നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര റെസ് ലിങ് ഫെഡറേഷന്റെ താക്കീത്

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്ന് താക്കീത് ചെയ്ത് അന്താരാഷ്ട്ര റെസ് ലിങ് ഫെഡറേഷന്‍. 45 ദിവസത്തിനുള്ളില്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്പെന്‍ഡ് ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധം മാസങ്ങളായി നിരീക്ഷിക്കുന്നുണ്ട്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇന്ത്യയെ സസ്പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു.

ശരണ്‍ സിങിനെതിരെ അഞ്ച് ദിവസത്തിനുള്ളില്‍ നടപടി എടുത്തില്ലെങ്കില്‍ ഹരിദ്വാറിലെത്തി വീണ്ടും മെഡലുകള്‍ ഗംഗയിലെറിയുമെന്ന് താരങ്ങളും അറിയിച്ചിട്ടുണ്ട്. ബ്രിജ് ഭൂഷനെതിരായ ലൈംഗിക ആരോപണ കേസില്‍ അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും വ്യക്തമാക്കി. താരങ്ങളോടുള്ള പോലീസ് പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണെന്നും ഐ.ഒ.സി പ്രതികരിച്ചു.

ഇന്നലെ വൈകീട്ട് തങ്ങളുടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കിക്കളയാന്‍ ഹരിദ്വാറിലെത്തിയ താരങ്ങളെ കര്‍ഷകര്‍ അനുനയിപ്പിച്ച് തത്ക്കാലം തിരിച്ചയക്കുകയായിരുന്നു. കേന്ദ്രത്തിന് അഞ്ച് ദിവസത്തെ താക്കീത് നല്‍കുകയാണെന്നും നടപടി വൈകിയാല്‍ ഇന്ത്യാ ഗേറ്റില്‍ അനിശ്ചിതകാല നിരാഹാരസമരം ഇരിക്കുമെന്നും സാക്ഷി മാലിക്ക് ട്വിറ്ററിലൂടെ അറിയിച്ചു.

എം.പി. കൂടിയായ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഏപ്രില്‍ 21നാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധം തുടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം നിരവധി ദേശീയ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികപിഡനപരാതി ഉന്നയിച്ചിട്ടുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ പ്രതിഷേധമാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published.

Previous post കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതില്‍ മുഖ്യമന്ത്രിക്ക് പോലും ഒന്നും അറിയില്ല; പിന്നെങ്ങനെ പ്രതിപക്ഷം അഭിപ്രായം പറയുമെന്ന് വി.ഡി. സതീശന്‍
Next post സാബു ജേക്കബിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി; അരിക്കൊമ്പന് സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജി തള്ളി