
പണത്തിനു പകരം വീട്ടിലെ മാലിന്യം ഫീസായി വാങ്ങി സ്കൂൾ; ആഗോളതലത്തിൽ ശ്രദ്ധ നേടി നൈജീരിയൻ പദ്ധതി
പണത്തിനു പകരം വീട്ടിലെ മാലിന്യങ്ങൾ ഫീസായി വിദ്യാർഥികളിൽ നിന്ന് വാങ്ങി നൈജീരിയയിലെ സ്കൂൾ. നൈജീരിയയുടെ നാല്പ്പതോളം വരുന്ന ലോ-കോസ്റ്റ് സ്കൂളുകളിലൊന്നാണ് അജെജുനൽ തെരുവിലുള്ള ഈ മൈ ഡ്രീം സ്റ്റെഡ് എന്ന സ്കൂൾ. റീസൈക്കിൾ ചെയ്യാവുന്ന മാലിന്യമാണ് ഈ സ്കൂളുകളിൽ കുട്ടികളിൽ നിന്ന് ഈടാക്കുന്ന ഫീസ്.
ആഫ്രിക്കൻ ക്ലീൻ അപ് ഇനീഷ്യേറ്റീവ്’ എന്ന സംഘടനയാണ് വ്യത്യസ്തമായ ഈ മാലിന്യനിർമാർജന പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ നാല് വർഷത്തിലധികമായി ഈ സംഘടന സ്കൂളുകളിൽ നിന്ന് പുനരുപയോഗം ചെയ്യാവുന്ന മാലിന്യം ശേഖരിക്കുന്നുണ്ട്. ഇവ റീസൈക്കിൾ ചെയ്തു കിട്ടുന്ന പണമാണ് ടീച്ചർമാരുടെ ശമ്പളത്തിനും, കുട്ടികളുടെ യൂണിഫോമിനും പുസ്തകങ്ങൾക്കും മറ്റും വാങ്ങാനും ഉപയോഗിക്കുന്നത്.
ഫീസ് അടയ്ക്കാൻ പണമില്ല എന്ന കാരണത്താൽ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാനും പരിസ്ഥിതി മാലിന്യ മുക്തമാക്കാനും വേണ്ടിയാണ് സംഘടന ഈ പദ്ധതി തുടങ്ങിയത്. വലിയ ജനപ്രീതിയാണ് ആഗോളതലത്തിലടക്കം പദ്ധതിക്ക് ലഭിക്കുന്നത്. മാലിന്യത്തിന്റെ അളവ് അനുസരിച്ചാണ് ഇതിനുള്ള പണം ലഭിക്കുക.
ഉദാഹരണത്തിന് വിദ്യാർഥിക്ക് സ്കൂൾ സ്പോർട്ട്സിലേക്കുള്ള യൂണിഫോം ആണ് വേണ്ടതെങ്കിൽ ഇതിനെത്ര തുക ചെലവാകുമോ ആ തുകയ്ക്ക് ആവശ്യമായ മാലിന്യത്തിന്റെ അളവ് സ്കൂൾ അധികൃതർ വീട്ടുകാരെ അറിയിക്കും. സ്കൂളുകളിലെ ഈ പദ്ധതി നിർധനരായ മാതാപിതാക്കൾക്ക് വലിയ ആശ്വാസമാണ്. വീട്ടിൽ മാലിന്യമില്ലെങ്കിൽ ഇവർ പൊതുസ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്നതിനാൽ ഇവിടെ തെരുവുകളും വൃത്തിയാണ്.