
പണമടച്ചാല്‍ ഇനി റെയില്‍വേ ഭൂമിയിലും ട്രെയിനുകളിലും ഫോട്ടോയെടുക്കാം, വിഡിയോ ചിത്രീകരിക്കാം
ഗേറ്റിനിപ്പുറം പടമെടുക്കണമെങ്കില്‍ പണമടക്കണമെന്ന് റെയില്‍വേ അറിയിച്ചു. റെയില്‍വേ ഭൂമിയിലും ട്രെയിനുകളിലും ഫോട്ടോയെടുക്കാനും വിഡിയോ ചിത്രീകരിക്കാനും നിരക്കുകള്‍ പ്രസിദ്ധീകരിച്ചു.
ട്രെയിനുകള്‍ ഉള്‍പ്പെടാത്ത ചിത്രീകരണങ്ങള്‍ക്ക് (വ്യവസായിക ആവശ്യങ്ങള്‍ക്കായി) മൊബൈല്‍, ഡിജിറ്റല്‍ കാമറ എന്നിവ ഉപയോഗപ്പെടുത്തുന്നതിന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കോയമ്ബത്തൂര്‍, മാംഗളൂര്‍ എന്നിവിടങ്ങളില്‍ 5,000 രൂപ നല്‍കണം.
മറ്റ് സ്റ്റേഷനുകളില്‍ 3000 രൂപയും നല്‍കണം. പഠനാവശ്യങ്ങള്‍ക്കായി കാമറ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങള്‍ക്ക് വൈ വിഭാഗം സ്റ്റേഷനുകളില്‍ 2,500 രൂപയും ഇസഡ് വിഭാഗം സ്റ്റേഷനുകളില്‍ 1500 രൂപയും നല്‍കണം. വ്യക്തിപരമായ ഉപയോഗങ്ങള്‍ക്ക് പ്രഫഷല്‍ കാമറക്ക് വൈ വിഭാഗം സ്റ്റേഷനുകളില്‍ 3,500 രൂപയും ഇസഡ് വിഭാഗത്തില്‍ 2,500 രൂപയും നല്‍കണം.
വിവാഹം, സേവ് ദ ഡേറ്റ് ഉള്‍പ്പെടെ ട്രെയിനുള്‍പ്പെടുന്ന ചിത്രീകരണങ്ങള്‍ക്കും ട്രെയിനുകളിലെ ചിത്രീകരണങ്ങള്‍ക്കും ഗുഡ്‌സ് ഷെഡ്, ഗുഡ്‌സ് ടെര്‍മിനുകള്‍ എന്നിവിടങ്ങളിലും വൈ സ്റ്റേഷനുകളില്‍ 1500 രൂപയും ഇസഡ് വിഭാഗം സ്റ്റേഷനുകളില്‍ 1000 രൂപയും നല്‍കണം. പഠനാവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചിത്രീകരണങ്ങള്‍ക്ക് വൈ വിഭാഗത്തില്‍ 750 രൂപയും ഇസഡ് വിഭാഗത്തില്‍ 500 ഉം ആണ് ഫീസ്.
വ്യക്തിപരമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് വൈ വിഭാഗം സ്റ്റേഷനുകളില്‍ 1000 രൂപയും ഇസഡ് വിഭാഗത്തില്‍ 750 രൂപയുമാണ് ഫീസ്. ഒരു ദിവസത്തേക്കാകും അനുമതി.