
ക്രിസ്മസ് ആഘോഷത്തിനിടെ ബീച്ചിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി, ഒരാൾ മരിച്ചു
തിരുവനന്തപുരത്ത് വ്യത്യസ്ത ഇടങ്ങളിലായി കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി, ഒരാൾ മരിച്ചു. പുത്തൻതോപ്പിൽ രണ്ടുപേരെയും അഞ്ചുതെങ്ങ് മാമ്പള്ളിയിൽ ഒരാളെയുമാണ് കാണാതായത്. ശ്രേയസ് (16), സാജിദ് (19) എന്നിവരേയാണ് പുത്തൻതോപ്പിൽ നിന്ന് കാണാതായത്. മാമ്പള്ളി സ്വദേശി സാജൻ ആന്റണി (34) യേയാണ് അഞ്ചുതെങ്ങിൽ നിന്ന് കാണാതായത്. തുമ്പയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ക്രിസ്മസ് ആഘോഷിക്കാനെത്തി ബീച്ചിൽ കുളിക്കാനിറങ്ങിയ നാലുപേരാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച കടൽ പ്രക്ഷുബ്ദമായിരുന്നു. ഒപ്പം തന്നെ അടിയൊഴുക്കും ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
തുമ്പയിൽ അപകടത്തിൽപെട്ട ഫ്രാങ്കോ എന്നയാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. സാജിദ്, ശ്രേയസ്, ആന്റണി എന്നിവർക്ക് വേണ്ടി വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. തിങ്കളാഴ്ച രാവിലെ കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ പുനരാരംഭിക്കും.