
കൊച്ചി-മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം
ദേശീയ-അന്തര്‍ദേശീയ കലാപ്രതിഭകള്‍ സംഗമിക്കുന്ന അഞ്ചാമത് കൊച്ചി – മുസിരിസ് ബിനാലെയ്ക്ക് ഇന്ന് തിരി തെളിയും. ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ‘നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും’ എന്ന പ്രമേയത്തില്‍ ഏപ്രില്‍ പത്തുവരെയാണ് കലയുടെ വസന്തകാലം.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികളാണ് നാല് മാസം നീണ്ട് നില്‍ക്കുന്ന ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുക. പത്തു മലയാളികളടക്കം 33 ഇന്ത്യന്‍ കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. ഇന്‍സ്റ്റലേഷനുകള്‍, പെയിന്റിംഗുകള്‍, ശില്പങ്ങള്‍, ഡിജിറ്റല്‍ കലാരൂപങ്ങള്‍ എന്നിവയുണ്ടാകും. കോവിഡിന് ശേഷം രണ്ട് വര്‍ഷം വൈകിയാണ് ബിനാലെ അരങ്ങേറുന്നത്. പത്തുലക്ഷത്തിലേറെ പേര്‍ കാണാനെത്തുമെന്നാണ് പ്രതീക്ഷ. ബിനാലെ ഏറ്റവും ഒടുവിലായി നടന്ന 2018ല്‍ ആറുലക്ഷം പേരാണ് കലാസ്വാദനത്തിനായി എത്തിയത്. വിവിധ സാംസ്‌കാരിക പരിപാടികളും ഇതോടൊപ്പം നടക്കും.