
‘പട്ടിണി കിടക്കുന്നവര്ക്കുംകൂടിയുള്ളതാണ് കളി’; മന്ത്രിയുടെ പരാമര്‍ശം ആളുകുറച്ചുയെന്ന് പന്ന്യന്‍ രവീന്ദ്രൻ
സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കാര്യവട്ടം ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍ പ്രതികരണവുമായി മുതിര്‍ന്ന സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്. ഭാവിയില്‍ മികച്ച മത്സരങ്ങള്‍ കേരളത്തില്‍ വരുന്ന സാഹചര്യം ഇല്ലാതാക്കുന്ന സമീപനം നല്ലതല്ലെന്ന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. അന്താരാഷ്ട്ര മത്സരങ്ങള്‍ ഉള്‍പ്പെടെ വരുന്നതില്‍ ഉടക്കുവെക്കുന്ന സമീപനം സ്വീകരിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു.
പട്ടിണി കിടക്കുന്നവര്‍ക്ക് കൂടിയുള്ളതാണ് കളി. പട്ടിണി കിടന്നാലും മനുഷ്യന് കളികാണും. കളിയോടുള്ള ആസക്തി മനുഷ്യന്റെ ഞരമ്പുകളില്‍ ഉള്ളതാണ്. പട്ടിണി കിടക്കുന്നവര്‍ കളി കാണണ്ട എന്ന എന്ന പരാമര്‍ശവും കാണികള്‍ കുറയാന്‍ കാരണമായി. കൂടുതല്‍ ആളുകള്‍ വരാനുള്ള സന്ദര്‍ഭം ഇല്ലാതാക്കുന്നതില്‍ ഈ പരാമര്‍ശവും കാരണമായി എന്നാണ് അനുഭവത്തില്‍ എനിക്ക് തോന്നിയത്. അഖിലേന്ത്യാ ടൂര്‍ണ്ണമെന്റുകള്‍ കേരളത്തിലേക്ക് വരില്ല എന്നതാണ് ഇനി ഇതിന്റെ ഫലമായി ഉണ്ടാവാന്‍ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കഴിഞ്ഞ തവണ അഞ്ചു ശതമാനമുണ്ടായിരുന്ന നികുതി 12 ശതമാനമായി വര്‍ദ്ധിപ്പിച്ചു. നേരത്തെ കളികള്‍ക്ക് വിനോദനികുതിയില്‍ ഉദാരമായ സമീപനമുണ്ടായിരുന്നു. കൂടുതല്‍ മത്സരങ്ങള്‍ നാട്ടില്‍ വരാനായിരുന്നു ഈ ഇളവ്. കഴിഞ്ഞ തവണ 40,000ത്തോളം പേര് ടിക്കറ്റെടുത്ത് കളി കണ്ടു. ഇത്തവണ 6,000മായി കുറഞ്ഞു. നികുതി അഞ്ചില്‍ നിന്ന് 12 ശതമാനമായി വര്‍ധിച്ചിട്ടും ആനുപാതികമായി വരുമാനം സര്‍ക്കാരിന് ലഭിച്ചോ?’- പന്ന്യന്‍ രവീന്ദ്രന് ചോദിച്ചു.
ലോകകപ്പ് അടുത്ത് തന്നെ വരാനിരിക്കുകയാണ്. അതില്‍ ഒരു മത്സരം കേരളത്തിലും ലഭിക്കണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ഇതുപോലൊരു അവസ്ഥയുണ്ടാവുന്നത്. ഇത് അപകടകരമായ സ്ഥിതിയാണ്. ഉള്ള കളിപോലും നിലയ്ക്കുന്നൊരു സ്ഥിതിയിലേക്ക് ഇത് പോകുന്നത് കായിക പ്രേമികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.