നടിയെ ആക്രമിച്ച കേസ് : എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ നിന്ന് എഡിജിപി, എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്‍റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. സ്ഥലംമാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം കോടതി അംഗീകരിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് മേല്‍നോട്ട ചുമതലയില്‍ നിന്ന് എസ്.ശ്രീജിത്തിനെ മാറ്റിയത്. കേസ് അട്ടിമറിക്കാന്‍ കൂട്ട് നിന്ന അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ ഉണ്ടായ സമ്മര്‍ദ്ദത്തിന്‍റെ ഭാഗമായാണ് സ്ഥലംമാറ്റം എന്നും ആരോപണം ഉയര്‍ന്നു. എസ്.ശ്രീജിത്തിനെതിരെ ദിലീപിന്‍റെ അഭിഭാഷകന്‍ ഫിലിപ് ടി. വര്‍ഗീസ് പരാതിയുമായി ആഭ്യന്തര സെക്രട്ടറിയെ സമീപിച്ചിരുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ കുടുംബ സുഹൃത്താണ് എസ്.ശ്രീജിത്തെന്നും കേസിന് പിന്നില്‍ ശ്രീജിത്ത് അടക്കമുള്ളവരുടെ ഗൂഢാലോചനയുണ്ടെന്നും ആയിരുന്നു പരാതി. അഭിഭാഷക സംഘടനകളും ശ്രീജിത്തിന്‍റെ നടപടിയില്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published.

Previous post ലാഭം ഇരട്ടിയാക്കി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍
Next post കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് – അന്തിമ വിജ്ഞാപനം വൈകും, പരാതികള്‍ പഠിക്കാന്‍ പുതിയ സമിതിയെ കേന്ദ്രം നിയോഗിച്ചു