ജമ്മുവില്‍ പിടിയിലായ ലഷ്‌കറെ ഭീകരന്‍ ബിജെപി നേതാവ്

കാശ്മീർ: ജമ്മുവില്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച ലഷ്‌കറെ ഭീകരന്റെ ബിജെപി ബന്ധം പുറത്ത്. ജമ്മുവിലെ ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ഐടി– സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജായ താലിബ് ഹുസൈന്‍ ഷായെയും കൂട്ടാളിയെയുമാണ് ആയുധം സഹിതം പിടികൂടിയത്.ഇവരില്‍നിന്ന് രണ്ട് എകെ47 റൈഫിളും ഗ്രനേഡുകളും മറ്റ് വെടിക്കോപ്പുകളും പിടിച്ചെടുത്തു.

ഞായര്‍ രാവിലെ ജമ്മുവിലെ റിയാസി മേഖലയില്‍ നിന്നാണ് താലിബിനെ നാട്ടുകാർ പിടികൂടിയത്. രജൗരിയില്‍ ഒരാളെ കൊലപ്പെടുത്തിയതിലും രണ്ട് സ്‌ഫോടനം ആസൂത്രണം ചെയ്തതിലും ഇയാള്‍ പങ്കാളിയാണെന്ന് പൊലീസ് പറഞ്ഞു. അമര്‍നാഥ് യാത്രികരെ ആക്രമിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു.

മെയ് ഒമ്പതിനാണ് താലിബിനെ ജമ്മു മേഖലയുടെ ഐടി-സോഷ്യല്‍ മീഡിയാ തലവനായി ബിജെപി നിയമിച്ചത്.എന്നാൽ അതിനുമുമ്പും ജമ്മുവിലെ ബിജെപി പരിപാടികളില്‍ സജീവമായിരുന്നു. നേതാക്കളുമായും അടുത്തബന്ധമുണ്ട്. ബിജെപി ജമ്മുകശ്മീര്‍ പ്രസിഡന്റ് രവീന്ദ്ര റെയ്‌നയടക്കം നിരവധി മുതിര്‍ന്ന നേതാക്കളുമായി താലിബ് സൗഹൃദം പങ്കിടുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.

അതേസമയം, ഓണ്‍ലൈന്‍ അംഗത്വം വഴി കുഴപ്പക്കാര്‍ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കുകയാണെന്ന് ബിജെപി ജമ്മു വക്താവ് ആര്‍ എസ് പത്താനിയ പ്രതികരിച്ചു. ഭീകരനെ പിടികൂടിയ നാട്ടുകാര്‍ക്ക് പൊലീസ് രണ്ടുലക്ഷം രൂപയും ലെഫ്. ഗവര്‍ണര്‍ അഞ്ചുലക്ഷവും പാരിതോഷികം പ്രഖ്യാപിച്ചു. ഒരു മാസത്തിലേറെയായി താലിബ് നിരീക്ഷണത്തിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ പ്രവാചകനിന്ദയുടെ പേരില്‍ ഉദയ്പുരില്‍ കനയ്യലാലിനെ കൊലപ്പെടുത്തിയവരുടെ സംഘപരിവാര്‍ ബന്ധവും പുറത്തായിരുന്നു.

Leave a Reply

Your email address will not be published.

Previous post എ കെ ജി സെന്‍റര്‍ ആക്രമണം: സഭ നിര്‍ത്തി വച്ച് അടിന്തരപ്രമേയം ചര്‍ച്ച ചെയ്യും
Next post ഗ്യാൻവാപി കേസ് : വാരണാസി ജില്ലാ കോടതിയിൽ ഇന്ന് വിചാരണ പുനരാരംഭിക്കും