തൊടുന്നതെല്ലാം പാമ്പാകുന്നു, ഇതൊക്കെ ആരുടെ ബുദ്ധി

ബി വി പവനൻ

സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്‌നാ സുരേഷ് ഇന്ന് മറ്റൊരു സ്‌ഫോടനം കൂടി നടത്തിയിരിക്കുന്നു. ഗൂഢാലോചന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന ഗുരുതരമായ ആരോപണമാണ് സ്വപ്‌ന ഉന്നയിച്ചിരിക്കുന്നത്. എച്ച.ആര്‍.ഡി.എസ് എന്ന സ്ഥാപനം ഒഴിയണം, വക്കീലിന്റെ വക്കാലത്ത് ഒഴിയണം, അല്ലെങ്കില്‍ കലാപക്കേസുകളില്‍പ്പെടുത്തും എന്നൊക്കെ ഭീഷണിപ്പെടുത്തി എന്നാണ് സ്വപ്‌ന പറയുന്നത്. തന്റെ ജോലി നഷ്ടപ്പെടുത്തി, ഇനി വാടക വീട്ടിലെ കിടപ്പാടം കൂടി നഷ്ടപ്പെടുത്തിയാലും തെരുവിലാക്കിയാലും ബസ് സ്റ്റാന്റിലാക്കിയാലും ഉടുതുണിക്ക് മറു തുണിയില്ലാതെ വന്നാലും താന്‍ പോരാടുക തന്നെ ചെയ്യും എന്നാണ് സ്വപന പറയുന്നത്. സ്വപന പറയുന്നതൊക്കെ ശരിയാണെങ്കില്‍ ഈ സര്‍ക്കാരിന് എന്തു പറ്റി എന്നേ ചോദിക്കാനുള്ളൂ. ആരാണ് ഈ സര്‍ക്കാരിനെ ഇപ്പോള്‍ ഉപദേശിക്കുന്നത്? ഒന്നിന് പുറകെ ഒന്നായി വീഴ്ചകള്‍ മാത്രം. തൊടുന്നതെല്ലാം പാമ്പായി മാറുന്ന അവസ്ഥ.

സ്പനാ സുരേഷ്, സ്വര്‍ണ്ണക്കടത്തു കേസില്‍ കോടതിയില്‍ 164 സ്‌റ്റേറ്റ്‌മെന്റ് നല്‍കിയത് മുതല്‍ ആരംഭിച്ചതാണ് സര്‍ക്കാരിന്റെ ഈ വെപ്രാളവും വീഴ്ചയും. പറഞ്ഞു പഴകിയ, അന്വേഷണ ഏജന്‍സികള്‍ പലവട്ടം അന്വേഷിച്ച് തള്ളിയ ആരോപണങ്ങളാണ് ഇവ എന്നാണ് മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പ് ആദ്യം വന്നത്. സി.പി.എം പറഞ്ഞതും അതായിരുന്നു. പക്ഷേ സര്‍ക്കാരിന് അങ്ങനെയങ്ങ് തള്ളിക്കളയാന്‍ പറ്റിയ കാര്യമല്ലായിരുന്നു അത് എന്നാണ് പിന്നീട് തെളിഞ്ഞത്. സ്വപനയുടെ കൂട്ടാളി സരിത്തിനെ വിചിത്രമായ രീതിയില്‍ പിറ്റേന്ന് പിടികൂടി ഫോണ്‍ പിടിച്ചു വാങ്ങി. വിജിലന്‍സാണ് സംഭവം നടത്തിയതെങ്കിലും ലോക്കല്‍ പൊലീസ് അതറിയാതെ പൊട്ടന്‍ കളിച്ചു. അത് വിവാദമായതിന്റെ തൊട്ടു പിന്നാലെയാണ് ഷാജ്കിരണ്‍ മദ്ധ്യസ്ഥന്റെ വേഷത്തിലുള്ള ഓപ്പറേഷന്‍. പൊലീസ് മേധാവികള്‍ അയാളോട് സംസാരിച്ച് പുലിവാല്‍ പിടിച്ചു. കേസെടുക്കും അറസ്റ്റ് ചെയ്യും എന്നൊക്കെയായിരുന്നു അന്നത്തെയും ഭീഷണി. സ്വപന അതൊക്കെ റെക്കോര്‍ഡ് ചെയ്ത് പുറത്തു വിട്ടതോടെ നീക്കം പൊളിഞ്ഞു എന്ന് മാത്രമല്ല സര്‍ക്കാരിന് നാണക്കേടുമായി. വിജിലന്‍സ് ഡയറക്ടറെ പുറത്താക്കേണ്ടിയും വന്നു. ആരുടെ ബുദ്ധിയായിരുന്നു ഇതൊക്കെ.

