
‘ജനങ്ങളെ വിഡ്ഢികളാക്കുന്നു’; ബജറ്റ് അവതരണ ദിവസം ചെവിയില്‍ പൂവെച്ചെത്തി കോണ്‍ഗ്രസ് എം എൽ എ മാർ
കര്‍ണാടകയില്‍ ബജറ്റവതരണ ദിവസത്തില്‍ ചെവിയില്‍ പൂവ് വെച്ച് സഭയിലെത്തി കോണ്‍ഗ്രസ് എം.എല്‍.എമാര്‍. കഴിഞ്ഞ ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാതെ സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കിയെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പ്രതിഷേധവുമായെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിലവിലെ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണമാണ് വെള്ളിയാഴ്ചത്തേത്.
ചെവിയില്‍ പൂവുമായെത്തിയ എം.എല്‍.എമാര്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പേ തന്നെ പ്രതിഷേധം ആരംഭിച്ചു. ജനങ്ങളെ വിഡ്ഢികളാക്കാനുള്ള മറ്റൊരു ബജറ്റ് മാത്രമാണ് മുഖ്യമന്ത്രി അവതരിപ്പിക്കാന്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആരോപിച്ചു. പുതിയ ബജറ്റില്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രഖ്യാപനങ്ങളും സര്‍ക്കാര്‍ നടപ്പാക്കില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ രണ്ടാമത്തെ പൊതുബജറ്റാണിത്.
മുന്‍ ബജറ്റുകള്‍ക്ക് പുറമെ 2018-ല്‍ തിരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ബി.ജെ.പി. നടപ്പാക്കിയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബജറ്റ് അവതരണത്തിന് മുമ്പ് പ്രതിഷേധമറിയിച്ച കോണ്‍ഗ്രസ് അംഗങ്ങളോട് സഹകരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം തുടര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്നീട് ബജറ്റ് അവതരണവുമായി സഹകരിച്ചു.