നിരവധി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

ഇരുപതോളം യു പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ചെറിയൻ മാക്കൻ ഫൈസലാണ് അറസ്റ്റിലായത്. സ്കൂളിലെ പതിവ് കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഫൈസലിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം അധ്യാപകനാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ചെറിയൻമാക്കൻ ഫൈസൽ. കൊവിഡ് കാലത്തിന് ശേഷം വീണ്ടും സ്കൂൾ തുറന്നപ്പോഴായിരുന്നു പീഡനം നടന്നത്. പതിവ് സ്കൂൾ കൗൺസിലിംഗിനിടെയാണ് ഇരുപതോളം വിദ്യാർത്ഥികൾ ഫൈസൽ മോശമായി പെരുമാറിയതായി കൗൺസിലറോട് വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകുകയായിരുന്നു.

ചൈൽഡ്‌ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസ്. അഞ്ച് വിദ്യാർത്ഥികളാണ് പൊലീസിന് രേഖാ മൂലം പരാതി നൽകാൻ തയ്യാറായത്. 2021 നവംബറിൽ ക്ലാസ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞത് മുതൽ ലൈംഗികോദ്ദേശത്തോടെ ക്ലാസ് മുറിയിൽ വച്ച് പല ദിവസങ്ങളിലായി വിദ്യാർത്ഥിനികളെ ഉപദ്രവിച്ചതായാണ് പരാതി. വരും ദിവസങ്ങളിൽ അധ്യാപകനെതിരെ കൂടുതൽ പരാതികൾ ഉണ്ടാകുമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. നാല് വർഷമായി ഫൈസൽ ഇതേ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്ത് വരികയാണ്. നേരത്തെ വളപട്ടണത്തെ ഒരു സ്കൂളിലും ഇയാൾ ജോലി ചെയ്തിരുന്നു.

നവംബര്‍ അവസാനവാരം പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന്‍ അറസ്റ്റിലായിരുന്നു. ആറളം സ്വദേശി ഷംസീർ എന്നയാളെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മുഴപ്പിലങ്ങാട് സ്വദേശിയായ മദ്രസാ വിദ്യാർത്ഥിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. പന്തീരങ്കാവിൽ ജ്യൂസിൽ ലഹരി മരുന്ന് കലർത്തി നൽകിയാണ് 22 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Leave a Reply

Your email address will not be published.

Previous post അവിഹിതബദ്ധമെന്ന് സംശയം ; ഒന്നര വർഷത്തിന് മുൻപ് ഭാര്യയെ കൊന്ന് കുഴിച്ചിട്ടെന്ന് ഭർത്താവ്
Next post കോഴിക്കോട് യുവതിയെ കൂട്ടബലാൽസംഗം ചെയ്തു, മൂന്ന് പേർ പിടിയിൽ