
ദ്രൗപതി മുർമു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ തുടങ്ങിയ മുതിര്‍ന്ന നേതാക്കളോടൊപ്പം എത്തിയാണ് മുര്‍മു പത്രിക സമര്‍പ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാമനിര്‍ദേശം ചെയ്തത്. 50 പേര് പിന്തുണ അറിയിച്ച് ഒപ്പുവച്ചു. ബിജു ജനതാദള്‍, എഐഎഡിഎംകെ ,വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും പിന്തുണ അറിയിച്ച് ഒപ്പുവച്ചു.
റിട്ടേണിംഗ് ഓഫീസറായ രാജ്യസഭാ ജനറല്‍ സെക്രട്ടറി പി.സി.മോദിയാണ് നാമനിര്‍ദേശ പത്രിക സ്വീകരിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പിന്തുണകൂടി ലഭിച്ചതോടെ തെരഞ്ഞടുപ്പില്‍ ബിജെപിക്കാണ് വിജയസാധ്യത കൂടുതല്‍. വിജയിച്ചാല്‍ രാജ്യത്തെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയും, രണ്ടാമത്തെ വനിതാ രാഷ്ട്രപതിയുമാകും ദ്രൗപദി മുര്‍മു.