
കൊണ്ടാലും കണ്ടാലും പഠിക്കാത്ത കോണ്‍ഗ്രസ്സ്
കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് വേണ്ടാ എന്നു പ്രഖ്യാപിക്കുന്നവരുടെ സമ്മേളനം വിളിച്ചാല്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നതില്‍ തര്‍ക്കം വേണ്ട
എ.എസ്. അജയ്‌ദേവ്
സംസ്ഥാന കോണ്‍ഗ്രസ്സിലെ ബ്ലോക്കുതല പുനസംഘടനയുടെ കാര്യത്തില്‍ എയും ഐയും ഒന്നിച്ചു നില്‍ക്കുമെന്ന വാര്‍ത്ത കേട്ടാല്‍ തോന്നും കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നുവന്ന ഒരു മൂന്നാം ഗ്രൂപ്പിനെതിരായിട്ട് യുദ്ധപ്രഖ്യാപനമായിരിക്കുമെന്ന്. എന്നാല്‍, അങ്ങനെയല്ല. കാലാകാലങ്ങളായി അട്ടിപ്പേറവകാശം നിലനിര്‍ത്തുന്ന ‘തലമൂത്ത’ നേതാക്കളുടെ ദുര്‍വാശിയുടെ ബാക്കി പത്രം മാത്രമാണിത്. പുനസംഘടന തമ്മില്‍ത്തര്‍ക്കത്തില്‍ തട്ടി നിന്നതോടെ സമവായം സൃഷ്ടിക്കാന്‍ ഹൈക്കമാന്റിനെ സമീപിക്കാന്‍ ശ്രമം നടത്തി. എന്നാല്‍, ഹൈക്കമാന്റ് മുഖം തിരിച്ചുകളഞ്ഞു.

തല്ലിത്തോല്‍പ്പിക്കുന്നത് സ്വന്തം പാര്‍ട്ടിയെയും അണികളുടെ പോരാട്ട വീര്യത്തെയുമാണെന്ന് നേതാക്കള്‍ തീരിച്ചറിയുമ്പോള്‍ പുനസംഘടനയുടെ കാര്യം ഒരു വഴിക്കാകുമെന്നുറപ്പ്. എയും ഐയും മൂന്നാംഗ്രൂപ്പിനെതിരേ യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും നോട്ടമിട്ടു എന്നാണ്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ചുക്കാന്‍ വി.ഡി. സതീശന്റെ കൈയ്യിലും സംഘടനാ രാഷ്ട്രീയം കെ. സുധാകരന്റെ കൈയ്യിലുമായതോടെ പാര്‍ട്ടിയിലെ സമുന്നതരെന്ന് കഴിഞ്ഞകാലങ്ങളില്‍ അടയാളപ്പെടുത്തിയവരെല്ലാം വിസ്മൃതിയിലേക്ക് തള്ളപ്പെട്ടു.

ഇതാണ് എ.ഐ ഗ്രൂപ്പുകള്‍ക്ക് സഹാക്കാന്‍ കഴിയാതെ വന്നത്. പുതുതലമുറ നേതാക്കന്‍മാര്‍ കോണ്‍സ് രാഷ്ട്രീയത്തെ ഗ്രൂപ്പുകളില്‍ നിന്ന് വിടുവിക്കാന്‍ ശ്രമിക്കുന്തോറും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാനാണ് പഴയതലമുറക്കാരുടെ ഇടപെടലുകള്‍.ഇപ്പോള്‍ ബ്ലോക്കുതല പാര്‍ട്ടി പുനസംഘടനയിലും ഗ്രൂപ്പുകള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന ആക്ഷേപം ഉണ്ടാകുമ്പോള്‍ തന്നെ മനസ്സിലാക്കേണ്ട കാര്യം, പാര്‍ട്ടിയുടെ താഴേത്തട്ടില്‍ നിന്നും ഗ്രൂപ്പുകളെ ശക്തിപ്പെടുത്തി നിര്‍ത്താനുള്ള കഠിനശ്രമം നടക്കുന്നുവെന്നാണ്.

