
ജൂലൈ 26; കാര്‍ഗില്‍ വിജയ ദിവസം
ഇന്ത്യ-പാക് പോരാട്ട ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എന്നു വിശേഷിപ്പിക്കാവുന്ന കാര്‍ഗ്ഗില്‍ വിജയം സംഭവിച്ചിട്ട് 23 വര്‍ഷം. കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയതിന്റെ ഓര്‍മ പുതുക്കല്‍ മാത്രമല്ല കാര്‍ഗില്‍ ദിനം, ഈ വിജയത്തിന് പകരം ജീവന്‍ കൊടുത്ത നമ്മുടെ ധീര യോദ്ധാക്കളുടെ ഓര്‍മ്മദിനം കൂടിയാണ് കാര്‍ഗില്‍ ദിനമായി ആചരിക്കുന്ന ജൂലൈ 26. ഈ പോരാട്ടത്തില്‍ അഞ്ഞൂറോളം ധീരയോദ്ധാക്കളെയാണ് രാജ്യത്തിന് നഷ്ടമായത്. സത്യത്തില്‍ കാര്‍ഗില്‍ ദിനം ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചും പാക്കിസ്ഥാന്‍ എന്ന അയല്‍രാജ്യത്തിന്റെ ചതിയുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. കാരണം, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മെച്ചപ്പെട്ടുകൊണ്ടിരിന്ന സമയമാണ് പാക്കിസ്ഥാന്‍ ഈ ആസൂത്രിത നീക്കം നടത്തിയത്.
കനത്ത മഞ്ഞുവീഴ്ചയുള്ള സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത് അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്ക് ഇരുവശത്തു നിന്നും ഇന്ത്യയുടെയും പാക്കിസ്ഥാനിന്റെയും സൈന്യം പിന്‍വാങ്ങാറുണ്ട്.
അങ്ങനെ അതിശൈത്യത്തെ തുടര്‍ന്ന് പലഭാഗത്തുനിന്നും സൈനികരെ ഇന്ത്യ പിന്‍വലിച്ച തക്കം നോക്കിയായിരുന്നു 1998 ഒക്ടോബറില്‍ കാര്‍ഗില്‍ മലനിരകളിലേക്ക് പാക്കിസ്ഥാന്‍ സൈന്യം നുഴഞ്ഞുകയറിയത്. ഏതാണ്ട് ഏഴുമാസത്തിനു ശേഷമാണ് ഈ നുഴഞ്ഞുകയറ്റം ഇന്ത്യ മനസ്സിലാക്കിയത്. തന്ത്ര പ്രധാനമായ പല പാതകളും പാക്കിസ്ഥാന്‍ സൈന്യം കയ്യേറിയിരുന്നു. പിന്നെ ഏകദേശം രണ്ടര മാസം നീണ്ട യുദ്ധം. പാക് സൈന്യത്തെയും ഭീകരരെയും തുരത്താനായി ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ വിജയ് ആരംഭിച്ചു. കരസേനക്കൊപ്പം അര്‍ദ്ധ സൈനിക വിഭാഗവും വ്യോമസേനയും ആക്രമണത്തില്‍ പങ്കുചേര്‍ന്നു. 1999 മെയ് എട്ടു മുതല്‍ ജൂലൈ 26 വരെയായിരുന്നു കാര്‍ഗില്‍ യുദ്ധം. 1999 ജൂലൈ 14 ന് ഓപ്പറേഷന്‍ വിജയ് വിജയകരമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്പയ് പ്രഖ്യാപിച്ചു. 1999 ജൂലൈ 26 ന് ഇന്ത്യ കാര്‍ഗില്‍ മലനിരകള്‍ തിരികെ പിടിച്ചു. കാര്‍ഗിലില്‍ വീരചരമം പ്രാപിച്ച ധീര ജവാന്‍മാരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു