ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും അറസ്റ്റില്‍

ബ്രിജ് ഭൂഷണ്‍ എം പിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയാവശ്യപ്പെട്ട് ജന്തര്‍മന്ദറില്‍ നിന്ന് പാര്‍ലമെന്റിലേക്കുള്ള ഗുസ്തിതാരങ്ങളുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടിക്കടന്ന ഗുസ്തി താരങ്ങളെ പൊലീസ് തടഞ്ഞു. വിനേഷ് ഫൊഗട്ടും, ബജ്‌റംഗം പൂനിയയും സാക്ഷി മാലിക്കും അടക്കമുള്ളവരാണ് മാര്‍ച്ച് നയിച്ചത്. സാക്ഷിമാലിക്കിനെയും വിനേഷ് ഫോഗട്ടിനേയും അറസ്റ്റ് ചെയ്തു. ഇവരെ പൊലീസ് കയ്യേറ്റം ചെയ്തു. സമരപന്തല്‍ പൊലീസ് പൊളിച്ചുകളഞ്ഞു.

പ്രതിഷേധം തടയാന്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും അവരെ മറികടന്നാണ് താരങ്ങള്‍ മുന്നോട്ടുപോയത് . താരങ്ങളെ അറസ്റ്റ് ചെയതതോടെ പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു. പ്രതിഷേധക്കാരെ വളഞ്ഞ പൊലീസ് അവരെ വഴിച്ചിഴച്ച് നീക്കം ചെയ്തു. നൂറിലേറെ പ്രതിഷേധക്കാര്‍ ജന്തര്‍ മന്ദറില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപത്തേക്ക് പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ പോലീസ് അനുവദിച്ചില്ലെങ്കില്‍ പോലീസ് തടയുന്നിടത്ത് വെച്ച് മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത് നടത്തുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. തങ്ങള്‍ ബാരിക്കേഡ് തകര്‍ത്തിട്ടില്ലെന്ന് ?ഗുസ്തി താരം ബജ്റംഗ് പുനിയ പറഞ്ഞു. പാര്‍ലമെന്റിലേക്ക് പോകാന്‍ പോലീസ് അനുവദിച്ചില്ല. തുടര്‍ന്ന് ചില പ്രതിഷേധക്കാര്‍ ബാരിക്കേഡ് ചാടി മുന്നോട്ട് നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമരത്തിന് പിന്തുണയുമായെത്തിയ കര്‍ഷകരെ ഡല്‍ഹി അതിര്‍ത്തികളിലും പോലീസ് തടഞ്ഞിട്ടുണ്ട്. പഞ്ചാബില്‍നിന്നുള്ള കര്‍ഷക സംഘടനയായ ‘പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി’ പ്രവര്‍ത്തകരെ അംബാല അതിര്‍ത്തിയില്‍ വച്ച് പോലീസ് തടഞ്ഞു. നിരവധി കര്‍ഷക നേതാക്കളും പോലീസ് കസ്റ്റഡിയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം ഏഴ് ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ അറസ്റ്റുചെയ്യണം എന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.

Leave a Reply

Your email address will not be published.

Previous post ടൈറ്റില്‍: KSRTC എം.ഡി ബിജു പ്രഭാകറിനെ തൊട്ടുപോകരുതെന്ന് മുഖ്യമന്ത്രി (എക്‌സ്‌ക്ലൂസീവ്)
Next post പ്രൊഫഷണല്‍ കില്ലര്‍മാരെ വെല്ലും ആസൂത്രണം, 18-ാം വയസില്‍ ഫര്‍ഹാന ചെയ്ത ഹണിട്രാപ്പും, കൊലയും, നടന്നത് ഇങ്ങനെ