ബ്ലോക്ക് തല പുനസംഘടനാ പ്രശ്‌നം സംസ്ഥാനത്ത് തീര്‍പ്പാവില്ലെന്നുറപ്പായി. അതുകൊണ്ടും അരിശം തീരാഞ്ഞ് വീടിനു ചുറ്റും മണ്ടി നടന്നു എന്നു കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതു പോലെ ഹൈക്കാമാന്റിനു ചുറ്റും റാകിപ്പറക്കുന്നത് അതുകൊണ്ടാണ്. ഇനി ജില്ലാതല പുനസംഘടനാ പ്രശ്‌നം ഇതിലേറെ ദുഷ്‌ക്കരമാകും. അതിനു ശേഷം കെ.പി.സി.സി പുനസംഘടനയും കഴിയുന്നതോടെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഗ്രൂപ്പു പാര്‍ട്ടിയായി മാറിക്കഴിയും. ഇതിനെല്ലാം ഒടുവിലാണല്ലോ പ്രളയം ഉണ്ടാവുക എന്ന് ദുരന്ത നിവാരണ അതോറിട്ടി അധികൃതര്‍ പറഞ്ഞാല്‍ അവരെ ആരും തെറ്റു പറയരുത്.

കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായതിനു ശേഷം പാര്‍ട്ടിയില്‍ പുന:സംഘടന ഉടനുണ്ടാകുമെന്നു പല പ്രാവശ്യം പ്രഖ്യാപിച്ചിട്ട് രണ്ടു വര്‍ഷമായി. അതിനു വേണ്ടി തലങ്ങും വിലങ്ങും ചര്‍ച്ച ചെയ്തു കൊണ്ടേയിരുന്നു. ഒടുവില്‍ ബ്ലോക്ക് പ്രസിഡന്റന്മാരുടെ പേരു പ്രഖ്യാപിച്ചു. ചില ഞരങ്ങലും മൂളലുമേ ഉണ്ടായുള്ളു. അപ്പോഴാണ് വെടിപൊട്ടിച്ചു കൊണ്ട് പരാതിപ്പെട്ടിയുമായി ഹൈക്കാമാന്റിലേക്കു പോകാന്‍ ചിലര്‍ എഴുന്നേറ്റത്. ഇനിയും കടമ്പകളേറെയുണ്ട്. മണ്ഡലം പ്രസിഡന്റന്മാരെയും ബൂത്ത് പ്രസിഡന്റന്മാരെയും ഡി.സി.സി. ഭാരവാഹികളെയും തെരഞ്ഞെടുക്കണം.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പു വാതില്‍ക്കല്‍ നില്‍ക്കുന്നു. ഒരു മെയ്യോടെ ഒരേ മനസ്സോടെ സംഘടന ശക്തമാക്കിയാലേ കുറച്ചെങ്കിലും പിടിച്ചു നില്‍ക്കാനാവൂ എന്നുറപ്പാണ്. ചെന്നിത്തലയും ബെന്നി ബഹ്‌നാനും എം.എം. ഹസ്സനും പാര്‍ട്ടിക്കെതിരെ ഗ്രൂപ്പിന് പരസ്യമായി ആഹ്വാനം ചെയ്തത് ശരിയായില്ല എന്ന നിലപാട് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന മുതിര്‍ന്ന അംഗങ്ങള്‍ക്കുണ്ട്. അത് അവര്‍ പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. ജീവനും രക്തവും ചിന്തി പാര്‍ട്ടിക്കു വേണ്ടി രാപകല്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്കാരുണ്ട്. അവരുടെ ആത്മാവ് പാര്‍ട്ടിയാണ്. കെ. കരുണാകരന്റേയും ഏ.കെ ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും കാലത്തുണ്ടായിരുന്ന ഗ്രൂപ്പിന് ഇനി പ്രസക്തിയില്ല.

