
ഗവർണ്ണർ രണ്ടും കൽപ്പിച്ചോ?
ബി വി പവനൻ
സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങിയതോടെ സംസ്ഥാനത്ത് സ്ഫോടനാത്മകമായ അന്തരീക്ഷമാണ് സംജാതമായിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഗവര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ പല തവണ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. പക്ഷേ അതൊക്കെ താരതമ്യേന ചെറിയ കാര്യങ്ങളിലായിരുന്നു. സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങള്‍ വായിക്കാതെ വിട്ടുകളയുക, സര്‍വ്വകലാശാലാ സെനറ്റ് അംഗങ്ങളായി സര്‍ക്കാരിന്റെ ലിസ്റ്റ് വെട്ടി ഗവര്‍ണര്‍ സ്വയം നിയമനം നടത്തുക തുടങ്ങിയ കലാപരിപാടികളായിരുന്നു അവ. ഇപ്പോഴത്തെ പോലെ സര്‍ക്കാരിനെ ഗുരുതരമായ പ്രതിസന്ധിയില്‍ കൊണ്ടെത്തിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ല.
തിങ്കളാഴ്ച നിയമസഭ ചേരുകയാണ്. ഗവര്‍ണറും അപ്പോഴേക്കും സംസ്ഥാനത്ത് മടങ്ങിയെത്തും. പിന്നീട് എന്താണ് സംഭവിക്കുക എന്ന കൗതുകത്തിലാണ് സംസ്ഥാനം. ഏതെങ്കിലും വി.സിമാരുടെ കസേര പോകുമോ? അസാധാരണ നടപടികൾക്കു അദ്ദേഹം മുതിരുന്നു എന്നാണ് സൂചന. കേരള സർവകലാശാല ഗവർണർക്കു എതിരെ പ്രമേയം പാസാക്കി കളം കൊഴുപ്പിച്ചിട്ടുമുണ്ട്.
ഇവിടെ ശദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ഇത് വരെ സംസ്ഥാന സര്‍ക്കാരോ, സി.പി.എമ്മോ, ഇടതു മുന്നണിയോ ശക്തമായി ഉന്നയിച്ചതായി കാണുന്നില്ല. സാധാരണ ഗതിയില്‍ ആദ്യം ഉയരേണ്ട വാദമായിരുന്നു അത്. സ്വര്‍ണ്ണക്കടത്തു കേസിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ സി.പി.എം പ്രതിരോധിച്ചത് ഇത് പറഞ്ഞായിരുന്നു. മസാലാ ബോണ്ടിന്മേല് ഇ.ഡി ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന അന്വേഷണത്തെ പ്രതിരോധിക്കാനും സംസ്ഥാന സര്‍ക്കാര്‍ എടുത്ത് വീശുന്നത് ഇതേ ആയുധമാണ്. മസാലാ ബോണ്ട് ക്രമവിരുദ്ധമായിരുന്നെന്ന് സി.എ.ജി ചൂണ്ടിക്കാട്ടിയപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളെ തകിടം മറിക്കാനുള്ള കേന്ദ്ര ഗൂഢാലോചന എന്ന മുറവിളിയാണ് ഉയര്‍ത്തിയത്.
എന്നാല്‍ ഇവിടെ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനും ദുര്‍ബലപ്പെടുത്താനുമാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് സര്‍ക്കാരിന് പറയാനാവില്ല. കാരണം സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ എന്ന നിലയ്ക്ക് തന്നില്‍ നിക്ഷിപതമായ അധികാരം എടുത്ത് പ്രയോഗിക്കുക മാത്രമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചെയ്യുന്നത്. അതാകട്ടെ പൊതുജനങ്ങളുടെ കണ്ണില്‍ നീതിയുക്തമായ കാര്യവുമാണ്. നമ്മുടെ സര്‍വ്വകലാശാലകളിലെ ബന്ധു നിയമനങ്ങളെക്കുറിച്ച് ആവലാതികള്‍ കേട്ടു തുടങ്ങിയിട്ട് കാലമേറെയായി. സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്ക് ക്യൂ പോലെ ഒന്നിന് പുറകെ ഒന്നായി സര്‍വ്വകലാശാലകളില്‍ പ്രഫസര്‍മാരായി ജോലി കിട്ടുകയാണ്. എല്ലാം വിവാദമാവുകയും ചെയ്യുന്നു. യോഗ്യത മറികടന്നാണ് നിയമനമെന്ന് ഇന്റര്‍വ്യൂ നടത്തിയ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ തന്നെ പുറത്ത് വന്ന് പറയുന്ന അവസ്ഥ പോലുമുണ്ടായി. ആ നിലയക്ക് ഗവര്‍ണറുടെ നടപടികള്‍ക്ക് പൊതുജനങ്ങളുടെ അനുഭാവം ഉണ്ടാകുന്നത് സ്വാഭാവികവാണ്.
