
നെതര്‍ലന്‍ഡ്സ് വന്‍മതില്‍ കടക്കാന്‍ അര്‍ജന്റീന; ജയിച്ചാല്‍ സെമി ഫൈനല്‍
ഫിഫ ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന ഇന്ന് നെതര്‍ലന്‍ഡ്സിനെ നേരിടും. ഓസ്ട്രേലിയയെ കീഴടക്കിയാണ് അര്‍ജന്റീനയുടെ വരവ്. നെതര്‍ലന്‍ഡ്സ് തകര്‍ത്ത് യുഎസ്എയും. ലുസൈല്‍ സ്റ്റേഡിയത്തില്‍ പുലര്‍ച്ചെ 12.30-നാണ് മത്സരം.
പോളണ്ട്, മെക്സിക്കൊ, ഓസ്ട്രേലിയ എന്നീ ടീമുകള്‍ക്കെതിരായ മത്സരങ്ങളിലെ പോലെ സമ്പൂര്‍ണ ആധിപത്യത്തോടെ മുന്നോട്ട് നീങ്ങാനായിരിക്കും അര്‍ജന്റീന ശ്രമിക്കുക. എന്നാല്‍ പ്രീ ക്വാര്‍ട്ടറിലെ പോലെ അല്‍പ്പം പിന്നോട്ട് നിന്നാലും അവസരങ്ങള്‍ നോക്കി ഗോള്‍ മുഖത്തേക്ക് നിറയൊഴിക്കുകയായിരിക്കും നെതര്‍ലന്‍ഡ്സ് ചെയ്യുക.
അര്‍ജന്റീനയക്ക് മധ്യനിരയില്‍ അവസരം കൊടുക്കാതെ 3-5-2 എന്ന ശൈലിയായിരിക്കും നെതര്‍ലന്‍ഡ്സ് സ്വീകരിക്കുക. അതിനാല്‍ നേരിട്ടുള്ള മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുന്ന രീതി ഉപേക്ഷിച്ച് അല്‍പ്പം വളഞ്ഞ് മൂക്കുപിടിക്കേണ്ടി വന്നേക്കും മെസിപ്പടയ്ക്ക്. അതുകൊണ്ട് തന്നെ കളിമെനയുന്നതിലായിരിക്കും മെസിക്ക് കൂടുതല്‍ ചുമതല.
സ്വാഭാവികമായ ശൈലി ഉപേക്ഷിക്കാന്‍ ഇതോടെ അര്‍ജന്റീന നിര്‍ബന്ധിതരാകും. കഴിവുള്ള വിങ്ങര്‍മാരുണ്ടെങ്കിലും എത്രത്തോളം കളത്തില്‍ പ്രകടമാകുമെന്നതില്‍ വ്യക്തതയില്ല. നെതര്‍ലന്‍ഡ്സ് പ്രതിരോധം ലോകകപ്പില്‍ വഴങ്ങിയത് കേവലം രണ്ട് ഗോള്‍ മാത്രമാണ്.
വിങ്ങിലൂടെയുള്ള ആക്രമണങ്ങളാണ് നെതര്‍ലന്‍ഡ്സിന്റെ കരുത്ത്. മധ്യനിരയില്‍ അര്‍ജന്റീനയെ തളച്ചാല്‍ വിങ് ബാക്കുകള്‍ – ഫോര്‍വേര്‍ഡുകളും ചേര്‍ന്ന് മുന്നേറ്റങ്ങള്‍ സൃഷ്ടിക്കും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സെന്റര്‍ ബാക്കുകളില്‍ ഒരാളായ വാന്‍ ഡിജിക്കും ലയണല്‍ മെസിയും നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
