
ടീ ഷര്‍ട്ട് വിവാദത്തില്‍ രാഹുലിനെ പിന്തുണച്ച് മഹുവ മൊയ്ത്ര
ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ധരിച്ച ടീ ഷര്‍ട്ടിന്റെ വില ചൂണ്ടിക്കാട്ടി ബിജെപി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിക്കുന്ന ബിജെപി അതിരുകടക്കുകയാണെന്നായിരുന്നു മഹുവയുടെ വിമര്‍ശനം. ബാഗിന്റേയും ടീഷര്‍ട്ടിന്റേയും വിലയെക്കുറിച്ച് മറന്നേക്കൂവെന്നും ഇന്ത്യക്കാര്‍ മുഴുവന്‍ കാക്കി ഷോര്‍ട്ട്സിന്റേയും വില ഒടുക്കുന്ന തിരക്കിലാണ് ഇപ്പോഴെന്നും ട്വിറ്ററിലൂടെ മഹുവ പരിഹസിച്ചു.
പ്രതിപക്ഷ അംഗങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ബിജെപി അനാവശ്യമായ അഭിപ്രായങ്ങള്‍ പറയരുതെന്ന് മഹുവ ഓര്‍മിപ്പിച്ചു. ബിജെപി എംപിമാരുടെ വാച്ചുകള്‍, പേനകള്‍, ഷൂസുകള്‍, മോതിരങ്ങള്‍, വസ്ത്രങ്ങള്‍ മുതലായവയെക്കുറിച്ച് തങ്ങള്‍ പറഞ്ഞുതുടങ്ങിയാല്‍ ഈ കളി ആരംഭിച്ചതോര്‍ത്ത് ബിജെപിക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്നും മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
നാല്പത്തി ഒന്നായിരത്തിലേറെ രൂപ വിലവരുന്ന ടീ ഷര്‍ട്ട് ആണ് രാഹുല്‍ ധരിച്ചിരിക്കുന്നത് എന്ന് ആരോപിച്ച് ‘ ഭാരതം നോക്കൂ ‘ എന്ന തലക്കെട്ടോടെയായിരുന്നു രാഹുല്‍ ഗാന്ധിക്കുനേരെ ബിജെപിയുടെ പരിഹാസം. ടീഷര്‍ട്ട് ധരിച്ച രാഹുലിന്റെ ചിത്രവും, ഓണ്‍ലൈന്‍ സ്റ്റോറില്‍ വില കാണിക്കുന്ന ടീഷര്‍ട്ടിന്റെ ചിത്രവും സഹിതമാണ് ബിജെപി യുടെ ആരോപണം. ഭാരത് ദേഖോ എന്ന പേരില്‍ ക്യാമ്പയിനും ബിജെപി ആരംഭിച്ചു. നരേന്ദ്രമോദിയുടെ കോട്ടിനെതിരെ രാഹുല്‍ ഗാന്ധിനടത്തിയ സ്യൂട്ട് ബൂട്ട് ക സര്‍ക്കാര്‍ ആരോപണമടക്കം ബിജെപി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.