ഗുജറാത്തിൽ ഏഴാം തവണയും ബി ജെ പി

ഗുജറാത്ത് ചരിത്രത്തിലെ എക്കാലത്തെയും വലിയ സീറ്റ് നിലയോടെയാണ് ബിജെപിക്ക് ഭരണത്തുടർച്ച ലഭിച്ചിരിക്കുന്നത് . 1985ൽ മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ 149 എന്ന സീറ്റെന്ന റെക്കോർഡ് ഇനി പഴങ്കഥ. തുടർഭരണത്തിൽ സിപിഎം ബംഗാളിൽ കുറിച്ച ചരിത്രത്തിനൊപ്പമാണ് ഇന്ന് ഗുജറാത്തിൽ ബിജെപി. സംസ്ഥാനത്തെ എല്ലാ മേഖലയും പിടിച്ചടക്കിയാണ് ഈ കുതിപ്പ്. കഴിഞ്ഞ തവണ കോൺഗ്രസിന് മേധാവിത്വം നൽകിയ സൗരാഷ്ട്ര കച്ച് മേഖലയിൽ ഇത്തവണ കോൺഗ്രസ് തരിപ്പണമായി. തെക്കൻ ഗുജറാത്തിലും മധ്യഗുജറാത്തിലും കോൺഗ്രസിന് കരുത്തുള്ള വടക്കൻ ഗുജറാത്തിൽ പോലും ബിജെപിക്ക് എതിരില്ല. വോട്ട് വിഹിതം ഇത്തവണ 50 ശതമാനവും കടന്നു. മോ‍ർബി ദുരന്തം, വിലക്കയറ്റം, തൊഴിലില്ലായ്മ, ഭരണ വിരുധ വികാരം അങ്ങനെ പ്രചാരണത്തിന്‍റെ തുടക്കത്തിൽ തലവേദനയായ വിഷയങ്ങളെല്ലാം ചിട്ടയായ പ്രചാരണത്തിലൂടെ മറികടക്കാൻ ബിജെപിക്കായി. മോദിയോട് ഗുജറാത്തികൾക്കുള്ള താത്പര്യം ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടിയതിൽ നിന്ന് വ്യക്തമാണ്. വീണ്ടുമൊരിക്കൽ കൂടി അത് മുതലാക്കാൻ പ്രചാരണത്തിൽ മോദിയെ ഇറക്കി മോദിക്കായി വോട്ട് നൽകൂ എന്ന ആഹ്വാനമാണ് ബിജെപി നടത്തിയത്. ഏക സിവിൽ കോഡ്, ദ്വാരകയിൽ നിർമ്മിക്കുന്ന കൂറ്റൻ ശ്രീകൃഷ്ണ പ്രതിമ തുടങ്ങി ഗുജറാത്തിന്‍റെ മർമ്മമറിഞ്ഞുള്ള വാഗ്ദാനങ്ങളും ബിജെപി നൽകി. പ്രതിപക്ഷത്ത് വോട്ട് ഭിന്നിക്കുക കൂടി ചെയ്തതോടെ കാര്യങ്ങൾ അനായാസമായി. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ കൂടി സാനിധ്യത്തിലാണ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുക.

Leave a Reply

Your email address will not be published.

Previous post ഹിമാചലില്‍ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിയമസഭാകക്ഷി യോഗം ഉച്ചയ്ക്ക്
Next post എസ്എഫ്ഐ ക്യാമ്പസുകളിൽ നടത്തുന്ന ആക്രമണങ്ങൾ അപകടകരം; സിപിഎമ്മിന് മുന്നറിയിപ്പുമായി സിപിഐ