കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേക്ക് ത്രിരാഷ്ട്ര ഹൈവേ വരുന്നു; നാല് വർഷത്തിനുള്ളിൽ പൂർത്തിയാകും

ഇന്ത്യയിൽ നിന്ന് മ്യാൻമർ വഴി തായ്ലൻഡിലേക്ക് ത്രിരാഷ്ട്ര ഹൈവേ ഒരുങ്ങുന്നു. കൊൽക്കത്തയിൽ നിന്ന് തായ്ലൻഡിലെ ബാങ്കോക്കിലേക്കുള്ള ഹൈവേ അടുത്ത മൂന്ന്- നാല് വർഷത്തിനുള്ളിൽ പൂർത്തിയാവും. വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സും സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിലാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ധാരണയായത്.

ദി ബേ ഓഫ് ബംഗാൾ ഇനീഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് എക്കണോമിക്കൽ കോർപ്പറേഷൻ (BIMSTEC) ന്റെ ഭാഗമായാണ് ഈ ഹൈവേ നിർമ്മിക്കുന്നത്. ആകെ 2800 കിലോമീറ്റർ നീളമാണ് ഈ നാലുവരിപ്പാതയ്ക്കുള്ളത്. ഇന്ത്യയിലാണ് പാതയുടെ കൂടുതൽ ഭാഗങ്ങളുമുള്ളത്. 

ബാങ്കോക്കിൽ നിന്ന് തുടങ്ങുന്ന പാത തായ്ലൻഡിലെ സുഖോതായ്, മയീ സോട് മ്യാൻമറിലെ യൻഗോൻ, മണ്ടലയ്, കലേവ, തമു തുടങ്ങിയ നഗരങ്ങൾ കടന്നാണ് ഇന്ത്യയിലെത്തുക. മണിപ്പൂരിലെ അതിർത്തി ഗ്രാമമായ മോറെയിൽ നിന്നാണ് ഇന്ത്യയിൽ നിന്നുള്ള പാത തുടങ്ങുന്നത്. ഇവിടെ നിന്ന് കൊഹിമ, ഗുവാഹതി, ശ്രീരാംപുർ, സിലിഗുരി വഴിയാണ് കൊൽക്കത്തയിലെത്തുക.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ഇന്ത്യയെ കരമാർഗം ബന്ധിപ്പിക്കുക, ഈ മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, ബിസിനസ്സ്, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം എന്നീ ബന്ധങ്ങൾക്ക് ഉത്തേജനം നൽകുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഈ ഹൈവേയുടെ ഭാഗമായിട്ടുള്ള തായ്ലൻഡിലെ റോഡുകളുടെ പണികൾ ഏകദേശം പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹൈവ തുറക്കുന്നതോടെ ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര ഹൈവേകളിലൊന്നായി ഇത് മാറും. 2002 ഏപ്രിലിൽ യാങ്കൂണിൽ നടന്ന മന്ത്രിതല യോഗത്തിലാണ് ത്രിരാഷ്ട്ര ഹൈവേ എന്ന ആശയം രൂപപ്പെട്ടത്. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി എ.ബി വാജ്പേയ് ആണ് ഈ ആശയം മുന്നോട്ടുവെച്ചത്.

Leave a Reply

Your email address will not be published.

Previous post പണം വാങ്ങി വോട്ട് ചെയ്യുന്നത് സ്വന്തമായി കണ്ണിൽ കുത്തുന്നതിന് തുല്യം’; വിജയ്
Next post കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു