ടൈറ്റില്‍: KSRTC എം.ഡി ബിജു പ്രഭാകറിനെ തൊട്ടുപോകരുതെന്ന് മുഖ്യമന്ത്രി (എക്‌സ്‌ക്ലൂസീവ്)

ബ്രീഫ്: പുലിപോലെ പോയ യൂണിയന്‍കാര്‍ എലിപോലെ മടങ്ങി, എം.ഡിയെ മാറ്റാന്‍ ഗതാഗത മന്ത്രി പറയണം

എ.എസ്. അജയ്‌ദേവ്

കെ.എസ്.ആര്‍.ടി.സിയെയും തൊഴിലാളികളെയും രണ്ടുതട്ടില്‍ നിര്‍ത്തി വെടക്കാക്കി തനിക്കാക്കി ഭരിക്കുന്ന എം.ഡി ബിജു പ്രഭാകറിനെ തൊടാന്‍ ഇനിയാര്‍ക്കും കഴിയില്ല. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ സമ്മതമില്ലാതെ മുഖ്യമന്ത്രിക്കു പോലും ബിജു പ്രഭാകറിനെ മാറ്റുന്ന കാര്യം തീരുമാനിക്കാനാവില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയിലെ ഇടതനുകൂല സംഘടനകള്‍ക്ക് ലഭിച്ച മറുപടി. ആന്റണി രാജുവും ബിജു പ്രഭാകറും സംയുക്തമായി കെ.എസ്.ആര്‍.ടി.സിയിലെ കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് അവിടെ തലയിട്ടു നോക്കാന്‍ കഴിയില്ലെന്നു സാരം. പുലിപോലെ വന്ന യൂണിയന്‍കാരും തൊഴിലാളി സംഘടനാ നേതാക്കന്‍മാരും കാര്യമറിഞ്ഞതോടെ എലിപോലെ പോയെന്നാണ് കേള്‍ക്കുന്നത്.

എന്തിനു വേണ്ടിയാണോ ബിജു പ്രഭാകറിനെ കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് കൊണ്ടുവന്നത്, അത് നടപ്പിലാക്കിയല്ലാതെ മടക്കമുണ്ടാകില്ല. കെ.എസ്.ആര്‍.ടി.സിയുടെയും ജീവനക്കാരുടെയും മരണമണി മുഴങ്ങാന്‍ ഇനി അധിക കാലമില്ല. സ്വകാര്യ കുത്തകകള്‍ സര്‍ക്കാര്‍ സമ്മതത്തോടെ കേരളത്തിന്റെ പൊതു ഗതാഗത സംവിധാനത്തില്‍ സ്ഥാനമുറപ്പിക്കാനുള്ള അച്ചാരം വാങ്ങള്‍ ചടങ്ങുകളുടെ അവസനാ നാളുകളാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പേ ബിജു പ്രഭാകറിനെ പുകച്ചു പുറത്തു ചാടിക്കാന്‍ ഇടതനുകൂല സംഘടനകളുടെ സംയുക്ത നീക്കങ്ങള്‍ നടന്നിരുന്നു. ഈ നീക്കം ഫലം കാണുമെന്നു തന്നെയായിരുന്നു ജീവനക്കാരും കരുതിയിരുന്നത്. മുഖ്യമന്ത്രിയുടെ മുന്നില്‍ ഇടതുപക്ഷ മുന്നണിയിലെ പ്രധാന നേതാവ് തന്നെയാണ് ഇക്കാര്യം അവതരിപ്പിച്ചതും. എന്നാല്‍, ഗതാഗതമന്ത്രി പറയാതെ അദ്ദേഹത്തിന്റെ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ മാറ്റാനാകില്ലെന്നും, ഗതാഗതമന്ത്രിയുടെ കൂടി അനുമതി വാങ്ങിയിട്ടു വരാനുമായിരുന്നു മുഖ്യമന്ത്രി നേതാക്കളോട് പറഞ്ഞത്.

