
തൃക്കാക്കര എം.എൽ.എയായി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: തൃക്കാക്കര എം എൽ എ ആയി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 11.30 ന് സ്പീക്കർ എം.ബി രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. കോൺഗ്രസിന്റെ നിയമസഭയിലെ ഏക വനിതാസാന്നിധ്യമാണ് ഉമ തോമസ്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. നിയമസഭാ സെക്രട്ടറി കവിത ഉണ്ണിത്താനാണ് സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്. യു.ഡി.എഫ് നേതാക്കൾ പൂച്ചെണ്ട് നൽകി ഉമ തോമസിനെ അഭിനന്ദനം അറിയിച്ചു. ഈ മാസം 27 മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉമ തോമസ് പങ്കെടുക്കും.
72767 വോട്ടുകൾ നേടിയാണ് ഉമ തോമസ് തൃക്കാക്കരയിൽ വിജയം നേടിയത്. ഒരു മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണമായിരുന്നു തൃക്കാക്കരയിൽ നടന്നത്. നിരവധി രാഷ്ട്രീയ ആരോപണങ്ങളിലൂടെ കടന്നുപോയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു തൃക്കാക്കരയിലേത്.
ഉമ തോമസിന്റെ ഭർത്താവ് കൂടിയായ അന്തരിച്ച പി.ടി തോമസ് 2021 ൽ നേടിയത് 59,839 വോട്ടുകളായിരുന്നു. അന്നത്തെ ഭൂരിപക്ഷത്തിനേക്കാൾ 12,928 വോട്ടുകൾ ഇത്തവണ കൂടിയത്. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്.