തമിഴ്നാട്ടിൽ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റുമായി ലുലു , കോയമ്പത്തൂരിൽ പുതിയ ലുലു ഹൈപ്പർമാർ‌ക്കറ്റ് തുറന്നു

തമിഴ്നാട് വ്യവസായ മന്ത്രി ടിആർബി രാജ ഉദ്ഘാടനം നിർവ്വഹിച്ചു

കേരളത്തിന്റെ അയൽസംസ്ഥാനത്ത് കൂടി പുതിയ തെഴിലവസരങ്ങൾ നൽകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ലോജിസ്റ്റിക്സ് സെന്ററുകൾ അടക്കം കൂടുതൽ പദ്ധതികൾ തമിഴ്നാടിന്റെ വിവിധ മേഖലകളിലേക്ക് വിപുലീകരിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

കോയമ്പത്തൂർ : ലുലു ഇനിമുതൽ കേരളത്തിൽ അയൽസംസ്ഥാനമായ തമിഴ്നാട്ടിലും. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ , ആധുനിക സൗകര്യങ്ങളോടെയുള്ള ഹൈപ്പർമാർക്കറ്റ് കോയമ്പത്തൂരിൽ ജനങ്ങൾക്കായി തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ തമിഴ്നാട് വ്യവസായ മന്ത്രി ടിആർബി രാജ ഉദ്ഘാടനം നിർവ്വഹിച്ചു. കോയമ്പത്തൂർ അവിനാശി റോഡിലെ ലക്ഷ്മി മിൽസ് കോമ്പൗണ്ടിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ്. ലുലു ഗ്രൂപ്പിന്റെ തമിഴ്നാട്ടിലെ ആദ്യ സംരംഭം കൂടിയാണിത്.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അബുദാബിയിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് തമിഴ്നാട് സർക്കാരുമായി ഒപ്പിട്ട ധാരണപാത്രത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ്‌ പുതിയ ഹൈപ്പർ മാർക്കറ്റ്.

” തമിഴ്നാട്ടിലേക്ക് കൂടി ലുലുവിന്റെ സേവനം ലഭ്യമാകുന്നതിൽ ഏറെ സന്തോഷമുണ്ട്, അത്യാധുനിക സൗകര്യങ്ങളോടെയുള്ള സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം കോയമ്പത്തൂരിലെ ജനങ്ങൾക്കും ലഭ്യമായിരിക്കുകയാണ്. നേരിട്ടും അല്ലാതെയും അയ്യായിരം പേർക്ക് ആദ്യഘട്ടമായി തൊഴിൽ ലഭിക്കും. പ്രാദേശിക തലത്തിൽ കൂടുതൽ യുവജനങ്ങൾക്ക് പുതിയ പദ്ധതികൾ വരുന്നതോടെ തൊഴിലവസരം ഒരുങ്ങും.

തമിഴ്നാട്ടിലെ കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിക്കായി ലോജിസ്റ്റിക്സ് സെന്ററുകളും വിവിധയിടങ്ങളിൽ യാഥാർത്ഥ്യമാക്കും” ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഉദ്ഘാടന ചടങ്ങിൽ വ്യക്തമാക്കി. ഗ്രോസറി, ഫ്രഷ് ഫുഡ്, ഗാർഹിക ഉൽപ്പന്നങ്ങൾ, ഡിപ്പാർട്ട്മെൻ്റ് സ്റ്റോർ, ഇലക്ട്രോണിക്സ് എന്നിവയുടെ വിശാലമായ വിവിധ സെക്ഷനുകൾ ഹൈപ്പർമാർക്കറ്റിലുണ്ട്.

തമിഴ്നാട്ടിൽ നിന്നുള്ള പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക വിഭാഗവും സജ്ജമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ കാർഷിക മേഖലകളിൽ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാൽ ഉത്പന്നങ്ങൾ എന്നിവ ലുലു ഹൈപ്പർമാർ‌ക്കറ്റിൽ ഉറപ്പാക്കിയിട്ടുണ്ട്. വീട്ടുപകരണങ്ങൾ, മറ്റ്‌ ആവശ്യവസ്തുക്കൾ, ഇലക്ട്രോണിക്സ്, ബ്യൂട്ടി പ്രോഡക്ടസ് മുതൽ ഏറ്റവും രുചികരമായ ഹോട്ട് ഫുഡ്‌, ബേക്കറി തുടങ്ങിയവ ഒരേ കുടക്കീഴിൽ അണിനിരത്തിയാണ് കോയമ്പത്തൂർ ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങിയിരിക്കുന്നത്.

ഇറക്കുമതി ചെയ്ത ഏറ്റവും മികച്ച ലോകോത്തര ഭക്ഷ്യ വസ്തുക്കളുടെ കേന്ദ്രവും ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ബ്രാൻഡഡ് ഉൽപന്നങ്ങളും മികച്ച വിലയിൽ ലഭ്യമാണ്. തമിഴ്നാട്ടിലെ ഏറ്റവും മികച്ച ഷോപ്പിംഗ് സാധ്യതയാണ് ഇതിലൂടെ തുറക്കുന്നത്.

തമിഴ്നാട്ടിൽ 3,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ലുലു ഗ്രൂപ്പ്‌ തമിഴ്നാട് സർക്കാരുമായി ധാരണയിൽ എത്തിയിരുന്നത്. ഫുഡ് സോഴ്സിങ്ങ് യൂണിറ്റ്, ലോജിസ്റ്റിക്സ് ഹബ്ബ് അടക്കം തമിഴ്നാട്ടിലെ വിവിധ മേഖലകളിൽ ആരംഭിക്കാനുള്ള പദ്ധതികൾ സജീവമാണ്. ചെന്നൈയിൽ തുടങ്ങുന്ന ലുലു മാളിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത് തന്നെ ആരംഭിക്കും. സേലം, ഈറോഡ്, ഹൊസൂർ അടക്കം വിവിധ പ്രദേശങ്ങളിൽ പുതിയ പദ്ധതികൾ വിപുലീകരിക്കും.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടി ഡയറക്ടർ എം.എ. അഷറഫ് അലി, ലുലു ഇന്ത്യ ആൻഡ് ഒമാൻ ഡയറക്ടർ എ.വി. ആനന്ദ്, ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, ലുലു ഇന്ത്യ സിഇഒ എം.എ നിഷാദ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ്പ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ ഉൾപ്പെടെ നിരവധി പ്രമുഖരും ചടങ്ങിൽ സന്നിഹിതരായി.

Leave a Reply

Your email address will not be published.

Previous post സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമനത്തില്‍ ഇളവ്
Next post കലിക്കറ്റ് സർവ്വകലാശാലാ സെനറ്റ് : SFI ക്ക് വൻ ജയം