ഒരു കമ്പനിയില്‍ കച്ചവടം നടത്തി, ലാഭം ഒരുപോലെ പങ്കിടുന്ന രണ്ടുപേര്‍, എങ്ങനെ പരസ്പരം വേണ്ടെന്ന് പറയുക. അതുപോലെയാണ് ഗതാഗത മന്ത്രിയും എം.ഡിയും. കെ.എസ്.ആര്‍.ടി.സി എന്നത് പലര്‍ക്കും കറവ പശുവാണ്. അതിനെ അറവുകാര്‍ക്ക് വില്‍ക്കുന്നതു വരെ ഊറ്റിയെടുക്കുക എന്നതിനപ്പുറം മറ്റൊന്നുമില്ല. മെയ്മാസം ബിജു പ്രഭാകറിനെ പുറത്തു ചാടിക്കുമെന്ന് ശപഥമെടുത്ത യൂണിയന്‍കാരൊക്കെ ജീവനക്കാരോടു പറയാനുള്ള ക്യാപ്‌സ്യൂള്‍ തയ്യാറാക്കുന്ന തിരക്കിലാണ്. അച്ഛന്‍ തച്ചടി പ്രഭാകരന്റെ വഴിയേ ബിജു പ്രഭാകറിന്റെ നടത്തം തിരിച്ചറിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ ജാള്യതയും നാണക്കേടും കെ.എസ്.ആര്‍.ടി.സിയിലെ ഇടതനുകൂല സംഘടനകള്‍ക്കുണ്ട്. തലയില്‍ മുണ്ടിട്ട് ഇറങ്ങേണ്ട ഗതികേടാണെങ്കിലും ക്യാപ്‌സ്യൂള്‍ ന്യായീകരണങ്ങള്‍ പറഞ്ഞ് പിടിച്ചു നില്‍ക്കുകയാണിവര്‍. നാണം കെട്ടാലും നാണമില്ലാത്ത ഭാഷ പറയാനും നാറി നാറി നടക്കാനും ഇത്തരക്കാര്‍ക്ക് ഭയങ്കര കഴിവാണ്.

വര്‍ഗ സ്‌നേഹമെന്താണെന്ന് പഠിക്കാതെ വര്‍ഗ ബഹുജന സംഘടനകളുടെ നേതൃനിരയിലിരുന്ന് തൊഴിലാളികളെ വിറ്റു തിന്നുന്നവന്‍മാരോട് തൊഴിലാാളികള്‍ പറയുന്ന ഒരു കാര്യമുണ്ട്. ഒരു എം.ഡിയെ മാറ്റാന്‍ നിങ്ങള്‍ക്കു സാധിച്ചില്ലെങ്കില്‍, യൂണിയന്‍ പ്രവര്‍ത്തനം നിര്‍ത്തി കുടുംബത്തിലിരിക്കണം. അല്ലെങ്കില്‍ ഇടതുപക്ഷ മുന്നിണിയുടെ ഭാഗമായിരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് കാട്ടി കത്തു നല്‍കണം. കെ.എസ്.ആര്‍.ടി.സിയിലെ രാഷ്ട്രീയ മുന്നണിയുമായുള്ള അഫിലിയേഷന്‍ പുതുക്കരുത്. തന്റേടമുണ്ടോ, നേതാക്കളേ നിങ്ങള്‍ക്ക്. സംഘടനകളില്‍ വിശ്വാസം നഷ്ടപ്പെട്ട തൊഴിലാളികള്‍ ഇങ്ങനെ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രഹസ്യമായി കുപ്പായം തുന്നുന്നബിജു പ്രഭാകറിന്റെ തനി നിറമെന്തെന്ന് തിരിച്ചറിഞ്ഞവരാണ് യൂണിയനും, സര്‍ക്കാരും നേതാക്കളും. യു.ഡി.എഫ് ടിക്കറ്റില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് കേട്ടാല്‍ ആദ്യമൊന്നു വിശ്വസിക്കാന്‍ പാടായിരിക്കും. പക്ഷെ, സത്യം ഇതാണെന്ന് കെ.എസ്.ആര്‍.ടി.സിയിലെ ഇടതനുകൂല സംഘടനയില്‍പ്പെട്ടവര്‍ക്ക് നന്നായറിയാം. എങ്കിലും അവര്‍ക്കിപ്പോഴും എത്തും പിടിയും കിട്ടാത്ത കാര്യമാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍. തോളിലിരുന്ന് ചെവി കടിച്ചിട്ടും മുഖ്യമന്ത്രിയോ ഇതുമുന്നണിയോ ബിജുപ്രഭാകറിനെ എം.ഡി പദത്തില്‍ നിന്നിറക്കി വിടാന്‍ തയ്യാറാകാതിരിക്കുന്നതിന്റെ രാഷ്ട്രീയമാണ് പിടികിട്ടാത്തത്.

