
ചോര ചിതറി പാളം; ദുരന്തത്തിൽ വിറങ്ങലിച്ച് രക്ഷപ്പെട്ടവർ
പ്രധാനമന്ത്രി ഒഡിഷ ട്രെയിൻ ദുരന്ത സ്ഥലത്തേക്ക്
ചോര ചിതറിക്കിടക്കുന്ന ട്രാക്കുകൾ, ബോഗിക്കടിയിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യർ. ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിനപകടത്തിന്റെ ഭീകരത വെളിപ്പെടുത്തി രക്ഷപ്പെട്ട യാത്രികർ. 230-ൽ അധികം പേരുടെ ജീവനെടുത്ത വൻ ദുരന്തത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരാണ് കൺമുന്നിൽ കണ്ട ദുരന്തത്തിൻറെ അനുഭവങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചത്.

‘ട്രെയിൻ ആകക്കൂടി ഒരു വലിയ കുലുക്കമായിരുന്നു. ബോഗി മറിഞ്ഞുവീഴുന്നതായി തനിക്കു തോന്നി.’ സംഭവസമയം ബാത്ത്റൂമിലായിരുന്ന ബിഹാറിൽനിന്നുള്ള സഞ്ജയ് മുഖിയ എന്ന യാത്രക്കാരൻ തന്റെ അനുഭവം വിവരിക്കുന്നു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് അതിസാഹസികമായാണ് സഞ്ജയിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയത്.
‘ട്രെയിൻ അപകടത്തിൽപ്പെടുമ്പോൾ ഞാൻ നല്ല ഉറക്കിലായിരുന്നു. പത്തുപതിനഞ്ചുപേർ തന്റെ മേൽ പൊടുന്നനെ വന്നുവീണു. പുറത്തിറങ്ങി നോക്കുമ്പോൾ ചുറ്റും കൈകാലുകളൊക്കെ ചിതറിക്കിടക്കുന്നു. ചിലയാളുകളുടെ മുഖം അങ്ങേയറ്റം വികൃതമായിരുന്നു’, മറ്റൊരു യാത്രക്കാരൻ നടുക്കുന്ന ഓർമ പങ്കുവെക്കുന്നു.

ട്രെയിനിലെ മൂന്ന് കോച്ചുകളിലായി 26 പേരടങ്ങുന്ന സംഘത്തിൻറെ ഭാഗമായാണ് ബിഹാർ സ്വദേശി മുഹമ്മദ് അഖീബ് യാത്രചെയ്തിരുന്നത്. കേരളത്തിലേക്ക് പോകുന്ന വിദ്യാർഥികളായിരുന്നു സംഘത്തിൽ കൂടുതൽ. എസ്.2, എസ്.3, എസ്.4 കോച്ചുകളിലായിരുന്നു യാത്ര. പെട്ടെന്നൊരു ശബ്ദം കേട്ടു, കോച്ചുകൾ മറിഞ്ഞുവീണു. തകർന്ന കോച്ചുകളുടെ ജനൽ വഴിയാണ് തങ്ങളെ പുറത്തെത്തിച്ചതെന്ന് അഖീബ് പറയുന്നു.
രക്തം പുരണ്ട നിലയിലുള്ള ട്രെയിൻ കംപാർട്ട്മെന്റുകളുടെ ചിത്രങ്ങൾ അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. രക്ഷപ്പെട്ടവർ ട്രെയിനിനടിയിൽ കുടുങ്ങിയ തങ്ങളുടെ ഉറ്റവരെയും സഹയാത്രികരെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു. മറിഞ്ഞ ബോഗികൾക്കടിയിൽ നിരവധി മൃതദേഹങ്ങളാണ് ഉണ്ടായിരുന്നതെന്നും ഷീറ്റുകളിലാക്കിയാണ് മൃതദേഹങ്ങൾ ട്രാക്കിനരികിൽ നിന്നെടുത്തതെന്നും മറ്റൊരു യാത്രക്കാരൻ പറയുന്നു.
അപകടത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുകയാണ്. ഒഡിഷയുടെ നാല് ദ്രുതകർമസേനാ യൂണിറ്റുകളും 15 അഗ്നിരക്ഷാ സേനാ യൂണിറ്റുകളും 30 ഡോക്ടർമാർ, 200 പോലീസുകാർ, 60 ആംബുലൻസുകൾ എന്നിവ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് ഒഡിഷ ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ട്രെയിൻ ദുരന്തമുണ്ടായ ബലാസോർ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. അപകടസ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളും മോദി സന്ദർശിക്കുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുമുണ്ട്. രക്ഷാപ്രവർത്തനം, പരിക്കേറ്റവരുടെ ചികിത്സ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്യും. അപകടത്തേക്കുറിച്ച് നടക്കുന്ന ഉന്നതതല അന്വേഷണം സംബന്ധിച്ചും പ്രധാനമന്ത്രി വിലയിരുത്തൽ നടത്തും.