
തൃഷയെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് എഎൽ സൂര്യ
രണ്ട് പതിറ്റാണ്ടായി തെന്നിന്ത്യൻ സിനിമയിലെ താരറാണിയായി തമിഴ് സിനിമാ രംഗത്ത് തുടരുന്ന തൃഷയ്ക്ക് 39ാം വയസ്സിലും കൈ നിറയെ അവസരങ്ങളാണ്. കരിയറിൽ കയറ്റവും ഇറക്കവും ഒരുപോലെ കണ്ട തൃഷ പലപ്പോളും താരാഘോഷങ്ങളുടെ ഭാഗമാവാനൊന്നും തയ്യാറാവാറില്ല, തനിക്ക് നല്ല സിനിമകൾ ചെയ്യണമെന്നേയുള്ളൂ, സൂപ്പർ താരമാവേണ്ട ആവശ്യമില്ലെന്ന് തൃഷ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
പൊന്നിയിൻ സെൽവനാണ് തൃഷയുടെ കരിയർ ഗ്രാഫിൽ അടുത്തിടെ വലിയ ചലനമുണ്ടാക്കിയ സിനിമ. മണിരത്നം സംവിധാനം ചെയ്ത സിനിമയിൽ കുന്ദവി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളാണ് തൃഷ ചെയ്ത കുന്ദവി. ഏപ്രിൽ 28 ന് സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്യും.
ഐശ്വര്യ റായ്, വിക്രം, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. പൊന്നിയിൻ സെൽവന് മുമ്പ് കരിയർ ഗ്രാഫിൽ താഴ്ച വന്നിരിക്കുകയായിരുന്നു തൃഷയ്ക്ക്. എന്നാൽ പൊന്നിയിൻ സെൽവൻ നടിയെ വീണ്ടും പഴയ താരമൂല്യത്തിലേക്കെത്തിച്ചു. വിജയ്ക്കൊപ്പം വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്ന ലിയോ എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. തമിഴകത്ത് വലിയ ആരാധക വൃന്ദമാണ് തൃഷയ്ക്കുള്ളത്.
തൃഷയെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് എഎൽ സൂര്യ
തെലുങ്കിലും നിരവധി സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ടെങ്കിലും നടിക്കൊപ്പം പരാജയ കാലത്ത് പോലും ഒപ്പം നിന്നത് തമിഴകത്തെ ആരാധകരാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഒരു ‘സൈക്കോ’ ആരാധകനാണ് തൃഷയുടെ പേരിൽ തമിഴ് മാധ്യമങ്ങളിൽ നിറയുന്നത്. എഎൽ സൂര്യ എന്ന വ്യക്തിയാണ് താൻ തൃഷയുമായി പ്രണയത്തിലാണെന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് വന്നത്. താനൊരു സംവിധായകനാണെന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്.
തൃഷ വർഷങ്ങളായി താനുമായി പ്രണയത്തിലാണെന്നും തൃഷ സിനിമയിൽ അഭിനയിക്കുന്നത് തനിക്കിഷ്ടമല്ലെന്നുമായിരുന്നു എഎൽ സൂര്യ ഉന്നയിച്ച വാദം. ഇപ്പോൾ വീണ്ടും സമാന വാദവുമായെത്തിയിരിക്കുകയാണ് ഇയാൾ. തൃഷയോടുള്ള അടുപ്പത്തിന്റെ പേരിൽ നടൻ വിജയ്ക്ക് തന്നോട് അസൂയ ആണെന്ന് ഇയാൾ പറയുന്നു. തൃഷയോട് താൻ ഇടയ്ക്കിടെ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പിണക്കത്തിലാണെന്നും എഎൽ സൂര്യ പറയുന്നു.
നവംബർ മാസത്തിൽ തങ്ങളുടെ വിവാഹമാണെന്നും എഎൽ സൂര്യ അവകാശപ്പെടുന്നു. ഈ വാദങ്ങളോട് തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുവെ ഗോസിപ്പുകളോട് പ്രതികരിക്കാത്ത നടിയാണ് തൃഷ. ഇയാൾ പ്രശസ്തി മോഹിച്ച് വന്ന കാപട്യക്കാരനാണെന്നാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്ന ആരാധകർ കൂടുതലാണ്.
സൂപ്പർ സ്റ്റാർ വിജയുടെ സിനിമ റിലീസ് ചെയ്യാൻ വൈകിയതിന് ഒരു ആരാധകൻ ആത്മഹത്യ ചെയ്തത് മുമ്പൊരിക്കൽ വലിയ വാർത്തയായിരുന്നു. ശരീരത്തിൽ പച്ചകുത്തൽ, ക്ഷേത്രം പണിയൽ തുടങ്ങി പല രീതിയിൽ ആരാധകർ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നു. ഒരു തമിഴ് ആരാധകൻ തനിക്ക് വേണ്ടി ക്ഷേത്രം പണിതുവെന്നു നടി ഹണി റോസ് മുമ്പൊരിക്കൽ പറഞ്ഞിരുന്നു.
തമിഴകത്തെ സൂപ്പർ താരമായതിനാൽ തന്നെ തൃഷയ്ക്കും ഇത്തരം ആരാധകരുണ്ട്. നിലവിൽ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് തൃഷ. ലിയോ എന്ന സിനിമയുടെ ചിത്രീകരണവും നടക്കുന്നു. ഇതിന് മുമ്പ് ഇത്തരം ഗോസിപ്പുകളിൽ തൃഷ അധികം പെട്ടിട്ടില്ല. നിലവിലെ വിവാദങ്ങളോട് പ്രതികരിക്കാനും നടി തയ്യാറായിട്ടില്ല.