പട്ടികജാതിക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതി പരിഷ്‌കരിച്ചു; 15 വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ ഭൂമി വില്‍ക്കാന്‍ അനുമതി

പട്ടികജാതിക്കാര്‍ക്ക് സർക്കാർ നൽകിയ ഭൂമി 15 വര്‍ഷത്തിനുശേഷം ഇനി വില്‍ക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ പണയം വയ്ക്കാനുമാകും. സര്‍ക്കാര്‍ അനുവദിച്ച  വാസയോഗ്യമല്ലാത്ത ഭൂമിയുള്ളവര്‍ക്കും പുതിയ ഭൂമി വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പട്ടിക ജാതിക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതി 34 വർഷത്തിന് ശേഷം സര്‍ക്കാര്‍ സമഗ്രമായി പരിഷ്‌കരിച്ചതിന്റെ ഭാഗമായാണ് മാറ്റം.

1989ലായിരുന്നു പട്ടിക ജാതി വിഭാഗത്തിലുള്ളവര്‍ക്ക് ഭൂരഹിത പുനരധിവാസ പദ്ധതി നടപ്പാക്കിയത്. പിന്നീടൊരു മാറ്റം പദ്ധതിയിൽ കൊണ്ടു വന്നിരുന്നില്ല. പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പല ആളുകളെയും ഇതിൽ നിന്ന് അയോഗ്യരാക്കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നതിനെ തുടർന്നാണ് സമഗ്രമായ പരിഷ്‌കരണം നടത്തിയത്.

ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങളെയാണ് പദ്ധതിയില്‍ പരിഗണിക്കുന്നത്. മൂന്ന് സെന്റില്‍ കൂടുതല്‍ ഭൂമിയുണ്ടെങ്കിലും പദ്ധതിക്കായി പരിഗണിക്കില്ലായിരുന്നു. എന്നാൽ കൂടുതൽ ഭൂമിയുണ്ടെങ്കിലും ഇത് പാറക്കെട്ടുകൾ നിറഞ്ഞതും കുടിവെള്ളം ലഭ്യമല്ലാത്തതുമാണ്. ഇങ്ങനെ വാസയോഗ്യമല്ലാത്ത ഭൂമിയുള്ളവർക്കും പദ്ധതിയില്‍ ഇനി അപേക്ഷിക്കാനാവും. എന്നാൽ ഭൂമി വില്‍ക്കുകയോ അവകാശികള്‍ക്ക് കൈമാറ്റം ചെയ്യുകയോ ചെയ്തവരെ ഒഴിവാക്കും.

ഗ്രാമപഞ്ചായത്തില്‍ 3,75,000, മുന്‍സിപ്പാലിറ്റിയില്‍ 4,50,000 കോര്‍പ്പറേഷനില്‍ 6,00000 രൂപയും ഭൂമി വാങ്ങാന്‍ ധനസഹായം നല്‍കും. ഇങ്ങനെ ലഭിക്കുന്ന ഭൂമി 15 വര്‍ഷത്തേക്ക് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. അതിനു ശേഷം ഇതു വില്‍ക്കാനാകും. എന്നാല്‍ ഭൂമി വാങ്ങിയ ശേഷം ഗുരുതരമായ അസുഖം, പെണ്‍മക്കളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കായി ബാങ്കുകളില്‍ പണയപ്പെടുത്തി വായ്പയെടുക്കാന്‍ അനുമതിയുണ്ട്.

Leave a Reply

Your email address will not be published.

Previous post കലാപശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ ഗുസ്തി താരങ്ങള്‍ക്കെതിരെ ചുമത്തി ഡല്‍ഹി പോലീസ്
Next post നിയമ സഭ സാമാജികർക്കെതിരെ വ്യാജ അരോപണം : രമേശ് ചെന്നിത്തല സ്പീക്കർക്ക് നൽകിയ പരാതിയിൽ അന്വേഷണം