കൂട്ടത്തില്‍ ഷാജ്കിരണ്‍ മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരെ അതിഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും അത് സാരമില്ല എന്ന നിലപാടായിരുന്നു സര്‍ക്കാരിന്.

ഇതിന്റെ പിന്നാലെയാണ് പി.സി.ജോര്‍ജ് എപ്പിസോഡ് ഉണ്ടായത്. അടിയന്‍ ലച്ചിപ്പോം എന്ന മട്ടില്‍ ചാടി ഇറങ്ങിയ സോളാര്‍ കേസ് പരാതിക്കാരിയുടെ പരാതിയില്‍ മിന്നല്‍ വേഗത്തിലായിരുന്നു ജോര്‍ജിന്റെ അറസ്റ്റ്. ജോര്‍ജിന് അതിനെക്കാള്‍ വേഗത്തില്‍ ജാമ്യവും കിട്ടി. അതോടെ സര്‍ക്കാരിന്റെ മുഖത്ത് കരി വീണു എന്നു മാത്രമല്ല, വിദ്വേഷപ്രസംഗത്തില്‍ നാട്ടുകാരുടെ വിദ്വേഷം ഏറ്റു വാങ്ങി നില്‍ക്കുകയായിരുന്ന പി.സി.ജോര്‍ജിന് അതില്‍ നിന്ന് മോചനവുമായി. ആരുടെ ബുദ്ധിയായിരുന്നു ഇത്.

അതിനിടെയാണ് വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത് എസ്.എഫ്.ഐ അവരുടെ വകയായി സര്‍ക്കാരിന് പണി നല്‍കിയത്. അത് കത്തി നില്‍ക്കുമ്പോഴായിരുന്നു എ.കെ.ജി സെന്ററിന് നേരെ ബോംബാക്രമണം ഉണ്ടായത്. മൂന്നാം നിലയില്‍ വായനയില്‍ മുഴുകിയിരുന്ന ശ്രീമതി ടീച്ചര്‍ ഞെട്ടി വിറച്ച് താഴെ വീഴാന്‍ പോയി. മിനിട്ടുകള്‍ക്കകം അവിടെ പാഞ്ഞെത്തിയ ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ സംശയിച്ചത് സ്റ്റീല്‍ ബോംബാണ് പൊട്ടിയതെന്നാണ്. അതും ഒന്നല്ല, രണ്ടെണ്ണം.

പക്ഷേ ബോംബ് വന്ന് പതിച്ച എ.കെ.ജി സെന്ററിന്റെ മതിലിന്റെ തൂണിലാകട്ടെ അവിടെ പതിച്ചിരുന്ന രണ്ടു കൊച്ചു കല്ലുകള്‍ മാത്രമാണ് ഇളകിയത്. സ്റ്റീല്‍ ബോംബ് പൊട്ടിയാല്‍ രണ്ടു കല്ലുകള്‍ മാത്രമേ ഇളകുകയുള്ളോ? അതിനെക്കാള്‍ വിചിത്രമായത് ബോംബെറിയാന്‍ വന്നവനെ ആരും കണ്ടില്ല എന്നതാണ്. ഇരുപത്തി നാല് മണിക്കൂറും പൊലീസ് കാവല്‍ നില്‍ക്കുന്ന സ്ഥലമായിട്ടും കൂള്‍ കൂളായണ് അക്രമി കാര്യം സാധിച്ച് മടങ്ങിയത്. പൊലീസ് കണ്ടില്ലെന്ന് മാത്രമല്ല, എ.കെ.ജി സെന്ററിലെയും പരിസരത്തുള്ള റോഡുകളിലേയും നൂറു കണക്കിന് ക്യാമറകളിലും അക്രമിയുടെ രൂപം പതിഞ്ഞില്ല. ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത പുക പോലെ ഒരു രൂപം. പ്രതിപക്ഷ നേതാവ് നിയമസഭയില്‍ വായിച്ച സക്കറിയയുടെ കഥയില്‍ വര്‍ണ്ണിക്കുന്ന മായാരൂപം ആയിരിക്കാം ആക്രമണം നടത്തിയത്.

