കൊന്നു കറിവെച്ച് തിന്നുന്ന മനുഷ്യ മൃഗങ്ങളുടെ നാട്

കൂടെ താമസിച്ച സ്ത്രീയെ കൊന്ന്, വേവിച്ചു തിന്ന മനോജ് സഹാനി ശവശരീരം മരംമുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഷ്ണങ്ങളാക്കി

സ്വന്തം ലേഖകന്‍

ആഫ്രിക്കയിലെ നരഭോജികളായ ഗോത്ര വര്‍ഗക്കാരെപ്പോലെ രാജ്യത്തെ ക്രിമിനലുകളും മാറിക്കഴിഞ്ഞിരിക്കുകയാണ്. കല ചെയ്യുക മാത്രമല്ല, ശവശരീരം വേവിച്ചു തിന്നാനും മടിയില്ലാത്ത മനുഷ്യ മൃഗങ്ങളായി മാറിയിരിക്കുന്നു. കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്ന പഴഞ്ചൊല്ലാണ് മുംബൈ നഗരത്തില്‍ നിന്നും കേട്ട്, രാജ്യം ഞെട്ടിയത്. കൂടെ താമസിച്ച സ്ത്രീയെ കൊന്ന്, വേവിച്ചു തിന്ന മനോജ് സഹാനി എന്നയാളെ പോലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്. മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാര്‍ട്ട്മെന്റില്‍ ലിവ്-ഇന്‍ പങ്കാളിയെയാണ് 56 കാരനായ മനോജ് സഹാനി മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയത്. ഗീതാനഗര്‍ ഫേസ് ഏഴിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ (36) എന്ന യുവതിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കൊല്ലപ്പെട്ട സരസ്വതി വൈദ്യയുടെ ശവശരീരം 25 കഷ്ണങ്ങളാക്കി മുറിച്ച് ചാക്കില്‍ കെട്ടി. ചില കഷ്ണങ്ങള്‍ കുക്കറില്‍ ഇട്ട് വേവിച്ച് തിന്നുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള കഷ്ണങ്ങള്‍ ഇയാള്‍ പാകം ചെയ്ത് തിന്നാന്‍ സൂക്ഷിച്ചിരുന്നതാണോ, അതോ ഉപേക്ഷിക്കാന്‍ വെച്ചിരുന്നതാണോയെന്ന് വ്യക്തമായിട്ടില്ല.

കഴിഞ്ഞ മൂന്ന് വര്‍ഷമായി മനോജ് സഹാനിയോടൊപ്പമാണ് താമസം. ഫ്ളാറ്റില്‍ നിന്ന് അസഹനീയ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ബോരിവാലിയില്‍ ചെറിയ കട നടത്തുകയാണ്മനോജ്. പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇയാളുടെ വീട്ടില്‍ നിന്ന് അഴുകിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നോ നാലോ ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മനോജ് സഹാനിയും സരസ്വതി വൈദ്യയും ലിവ് ഇന്‍ റിലേഷനായിരുന്നു. അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും മനോജ് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കുകയും കുക്കറില്‍ തിളപ്പിക്കുകയും ചെയ്തു. തെളിവുകള്‍ മറച്ചുവെക്കാന്‍ പ്രതി ശ്രമിച്ചെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ദില്ലിയിലെ ശ്രദ്ധാ വാക്കറുടെ കൊലപാതകത്തിന് സമാനമായാണ് മുംബൈയിലും നടന്നതെന്ന് പൊലീസ് പറയുന്നു.
മുംബൈ നഗരത്തില്‍ തിങ്ങി നിറഞ്ഞ കെട്ടിടങ്ങളും ഗല്ലികളും ഉള്ളതു കൊണ്ട് മുറിച്ചുവെച്ച ശവശരീരം പുറത്തേക്കു കൊണ്ടു പോകാനോ, ഉപേക്ഷിക്കാനോ കഴിയാത്ത സ്ഥിതി ആയിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. കഷ്ണങ്ങളാക്കിയ ശവശരീരം പുറത്തേക്കു കൊണ്ടു പോകുമ്പോള്‍ സമീപവാസികള്‍ ശ്രദ്ധിക്കുമെന്നതും പ്രശ്‌നമായി. സംശയം തോന്നാത്ത രീതിയില്‍ മൃതദേഹത്തെ ഇല്ലാതാക്കാനായി മനോജ് സഹാനി കണ്ടെത്തിയ സുരക്ഷിതമായ വഴിയായിരിക്കും പാകം ചെയ്ത് ഭക്ഷിക്കല്‍. അതാകുമ്പോള്‍ അന്വേഷണം നടന്നാലും തെളിവു കണ്ടെത്താന്‍ കഴിയില്ലെന്ന കൂര്‍മ്മ ബുദ്ധിയും പ്രവര്‍ത്തിച്ചിട്ടുണ്ടാകും. എന്നാല്‍, ദിവസങ്ങളെടുത്ത് തിന്നു തീര്‍ത്താലും തീരാത്ത ശവശരീരത്തിന്റെ ഭാഗങ്ങള്‍ അഴുകി തുടങ്ങിയതോടെയാണ് ദുര്‍ഗന്ധം പുറത്തേക്ക് പടര്‍ന്നത്. ഇതോടെയാണ് നാട്ടുകാര്‍ക്ക് സംശയം വര്‍ദ്ധിച്ചതും, പോലീസില്‍ വിവരം അറിയിച്ചതും. പോലീസെത്തി വീട് പരിശോധിച്ചതോടെ ശവശരീരത്തിന്റെ ചില ഭാഗങ്ങള്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്നത് കണ്ടെത്തി. കുക്കറില്‍ ഇറച്ചി വേവിച്ചതിന്റെ തെളിവുകളും കിട്ടിയതോടെ അന്വേഷിക്കാനെത്തിയ പോലീസുകാര്‍ ഞെട്ടി. ശവശരീരം വെട്ടി നുറുക്കി കുക്കറില്‍ വേവിച്ച് തിന്നുന്ന മനുഷ്യനെ കണ്ടാണ് പോലീസ് ഞെട്ടിയത്.

