
നഗ്‌നതാ പ്രദര്‍ശനം നടത്തിയ പ്രതി സവാദിന് സ്വീകരണം നല്‍കുമെന്ന് മെന്‍സ് അസോസിയേഷന്‍; ഡിജിപിക്ക് പരാതി നല്‍കി
കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ജയിലിലായ സവാദിനു സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെ കിട്ടാന്‍ വേണ്ടി യുവതി സവാദിനെതിരെ കള്ളപരാതി നല്‍കിയെന്നാണ് അസോസിയേഷന്‍ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി ഡിജിപിക്കും അസോസിയേഷന്‍ പരാതി നല്‍കിയിട്ടുണ്ട്. തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസില്‍വച്ച് സവാദ് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതി പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, ആലുവ സബ് ജയിലിലുള്ള സവാദിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് നാളെ ജയില്‍ മോചിതനാകും.
യുവതി പ്രചരിപ്പിച്ച വിഡിയോയില്‍ യുവാവ് മോശം കാര്യങ്ങള്‍ ചെയ്തതായി തെളിവില്ലെന്നും, യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ആവശ്യപ്പെടുന്നുണ്ട്. ആദ്യം യുവതിയുടെ ഭാഗത്താണ് ശരി എന്നാണ് വിശ്വസിച്ചിരുന്നതെന്നും ഇന്‍സ്റ്റഗ്രാം ഐഡി പരിചയപ്പെടുത്തി യുവതി വിഡിയോ ചെയ്തപ്പോഴാണ് കൂടുതല്‍ ഫോളോവേഴ്‌സിനെ കിട്ടാനുള്ള പദ്ധതിയാണെന്ന് മനസിലായതെന്നും അജിത് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ഫോണില്‍ വിളിച്ച് ഇതെല്ലാം നാടകമാണെന്ന് പറയുന്നുണ്ട്. പരാതി നല്‍കിയ ശേഷം നിരവധി ഭീഷണി കോളുകളാണ് വരുന്നത്. സവാദിനു നീതി ലഭിക്കുന്നതുവരെ പോരാടാനാണ് സംഘടനയുടെ തീരുമാനം.
‘സവാദിന് നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കുടുംബം താമസം മാറി. സവാദ് മാനസികമായി തകര്‍ന്നു. ഇപ്പോഴത്തെ മാനസിക അവസ്ഥയില്‍നിന്ന് യുവാവിനെ മാറ്റിയെടുക്കുന്നതിനാണ് ആദ്യപരിഗണനയെന്നും സത്യം പുറത്തുവരണമെന്നും അജിത് കുമാര്‍ പറഞ്ഞു. നേരത്തെ, ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് അജിത് കുമാര്‍, സവാദിന് സ്വീകരണം നല്‍കുന്ന കാര്യം വെളിപ്പെടുത്തിയത്. ‘സമൂഹത്തില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത ഒരു അവസ്ഥയാണ് സവാദിന്റേത്. ഇന്ന് ഇത് സവാദിനാണെങ്കില്‍ നാളെ ഇത് എന്നെ കേള്‍ക്കുന്ന നിങ്ങള്‍ക്കോ എനിക്കോ വരാം. എനിക്ക് ഏതു നിമിഷവും വരാനുള്ള സാഹചര്യമുണ്ട്.
കാരണം ഒത്തിരി സ്ത്രീകളുടെ കോളുകള്‍ വരുന്നുണ്ട്. വിഡിയോ കോളില്‍ അവര്‍ വളരെ മോശം വിഡിയോ അവരുടെ ശരീര ഭാഗങ്ങള്‍ കാണിച്ചുകൊണ്ട് വിഡിയോ ചെയ്യാറുണ്ട്. അപ്പോള്‍ ഇതില്‍ നമ്മള്‍ വീഴാതിരിക്കുക എന്നതാണ് വലിയ കാര്യം. പുരുഷന്‍മാരുടെ ലൈംഗിക ദാരിദ്യം, കേരളത്തില്‍ നല്ലവരായിട്ടുള്ള വലിയൊരു വിഭാഗം പുരുഷന്‍മാര്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. അതിനെ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുകയാണ്. അതിനെ മുതലെടുത്താണ് ഈവക കാര്യങ്ങളെല്ലാം നടക്കുന്നതെന്നും അജിത് പറഞ്ഞു.