എല്ലാ അവസരങ്ങളും ഉപയോഗിച്ചിട്ട്, ഇപ്പോള്‍ നിസ്സാര കാര്യം പറഞ്ഞ് ഗ്രൂപ്പുകളിക്കിറങ്ങിയത് ചൂറും ചൂരുമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകനും പൊറുക്കാനാവില്ല. ഇനി മണ്ഡലം പ്രസിഡന്റന്മാരും തീരുമാനിക്കപ്പെടേണ്ടതുണ്ട്. അതിലും തര്‍ക്കവും കുതര്‍ക്കവും ഉയര്‍ത്തി പാര്‍ട്ടിക്കകത്ത് കലാപക്കൊടി ഉയര്‍ത്തുന്നത് നീതിയല്ല. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കും ബി.ജെ.പി.യ്ക്കുമെതിരെ ശബ്ദമുയര്‍ത്തേണ്ട നേരത്ത് പാര്‍ട്ടിക്കാര്‍ തമ്മില്‍ കലഹിക്കുന്നത് വിരോധാഭാസമാണ്.

ഗ്രൂപ്പിസം കൊണ്ട് സഹികെട്ടപ്പോള്‍, കേവലം പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ മാത്രമൊതുങ്ങി സജീവ രാഷ്ട്രിയ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍വാങ്ങിയ എത്രയോ നല്ലനല്ല നേതാക്കളുണ്ട് കേരളത്തില്‍. എത്രയോ പാവങ്ങളാണ് മനംനൊന്ത് പാര്‍ട്ടിയില്‍ കഴിയുന്നത്. ഈ ഗ്രൂപ്പു മാനേജരന്മാര്‍ക്ക് ഇനിയെങ്കിലും നല്ലബുദ്ധി തെളിയേണ്ടതുണ്ട്. പിണറായി സര്‍ക്കാര്‍ കോണ്‍ഗ്രസ്സ് നേതാക്കളായ സതീശനേയും സുധാകരനെയും കേസിന്റെ കുരുക്കിട്ട് മുറുക്കുന്നത് കോണ്‍ഗ്രസ്സിനകത്ത് വിഘടനവാദം മുറുകുന്നതു കൊണ്ടാണ്. എ.ഐ ഗ്രൂപ്പു സമവാക്യം ഒരു പുതിയ പാര്‍ട്ടി രൂപീകരണത്തിലേക്ക് വഴി തുറക്കുമെന്നും ചിന്തിക്കുന്നവരുണ്ട്. അതേസമയം, കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് വേണ്ടാ എന്നു പ്രഖ്യാപിക്കുന്നവരുടെ സമ്മേളനം വിളിച്ചാല്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നതില്‍ തര്‍ക്കം വേണ്ട.

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ കാര്യമെടുത്താല്‍, കാരപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്കു വായ്പ്പുണ്ണ് എന്നതു പോലെയാണ് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ സ്ഥിതി. ഗ്രൂപ്പും ക്ലിക്കും വിഭാഗീയതയും നിന്‍ വിധികല്പിതമാണ് തായേ. ഇതുപോലൊരു അനുകൂല രാഷ്ട്രീയ സാഹചര്യം ഇതിനു മുന്‍പുണ്ടായിട്ടില്ല എന്നുവേണം വിലയിരുത്താന്‍. ഓരോ ദിവസവും പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ പ്രതിപക്ഷത്തെ ഉത്തേജിപ്പിക്കുന്നുണ്ട്. പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുകയും, വ്യക്തമായി ആക്ഷേപങ്ങള്‍ വസ്തുതാ പരമായി അവതരിപ്പിക്കുമ്പോഴും പാര്‍ട്ടി ഘടകങ്ങളോ നേതാക്കളോ ഇതൊന്നും ഏറ്റെടുക്കുന്നില്ല എന്നത് സത്യമാണ്. സ്വര്‍ണ്ണക്കടത്തു മുതല്‍ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പു വരെ പുറത്തു കൊണ്ടു വന്നിട്ടും ഫലപ്രദമായി ആ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ജനങ്ങളിലേക്കിറങ്ങാന്‍ പ്രതിപക്ഷത്തിനായിട്ടില്ല. അതുകൊണ്ടുതന്നെ വന്‍ അഴിമതികള്‍ പോലും സര്‍ക്കാര്‍ മുട്ടാന്യായങ്ങള്‍ നിരത്തി മൂടിക്കളഞ്ഞു.