നാടേതായാലും കൊലപാതകങ്ങളുടെ രീതിയും, അത് മറച്ചുവെയ്ക്കാന്‍ നടത്തുന്ന പിന്നീടുള്ള നീക്കങ്ങളും ഒരുപോലെയാണെന്നാണ് ഓരോ സംഭവങ്ങളും മനസ്സിലാക്കി തരുന്നത്. കേരളത്തിലും സമാന കൊലപാതകം അടുത്ത ദിവസങ്ങളില്‍ നടന്നിരുന്നു. ഹോട്ടല്‍ ഉടമയെ ഹണി ട്രാപ്പില്‍ കുരുക്കി കൊലപ്പെടുത്തി, മൃതദേഹം മുറിച്ച് ചാക്കിലാക്കി ഉപേക്ഷിച്ചതും സമാന സംഭവമാണ്. എന്നാല്‍, മൃതദേഹം കഷ്ണങ്ങളാക്കി വേവിച്ച് തിന്നില്ലെന്നു മാത്രം. തിരൂര്‍ സ്വദേശി സിദ്ദിഖിനെയാണ് ഹോട്ടല്‍ ജീവനക്കാരനായ ഷിബിലിയും സുഹൃത്തുകളായ ഫര്‍ഹാന, ആഷിഖ് എന്നിവര്‍ ചേര്‍ന്നാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ച് കൊലപ്പെടുത്തിയത്. മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി കൊക്കയില്‍ വലിച്ചെറിയുകയായിരുന്നു.

അതേസമയം, മുംബൈ മഹാ നഗരത്തില്‍ നിന്നും വന്ന ഞെട്ടിക്കുന്ന ഈ വാര്‍ത്തയ്‌ക്കൊപ്പം കേരളത്തില്‍ മറ്റൊരു അരും കൊല കൂടി നടന്നിരിക്കുന്നു. മാവേലിക്കരയില്‍ 4 വയസുകാരിയായ സ്വന്തം മകളെ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയിരിക്കുയാണ്.

പിഞ്ചുമകളെ കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്ന് പൊലീസ് പറയുന്നു. പുനര്‍ വിവാഹം നടക്കാത്തതില്‍ ശ്രീമഹേഷ് നിരാശനായിരുന്നു. മകന്റെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തിട്ടുണ്ട്. പ്രതിയെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇന്നലെയാണ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെന്ന നാല് വയസുകാരിയെ 38കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീമഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ കീഴ്‌പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വൈകിട്ട് ഏഴരയോടെയായിരുന്നു അതിക്രമം.

വിദേശത്തായിരുന്നു ശ്രീമഹേഷ്, പിതാവ് ശ്രീമുകുന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചതിനു ശേഷമാണ് നാട്ടിലെത്തിയത്. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. പുനര്‍വിവാഹത്തിനായി ശ്രമിച്ചിരുന്ന ശ്രീമഹേഷിന്റെ വിവാഹം ഒരു വനിതാ കോണ്‍സ്റ്റബിളുമായി ഉറപ്പിച്ചിരുന്നെങ്കിലും ഇയാളുടെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ ഈ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. കൊലപാതക പരമ്പരകള്‍ ദേശാന്തര വ്യത്യാസമില്ലാതെ തുടരുകയാണ്. ഇനിയും വരും കൊലപാതകങ്ങളുടെ നീണ്ട നിരതന്നെ….

Leave a Reply

Your email address will not be published.

Previous post പാർട്ടി ഫണ്ടിൽ തിരിമറി; പി കെ ശശിയോട് വിശദീകരണം തേടും
Next post 4 വയസുകാരിയായ മകളെ പിതാവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത് മദ്യലഹരിയില്‍