്നത്.ഒരു സാധനം തരാമെന്ന് പറഞ്ഞ് കുട്ടിയെ പ്രതി വീട്ടിലേക്ക് വരാന്പറഞ്ഞു. എന്നാല്‍ നാളെ രാവിലെ വരാം എന്ന് കുട്ടി പറഞ്ഞപ്പോള്‍ നാളെ കാണിച്ച് തരാന്‍ പറ്റില്ല, ഇന്ന് തന്നെ വരണമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ വീട്ടിലേക്ക് വരുത്തി. പ്രതി തന്റെ സ്വകാര്യ ഭാഗം കാണിച്ച് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി പേടിച്ച് ഓടാന്‍ ശ്രമിച്ചു. ഓടാന്‍ സമ്മതിക്കാതെ പ്രതി കുട്ടിയെ മടിയില്‍ പിടിച്ചിരുത്തി മൊബൈല്‍ ഫോണിലൂടെ അശ്ശീല വീഡിയോകള്‍ കാണിക്കുകയും ശരീരത്തില്‍ പിടിക്കുകയും ചെയ്തു. മകളെ കാണാത്തതിനാല്‍ വീടിന് പുറത്തിറങ്ങിയ അമ്മയും അച്ഛനും കുട്ടി മുറ്റത്ത് മൂത്രം ഒഴിച്ചതായുള്ള നനവ് കണ്ടു.
പ്രതിയുടെ വീട്ടില്‍ ലൈറ്റ് കിടക്കുന്നത് കണ്ട് പ്രതിയുടെ വീട്ടില്‍ എത്തിയപ്പോള്‍ മകളെ മടിയില്‍ പിടിച്ചിരുത്തി മൊബൈലില്‍ വീഡിയോകള്‍ കാണിക്കുന്നത് കണ്ടു. ഇതില്‍ ക്ഷുഭിതനായി കുട്ടിയുടെ അച്ഛനും പ്രതിയുമായി പിടിവലി നടക്കുകയും പ്രതി മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചിട്ട് ഓടി രക്ഷപ്പെട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്.എസ്.വിജയ് മോഹന്‍, എം.മുബീന, ആര്.വൈ.അഖിലേഷ് ഹാജരായി.പ്രോസിക്യൂഷന് പത്തൊമ്പത് സാക്ഷികളെ വിസ്തരിച്ചു. പതിനെട്ട് രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി. വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥരായ ആര്.രതീഷ്, എസ്.ശ്യാമകുമാരി എന്നിവരാണ് കേസ് അന്വേഷിച്ചത്.