ചാമ്പ്യൻസ് ലീഗ്: പിഎസ്ജിയെ ഞെട്ടിച്ച് ബയേൺ മ്യൂണിക്ക്, ടോട്ടൻഹാമിനെതിരെ മിലാന് വിജയം

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിനും ഇറ്റാലിയൻ ക്ലബ് എസി മിലാനും വിജയം. ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് എതിരെ ബയേൺ മ്യൂണിക്കിന്റെയും ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം ഹോട്സ്പറിനു എതിരെ എസി മിലാന്റെയും വിജയം എതിരില്ലാത്ത ഒരു ഗോളിന്. ഫ്രഞ്ച് വിങ്ങറായ കിങ്‌സ്‌ലി കോമനാണ് ബയേൺ മ്യുണിക്കാനായി വിജയ ഗോൾ നേടിയത്. റിയൽ മാഡ്രിഡിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ കളിക്കുന്ന ബ്രാഹിം ഡയസാണ് എസി മിലാനിന്റെ വിജയശില്പി.

പരുക്കിന്റെ പിടിയിലായിരുന്ന ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും പിഎസ്ജിക്കായി ബൂട്ട് കെട്ടിയ മത്സരത്തിൽ ബയേൺ മ്യുണിക്കിനോട് പരാജയമേറ്റുവാങ്ങിയത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ കിലിയൻ എംബപ്പേ രണ്ടു തവണ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ മെസ്സിയും എംബപ്പേയും നെയ്മറും സെർജിയോ റാമോസും അടക്കമുള്ളവർ കളിക്കളത്തിൽ ഇറങ്ങിയ മത്സരത്തിലേറ്റ തോൽവി ടീമിന്റെ പ്രകടനത്തെ പറ്റി പുനർചിന്തനം നടത്താൻ മാനേജ്മെന്റിനെ പ്രേരിപ്പിക്കേണ്ടതാണ്. ശക്തമായൊരു ടീം ഉണ്ടായിട്ടും മികവാർന്ന പ്രകടം കാഴ്ചവെക്കുന്നതിൽ പാരീസ് ക്ലബ് പരാജയപ്പെടുന്നത് ആദ്യമായല്ല എന്നത് വിഷയത്തിന്റെ ഗൗരവം ഉയർത്തുന്നു. പിഎസ്ജിയുടെ ഹോം മൈതാനത്തിൽ വിജയം നേടിയത് ബയേൺ മ്യൂണിക്കിന് മുൻ‌തൂക്കം നൽകുന്നു.

Leave a Reply

Your email address will not be published.

Previous post വിരമിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ്‌ ; ശിവശങ്കറിനെ ഇന്നു കോടതിയിൽ ഹാജരാക്കും
Next post കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ NIA റെയ്ഡ്; പരിശോധന 60-ഓളം കേന്ദ്രങ്ങളില്‍