സര്‍ക്കാരിന്റെ ദുഷ്പ്രഭുത്വവും അഴിമതിയും കൊണ്ട് മടുത്തജനങ്ങള്‍ എങ്ങനെയെങ്കിലും മാര്‍ക്‌സിസ്റ്റ് ഭരണത്തെ താഴെയിറക്കാന്‍ തയ്യാറെടുത്തിരിക്കുമ്പോഴാണ് എന്നെ തല്ലണ്ടമ്മാവാ ഞങ്ങള്‍ നന്നാവില്ല എന്ന് പറഞ്ഞുകൊണ്ട് തമ്മില്‍ തല്ലി ഗ്രൂപ്പും ക്ലിക്കും വിഭാഗീയതയും പരസ്യമാക്കി ഹോട്ടല്‍ മുറിയില്‍ യോഗംകൂടി പരസ്പരം പഴിചാരി കൊമ്പുകോര്‍ത്തു നില്ക്കുകയാണ് കോണ്‍ഗ്രസ്സുകാര്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സിറ്റു കിട്ടിയത് ശബരിമല പ്രശ്‌നവും രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നു മത്സരിച്ചതു കൊണ്ടുമാത്രമാണ്. ആ സാഹചര്യമല്ല ഇപ്പോഴുള്ളത്. സി. ദിവാകരന്റേയും മുന്‍ ഡി.ജി.പി. എ. ഹേമചന്ദ്രന്റേയും സോളാര്‍ വെളിപ്പെടുത്തുകളെ ഒറ്റക്കെട്ടായി നേരിടാന്‍ പോലും കോണ്‍ഗ്രസ്സിനു കഴിയുന്നില്ല.

കെ. റെയില്‍, കെ. ഫോണ്‍, തട്ടിപ്പും വെട്ടിപ്പും കൈക്കൂലിയുമായി മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നിറഞ്ഞാടുന്നു. എസ്.എഫ്.ഐക്കാരുടെ ആള്‍മാറാട്ടവും പരീക്ഷയെഴുതാതെ ജയിക്കുന്ന ജാല വിദ്യയും ഒരു കറക്കു കമ്പനി പോലെ ഇവിടെ പടരുന്നു. വിദ്യാഭ്യാസമല്ല വിദ്യ- ആഭാസമാണ് നടക്കുന്നത്. ഈ സര്‍ക്കാരിനെതിരെ ജനങ്ങള്‍ ഒരവസരം പാര്‍ത്തിരിക്കയാണ്. മുഖ്യമന്ത്രിയും പരിവാരങ്ങളും അമേരിക്കയിലേക്കും ക്യൂബയിലേക്ക് വിമാനം കയറിട്ടുണ്ട്.

ഈ വിഷയങ്ങളെയെല്ലാം ജനങ്ങളുടെ മുന്നിലെത്തിച്ച് വോട്ടുരാഷ്ട്രീയത്തിന്റെ നയസമീപനങ്ങളാക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ലെങ്കില്‍ പിണറായി യുഗം മൂന്നാം കാണ്ഡത്തിലേക്ക് കടക്കുമ്പോള്‍ പ്രതിപക്ഷ ബെഞ്ചില്‍ തലമൂത്ത് നരച്ചുപോയവര്‍ ഗ്രൂപ്പുകളിയില്‍ ഏര്‍പ്പെട്ടു കൊണ്ടേയിരിക്കും.