
ജെന്‍റര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല : വി ശിവൻകുട്ടി
തിരുവനന്തപുരം; ജെന്‍റര്‍ ന്യൂട്രല്‍ യൂണിഫോം ഒരു സ്കൂളിലും അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇത് നടപ്പിലാക്കണമെന്ന് സര്‍ക്കാരിന് ഒരു നിര്‍ബന്ധവും ഇല്ലെന്നും മന്ത്രി പറഞ്ഞു.
ജെന്‍റര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം മുസ്ലിം സംഘടനകള്‍ കോഴിക്കോട് യോഗം ചേര്‍ന്നിരുന്നു. ഇതിനെതിരെ ബോധവത്കരണ കാമ്പയിന് സംഘടിപ്പിക്കുമെന്ന് സമസ്ത വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിഷയത്തില്‍ സര്‍ക്കാര്‍ വീണ്ടും നിലപാട് വ്യക്തമാക്കിയത്.
വിദ്യാലയങ്ങളിലെ ലിംഗ സമത്വ വിഷയത്തില്‍ സമുദായത്തെ ബോധവല്‍ക്കരിക്കാന്‍ മുസ്ലീം ലീഗ് കോഴിക്കോട് വിളിച്ചു ചേര്‍ത്ത മുസ്ലീം സംഘടനകളുടെ യോഗം തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിനെ ആശങ്ക അറിയിക്കാനും തീരുമാനമെടുത്തിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ പ്രതികരണം വരും മുന്പ് പള്ളികളിലൂടെ വിശ്വാസികളെ ബോധവത്കരിക്കാനുള്ള നടപടികളിലേക്ക് സമസ്ത കടക്കുകയാണ്. വെള്ളിയാഴ്ച ജുമു ആ നിസ്കാരത്തിനു ശേഷം നടക്കുന്ന പ്രഭാഷണത്തില്‍ ലിംഗ സമത്വ യൂണിഫോം വിഷയം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കും.