
ജനപങ്കാളിത്തതോടെ ഡീജിറ്റൽ സർവെ പൂർത്തിയാക്കാൻ സർവെ സഭകൾ നടത്തുമെന്ന് മന്ത്രി കെ. രാജൻ
ഭൂമിസംബന്ധമായ സേവനങ്ങൾ പൊതുജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള നടപടികളിലാണ് റവന്യുവകുപ്പ്. ആധുനിക വിവര വിനിമയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഭൂരേഖകൾ വളരെ വേഗത്തിൽ സുതാര്യമായ രീതിയിൽ നൽകുന്നത് ലക്ഷ്യമിട്ടാണ് വകുപ്പ് ഡിജിറ്റൽ സർവെ നടപ്പാക്കുന്നത്.
ഡിജിറ്റൽ റീസർവെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് മുഖ്യമന്ത്രി ഔപചാരികമായി നിർവഹിക്കും. ആദ്യഘട്ടത്തിൽ ഒരേ സമയം 200 വില്ലേജുകളിലാകും റീസർവെ നടക്കുക. മൂന്ന് വർഷവും എട്ട് മാസവും കൊണ്ട് സംസ്ഥാനത്താകെ ഡിജിറ്റൽ റീസർവെ പൂർത്തീകരിക്കാനാണ് സർവെ വകുപ്പ് ഉദ്ദേശിക്കുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. റവന്യു-സർവെ-തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സംയുക്ത യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സുതാര്യവും പരാതിരഹിതവുമായി ഡിജിറ്റൽ സർവെ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജനപങ്കാളിത്തം ഉറപ്പാക്കിയിട്ടുള്ള പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്. ഭൂവുടമകളായ മുഴുവൻ പേരുടെയും സഹകരണത്തോട് കൂടി മാത്രമേ ഡിജിറ്റൽ സർവ്വെ പൂർത്തിയാക്കുന്നതിന് സാധിക്കുകയുള്ളു. ഗ്രാമസഭകളുടെ മാതൃകയിൽ വാർഡ് തലത്തിൽ സർവെ സഭകൾ രൂപീകരിച്ച് ഡിജിറ്റൽ സർവെയുടെ ലക്ഷ്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.