ഇപ്പോഴാകട്ടെ ഫോറിന്‍സിക് റിപ്പോര്‍ട്ടും വന്നിരിക്കുന്നു. അത് ബോംബല്ല, വീര്യം കുറഞ്ഞ പടക്കം മാത്രം. വിഷുവിനും ദീപാവലിക്കും പൊട്ടിക്കുന്ന സാധനം പോലെ എന്തോ ഒന്ന്. അത് കേട്ടാണ് കെട്ടിടം തകരുന്നത് പോലെ ശ്രീമതി ടീച്ചര്‍ നടുങ്ങിയതും ഇ.പി.ജയരാജന്‍ സ്റ്റീല്‍ ബോംബാണെന്ന് സംശയിച്ചതും. ഏതായാലും അതിന്റെ പേരില്‍ നാട് നീളെ കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. കൊലവിളി മുദ്രാവാക്യവും മുഴങ്ങി. ആരുടെ ബുദ്ധിയാണ് ഇതിന് പിന്നില്‍?
ഇതെല്ലാം ഒന്നു തണുത്തു വന്നപ്പോഴാണ് മന്ത്രി സജി ചെറിയാന്റെ പൂഴിക്കടകന്‍ വരുന്നത്. ഭരണഘടനയെന്നാല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ സുന്ദരമായ സാധനമാണെന്നും അതില്‍ ജനാധിപത്യം, മതേതരത്വം കുന്തം, കടുച്ചക്രം എന്നൊക്കെ എഴുതി വച്ചിട്ടെന്നുമൊക്കെ ഉള്ള തീപ്പൊരി പ്രസംഗമാണ് സജി ചെറിയാന്‍ നടത്തിയത്.

ഭരണഘടനയുടെ ഉല്പന്നമായ മന്ത്രി ഭരണഘടനയെ തള്ളിപ്പറഞ്ഞാല്‍ മന്ത്രിയായി തുടരുന്നതെങ്ങനെ എന്ന സിമ്പിള്‍ ലോജിക്കില്‍ മന്ത്രി വീണു. മാത്രമല്ല, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ മന്ത്രി പറയുന്നത് സംഘപരിവാറുകാര്‍ വളരെക്കാലമായി പറയുന്ന കാര്യവുമെന്ന വ്യാഖ്യനം കൂടിയായപ്പോള്‍ സി.പി.എം വെട്ടിലായി. എന്തിന് രാജി വയ്ക്കണമെന്ന് ആവര്‍ത്തിച്ചു ചോദിച്ചു കൊണ്ടിരുന്ന മന്ത്രി ഒടുവില്‍ രാജി വച്ചു. അപ്പോള്‍ പറഞ്ഞതാകട്ടെ ആരും നിര്‍ബന്ധിച്ചില്ല, ഞാന്‍ സ്വയം തീരുമാനിച്ചു രാജി വച്ചാതണെന്നും. കുറ്റമൊന്നും ചെയ്യാത്ത തന്നെ മാദ്ധ്യമങ്ങള്‍ കുറ്റക്കാരനാക്കിയതാണ് കാരണം.
അതിനും പിന്നാലെയാണ് സ്വപനയുടെ അടുത്ത ആക്രമണം ഉണ്ടായിരിക്കുന്നത്.

അടുത്ത കാലത്തായി സര്‍ക്കാര്‍ തൊടുന്നതെല്ലാം പാളിപ്പോകുന്നതാണ് കാണുന്നത്. ഒന്നിനു പുറകെ ഒന്നായി. എന്നിട്ടും പാഠം പഠിക്കാന്‍ കഴിയുന്നില്ല എന്നതാണ് അത്ഭുതം.

Leave a Reply

Your email address will not be published.

Previous post ശ്രീലങ്കയിൽ കലാപം അതിരുവിടുന്നു : പ്രസിഡൻ്റിൻ്റെയും പ്രധാന മന്ത്രിയുടെയും വസതികൾ കയ്യേറി പ്രതിഷേധക്കാർ
Next post ശ്രീലങ്കയിലെ പ്രതിസന്ധി; അഭയാർത്ഥി പ്രവാഹത്തിന് സാധ്യത