കേരളത്തിലെ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ ഒരു വിവാദപ്രസ്താവനയുണ്ട്. ആര്‍.എസ്.എസ്സിന്റെ വിടുപണിക്കാരനാണ് ടി,.പി.സെന്‍കുമാറെന്നും ബി.ജെ.പി പാളയത്തിലേക്ക് പോകാനൊരുങ്ങുകയാണെന്നും, അത് വഴിയേ മനസ്സിലായിക്കൊളളുമെന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്. പിന്നീട് കേരളം കണ്ടതും മനസ്സിലാക്കിയതും അതു തന്നെയായിരുന്നു. അങ്ങനെയൊരു നീക്കം ബിജു പ്രഭാകറിന്റെ കാര്യത്തിലും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നവരെല്ലാം അടികിട്ടിയതുപോലെയായി. എന്തായാലും കെ.എസ്.ആര്‍.ടിസിയോട് കൂറുപുലര്‍ത്തുന്ന തൊഴിലാളികളെ കണ്ടെത്തകാന്‍ ഇനി കഴിയില്ല. ഒരു സ്വകാര്യ-സര്‍ക്കാര്‍ സംയുക്ത സംരംഭമെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സിയെ മാറ്റിയെടുക്കുന്നതില്‍ ബിജുപ്രഭാകര്‍ ആത്മാര്‍ത്ഥമായി പണിയെടുക്കുന്നുണ്ട്.

കെ.എസ്.ആര്‍.ടി.സി എന്ന സര്‍ക്കാര്‍ സംവിധാനത്തില്‍ തൊഴിലാളികളെ അടിമകള്‍ എന്ന നിലയിലേക്ക് മാറ്റിയെടുക്കാന്‍ കാലങ്ങളെടുത്തു. നിലവില്‍ കെ.എസ്.ആര്‍.ടി.സിയും തൊഴിലാളികളും രണ്ടും രണ്ടാണ്. തൊഴിലാളികളെ ഏതു രീതിയില്‍ വേണമെങ്കിലും ഉപയോഗിക്കാനും കെ.എസ്.ആര്‍.ടിസിയെ ഏതു തരത്തില്‍ വേണമെങ്കിലും മാറ്റാനുമാകും വിധമാക്കിക്കഴിഞ്ഞു. അതായത്, കെ.എസ്.ആര്‍.ടി.സിയില്‍ സ്വകാര്യ പങ്കാളിത്തമോ, സര്‍ക്കാര്‍-സ്വകാര്യ സംയുക്ത സംരംഭമോ, പൂര്‍ണ്ണമായും സ്വകാര്യ വത്ക്കരണമോ, കെ.എസ്.ആര്‍.ടി.സി വാടകയ്ക്കെടുക്കുന്ന വാഹനങ്ങളും- അതോടിക്കാന്‍ പുറത്തു നിന്നുള്ള ജീവനക്കാരുമെന്ന സംവിധാനമോ, സ്ഥിരം ജീവനക്കാരെന്ന ബാധ്യത പൂര്‍ണ്ണമായി ഒഴിവാക്കലോ തുടങ്ങി ഏതു പദ്ധതിയും നടപ്പാക്കാന്‍ പാകത്തിന് ആക്കിയിട്ടുണ്ട്. ബിജുപ്രഭാകറിന്റെ നിരന്തര പരിശ്രമത്തിന്റെ വിജയമാണിത്. മുഖ്യമന്ത്രിയുടെ മൗനാനുവാദവും, യൂണിയനുകളുടെ അകമഴിഞ്ഞ സഹകരണവും ബിജു പ്രഭകറിന് ലഭിച്ചിട്ടുണ്ടെന്നുറപ്പാണ്.