ഏറ്റവും ഒടുവിലത്തെ സംഭവ വികാസം നോക്കുക. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗ്ഗീസിനെ യോഗ്യത മറികടന്ന് നിയമിക്കുന്നു എന്നതിലാണ് തര്‍ക്കം. പ്രിയയുടെ നിയമനം രാഷ്ട്രീയ നിയമനമാണെന്ന് തുറന്നടിക്കുന്നത് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറാണ്. വേണ്ടത്ര അദ്ധ്യാപന പരിചയമില്ലാതെയും ക്രമവിരുദ്ധമായുമാണ് നിയമനമെന്ന് സംസ്ഥനത്തിന്റെ ഭരണത്തലവന് തന്നെ പരസ്യമായി പറയുമ്പോള്‍ അതിന് ഗൗരവം വല്ലാതെ വര്‍ദ്ധിക്കുന്നു. ഗവര്‍ണര്‍ പറയുന്നത് പ്രഥമ ദൃഷ്ട്യാ തന്നെ ശറിയാണെന്ന് ആര്‍ക്കും തോന്നുന്നതുമാണ്. കാരണം ആ നിയമനത്തിന് വേണ്ടി സര്‍വ്വകലാശാല തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ പ്രയിക്കാണ് യോഗ്യത ഏറ്റവും കുറവ്. ഏറ്റവും യോഗ്യത കുറഞ്ഞയാളിന് ഏറ്റവും കൂടുതല്‍ മിടുക്ക് ഉണ്ടെന്ന് കണ്ടെത്തുന്ന പ്രക്രിയയാണ് ഇന്റര്‍വ്യൂ ബോര്‍ഡില്‍ സംഭവിച്ചത്. പ്രിയയുടെ റിസര്‍ച്ച് സ്കോര്‍, അതായത് ഗവേഷണ മികവ് വെറും 156 ആണ്. പക്ഷേ റാങ്ക് ലിസ്റ്റില്‍ രണ്ടാം സ്ഥാനം ലഭിച്ച ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ ജോസഫ് സ്ക്കറിയക്ക് 651 സ്ക്കോര്‍ ഉണ്ട്. മൂന്നാം സ്ഥാനം ലഭിച്ച മലയാളം സര്‍വ്വകലാശാലയിലെ സി.ഗണേശിന് 645 സ്കോര്‍ ഉണ്ട്. 651നെയും 645നെയും കാള്‍ കേമമാണ് 156 എന്നാണ് കണ്ണൂര്‍ സര്‍വ്വകലാശാല കണ്ടെത്തിയിരിക്കുന്നത്. അദ്ധ്യാപന പരിചയത്തിന്റെ കാര്യത്തിലും ഇതേ വ്യത്യാസമുണ്ട്. രണ്ടാം സ്ഥാനം നല്കിയ ജോസഫ് സ്ക്കറിയക്ക് 15 വര്‍ഷത്തെ അദ്ധ്യാപന പരിചയം. ഒന്നാം സ്ഥാനക്കാരി പ്രിയക്ക് മിനിമം വേണ്ട 8 വര്‍ഷവും. അത് തന്നെ തട്ടിക്കൂട്ടി അരിച്ചു പെറുക്കി എടുത്തത്. അതില്‍ അഞ്ചു വര്‍ഷവും തര്‍ക്കത്തിലുമാണ്. പ്രിയാ വര്‍ഗ്ഗീസിന്റെ യോഗ്യതയുടെ കാര്യത്തില്‍ ആവശ്യത്തിലേറെ ചര്‍ച്ച നടന്നു കഴിഞ്ഞു എന്നതിനാല്‍ കൂടുതല്‍ അതിലേക്ക് കടക്കുന്നില്ല