
ന്യൂഈനാട് പിറന്നു
തിരുവനന്തപുരം : ന്യൂഈനാട് ഡിജിറ്റൽ മീഡിയ യാഥാര്‍ത്ഥ്യമായി. തിരുവനന്തപുരം ജവഹര്‍നഗറിലെ ന്യൂ ഈനാട് ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വൈദ്യുത മന്ത്രി കെ.കൃഷ്ണന്‍കുട്ടി ന്യൂ ഈനാട് ഓണ്‍ലൈന്‍ പത്രം ഔദ്യോഗികമായി പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരന് പ്രൊഫസര്‍ ജോര്‍ജ് ഓണക്കൂര്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ ആദ്യവാര്‍ത്ത പോസ്റ്റ് ചെയ്തു. ന്യൂഈനാട് ന്യൂസ് പോര്‍ട്ടല്‍, യൂട്യൂബ് ചാനല്‍, ഫേസ് ബുക്ക് പേജ്, ഇന്‍സ്റ്റഗ്രാം എന്നീ സാമൂഹ്യമാധ്യമ പ്ലാറ്റ് ഫോമുകളിലൂടെയാണ് ന്യൂ ഈനാട് ജനങ്ങളിലേക്ക് എത്തുന്നത്.




കാല് നൂറ്റാണ്ടു മുന്‍പ് തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഈനാട് പത്രത്തിന്റെ കരുത്തുമായാണ് ന്യൂ ഈനാട് ഡിജിറ്റലായി ജനങ്ങൾക്ക് മുന്നിലേക്കെത്തുന്നത്. ശക്തമായ നിലപാടുകളും, പറയേണ്ടത് പറയേണ്ട സമയത്ത് കരുത്തുറ്റ ഭാഷയില്‍ പറയാനുള്ള തന്റേടവുമാണ് ഈ നാടിനെ വ്യത്യസ്ഥമാക്കിയിരുന്നത്. പ്രൊഫ. ജഗന്നാഥപ്പണിക്കര്‍ പടുത്തുയര്‍ത്തിയ ആ എഡിറ്റോറിയല്‍ നയം പിന്തുടര്‍ന്നായിരിക്കും ന്യൂ ഈനാടും മുന്നോട്ട് പോവുക.
ന്യൂ ഈനാടിന്റെ ഓഫീസ് അങ്കണത്തില്‍ നിലവിളക്കിൽ ദീപം തെളിയിച്ചുകൊണ്ടായിരുന്നു പ്രകാശന ചടങ്ങ് ആരംഭിച്ചത് . എക്സിക്യൂട്ടീവ് എഡിറ്റര്‍ ബി.വി.പവനന് ന്യൂ ഈനാടിനെപ്പറ്റിയുള്ള വിവരണം നല്കി.ന്യൂ ഈനാട് ചീഫ് എഡിറ്റര്‍ ശിവജി ജഗന്നാഥന്, മനേജിംഗ് എഡിറ്റര്‍ റാണി മോഹന്‍ദാസ്, ന്യൂ ഈനാട് കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.