എന്നാല്‍, ഇടതുമുന്നണിയിലെ ചിലര്‍ നോട്ടമിട്ടതോടെ പാളയം സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ബിജുപ്രഭാകറിനുണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സിയെ സ്വകാര്യവത്ക്കരിക്കുന്നത് നല്ലകാര്യമാണെങ്കിലും രാഷ്ട്രീയമായി എതിര്‍ ചേരിയിലേക്ക് കണ്ണും നട്ടിരിക്കുന്ന ആളോട് ഒരു ദാക്ഷണ്യവും മുഖ്യമന്ത്രി കാട്ടില്ലെന്നായിരുന്നു ഇടതനുകൂലികള്‍ കരുതിയിരുന്നത്. എന്നാല്‍, ഇവരുടെ ഇടതു വിശ്വാസത്തിനും തൊഴിലാളി മനസ്സിനും ഒരു പോലെ മുഖമടച്ചുള്ള പ്രഹരമാണ് മുഖ്യമന്ത്രിയില്‍ നിന്നു കിട്ടിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയിലെ കാര്യങ്ങളെല്ലാം ഗതാഗതമന്ത്രി ആന്റണി രാജുവും എം.ഡി ബിജു പ്രഭാകറും നോക്കിക്കൊള്ളുമെന്ന് മുഖ്യമന്ത്രി തന്നെ പറയുമ്പോള്‍ സങ്കടം പറയാന്‍ പോയവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

തൊഴിലാളികളുടെ ആവശ്യങ്ങളോ ശമ്പളമോ പെന്‍ഷനോ കൃത്യമായി നല്‍കാതെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന എം.ഡിയുമായി ഇനിയൊരു ഒത്തു തീര്‍പ്പുവേണ്ടെന്നു വിചാരിക്കുന്ന തൊഴിലാളികള്‍ ശരിക്കും ഒറ്റപ്പെട്ടിരിക്കുകയാണ്. സി.പി.ഐ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യം കൂടിയായ ബിജു പ്രഭാകറിന്റെ ക്യാപിറ്റല്‍ പണിഷ്മെന്റ് എന്നത്. സി.ഐ.ടി.യുവും, ബി.എം.എസ്സും എം.ഡി.ക്കെതിരേ ശക്തമായ നിലപാട് എടുക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടായിരുന്നു. ഏതു സാഹചര്യത്തിലും കെ.എസ്.ആര്‍.ടി.സി തൊഴിലാളികളെ സംരക്ഷിക്കുമെന്നും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദന്‍ എത്ര വട്ടമാണ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനൊന്നും വശംവദനാകാതെ മുഖ്യമന്ത്രി കെ.എസ്.ആര്‍.ടി.സി എം.ഡിയോടൊപ്പം അടിയുറച്ചു നില്‍ക്കുന്നതാണ് പ്രധാന പ്രശ്നം.

Leave a Reply

Your email address will not be published.

Previous post കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലെടുക്കുന്നവരുടെ ഐക്യം ശക്തിപ്പെടണം ഇ.പി.ജയരാജന്‍
Next post ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും അറസ്റ്റില്‍