
ദുരൂഹത നീങ്ങാത്ത തീ പിടുത്തങ്ങള്‍: കെ.എം.എസ്.സി.എല്‍ ഗോഡൗണിലെ പുതിയ ബ്ലീച്ചിംഗ് പൗഡര്‍ സ്റ്റോക്ക് തിരിച്ചെടുക്കാന്‍ നിര്‍ദേശം
കെ.എം.എസ്.സി.എല്‍ ഗോഡൗണുകളിലെ തീപിടുത്തില്‍ ദുരൂഹത നിലനില്‍ക്കെ പുതിയ സ്റ്റോക്ക് ബ്ലീച്ചിംഗ് പൗഡര്‍ മുഴുവന്‍ തിരിച്ചെടുക്കാന്‍ നിര്‍ദേശം. ബാങ്കെ ബിഹാരി, പാര്‍കിന്‍സ് എന്റര്‍പ്രൈസസ് എന്നിവ വഴി എത്തിച്ച സ്റ്റോക്ക് തിരികെ എടുക്കും. കെമിക്കല്‍ ഗുണനിലവാരം പരിശോധിച്ച് ഫലം വരുന്നതിനു മുമ്പെയാണ് സുരക്ഷ പ്രശ്‌നങ്ങള്‍ കാരണമുള്ള നടപടി. മറ്റൊരു കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി വിലക്ക് വന്നതിനു ശേഷമാണ് ഈ കമ്പനികളിലേക്ക് കെ.എം.എസ്.സി.എല്‍ തിരിഞ്ഞത്. ആലപ്പുഴയില്‍ വന്‍ അപകടം ഒഴിവായത് സുരക്ഷ സജ്ജീകരണങ്ങള്‍ ഉള്ള വെയര്‍ഹൗസ് ആയതിനാലാണ്. കെ.എം.എസ്.സി.എല്‍ ഗോഡൗണുകളില്‍ മൂന്ന് സ്ഥലത്തും കത്തിയത് ബ്ലീച്ചിംഗ് പൗഡറാണ്.
വണ്ടാനത്തെ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മരുന്ന് ഗോഡൗണിന് ഇന്ന് പുലര്‍ച്ചെ തീപിടിച്ചു. പുലര്‍ച്ചെ 3 മണിയോടെയായിരുന്നു സംഭവം,ബ്ലീച്ചിംഗ് പൗഡറിന് തീപിടിച്ചെങ്കിലും നിയന്ത്രണ വിധേയമാക്കി, നാട്ടുകാരും അഗ്‌നിരക്ഷ സേനയും ചേര്‍ന്ന് അര മണിക്കൂറിനുള്ളില്‍ തീ അണക്കുകയായിരുന്നു. തൊട്ടടുത്ത മരുന്ന് ഗോഡൗണിലേക്കും തീ പടര്‍ന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവര്‍ത്തിച്ചതിനാല്‍ പെട്ടെന്ന് തീയണഞ്ഞു. രണ്ടു ദിവസം മുമ്പ് ഗോഡൗണില്‍ ഫയര്‍ ഓഡിറ്റിംഗ് നടത്തിയിരുന്നു. അതുകൊണ്ടാണ് മരുന്ന് ഗോഡൗണിലെ തീ പെട്ടെന്ന് അണക്കാനായത്. ബ്ലീച്ചിംഗ് പൗഡര്‍ ഗോഡൗണിലാണ് തീ ആദ്യം ഉണ്ടായത്. ഇതിന് കാരണം വ്യക്തമായിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.
സംസ്ഥാനത്ത് ഇപ്പോള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തീ പിടുത്തങ്ങള്‍ വ്യാപകമാണ്. മന്ത്രിമാര്‍ ഇരിക്കുന്ന സെക്രട്ടേറിയറ്റ് പോലും തീ പിടുത്തതില്‍ നിന്നും വിട്ടു നില്‍ക്കുന്നില്ല. നിലവിലെ കാലാവസ്ഥയും തീ പിടുത്തതിന് കാരണമാകുന്നുണ്ട്. ഷോട്ട് സര്‍ക്യൂട്ട് മുതല്‍ താപ നിലയിലെ വ്യത്യാസവും കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ ബോധപൂര്‍വ്വമായി നടത്തുന്ന തീ ഇടലും വ്യാപകമാകുന്നുണ്ട്.