
ഛത്രപതി ശിവജിയായി അക്ഷയ് കുമാർ
മഹാമാരിക്കാലം ഏല്‍പ്പിച്ച വലിയ ആഘാതത്തില്‍ നിന്ന് വിവിധ ഭാഷാ ചിത്രങ്ങൾ കരകയറി ബഹുദൂരം മുന്നിലെത്തിയിട്ടും അതിനു കഴിയാത്ത ഒരു മേഖല ബോളിവുഡ് മാത്രമായിരുന്നു. ബിഗ് ബജറ്റ്, മുൻനിര നായക ചിത്രങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് വൻ പരാജയമാണ് ബോക്സ് ഓഫീസിൽ നേരിടേണ്ടി വന്നത്. എന്നാൽ ദൃശ്യം 2 വിന്റെ ഹിന്ദി പതിപ്പ് എത്തിയതോടെ ബോളിവുഡിന് വൻ ആശ്വാസമായി. തിരിച്ചുവരവിന് ഒരുങ്ങുന്ന ബോളിവുഡിലെ പുതിയ ചർച്ചാ വിഷയം അക്ഷയ് കുമാർ നായകനായി എത്തുന്ന ‘വേദാന്ത് മറാത്തേ വീര്‍ ദൗദലേ സാത്ത്’ എന്ന ചിത്രമാണ്.
അക്ഷയ് കുമാര്‍ വീണ്ടും ചരിത്ര കഥാപാത്രമായി വെള്ളിത്തിരയിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഛത്രപതി ശിവജി മഹാരാജിനെയാണ് ഇക്കുറി അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്കിന് പിന്നാലെ ചർച്ചകൾ സജീവമാകുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ അക്ഷയ് കുമാർ ചിത്രങ്ങളുടെ ദയനീയ പരാജയങ്ങൾ ആണ് അതിന് കാരണം.