നല്ല ഭക്ഷണ ശീലങ്ങളോടൊപ്പം ചിട്ടയായ വ്യായാമവും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതം: മുഖ്യമന്ത്രി

തിരുവനന്തപുരം: നല്ല ഭക്ഷണ ശീലങ്ങളോടൊപ്പം ചിട്ടയായ വ്യായാമവും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര യോഗദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ശരീരത്തിനും മനസിനും ഒരുപോലെ ഊര്‍ജം പ്രദാനം ചെയ്യുന്ന വ്യായാമമുറ എന്നതാണ് യോഗയുടെ അന്താരാഷ്ട്ര പ്രസക്തി.

സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കടക്കം യോഗയിലൂടെ മെച്ചപ്പെട്ട ആരോഗ്യവും മാനസിക ഉന്മേഷവും ലഭ്യമാക്കുക എന്നതാണ് യോഗദിന സന്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിന് അനുസൃതമായ പ്രവര്‍ത്തനം നടത്താന്‍ സാധിക്കട്ടെയെന്നും യോഗയുടെ ശാസ്ത്രീയ വശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് ഈ ദിനാചരണം ഉപകാരപ്രദമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു .

ജീവിതശൈലിയിലും ആഹാര ശൈലിയിലും മാറ്റം വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യമുള്ള ശരീരവും മനസും വ്യായാമവും നിത്യ ജീവിതത്തിന്റെ ഭാഗമാക്കണം. യോഗയിലൂടെ ഇത് വളരെപ്പെട്ടെന്ന് നേടിയെടുക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

യോഗയും വിവിധ ചികിത്സാ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് വികസിപ്പിച്ചു വരുന്ന ചികിത്സാ രീതികള്‍ ആതുര ശുശ്രൂഷാ രംഗത്ത് വളരെ ഫലപ്രദമായി തുടര്‍ന്നു വരുന്നു. സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കടക്കം യോഗയിലൂടെ മെച്ചപ്പെട്ട ആരോഗ്യവും മാനസിക ഉന്മേഷവും ലഭ്യമാക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതിനാണ് ‘യോഗ ഫോര്‍ ഹ്യൂമാനിറ്റി’ എന്ന തീം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ ശരീരത്തിലും മനസിലും അടിഞ്ഞുകൂടിയിരിക്കുന്ന കാര്യങ്ങളെ നീക്കം ചെയ്യുന്നതിന് യോഗ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത്ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിഐബി, സിബിസി കേരള, ലക്ഷദ്വീപ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിസ്വാമി, ഐഎസ്എം ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകപ്പ് ഡയറക്ടര്‍ ഡോ. ഹരികൃഷ്ണന്‍ തിരുമംഗലത്ത്, ഹോമിയോ പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ. കെ. ബെറ്റി, നാഷണല്‍ ആയുഷ്മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. ആര്‍ ജയനാരായണന്‍, ഡോ. പി.ആര്‍. സജി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous post കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു
Next post കേരള സർവകലാശാലക്ക് ചരിത്ര നേട്ടം