കൈക്കൂലിയായി രണ്ടായിരം രൂപയും മദ്യക്കുപ്പിയും; ​ഗ്രേഡ് എസ്ഐ കൈയോ‌ടെ വിജിലൻസ് പിടിയിൽ

പണവും മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. വി.എച്ച്. നസീർ എന്ന പൊലീസുദ്യോ​ഗസ്ഥനാണ് പിടിയിലായത്. അറസ്റ്റിലായ നസീറിനെതിരെ മുൻപും കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നതായി വിജിലന്‍സ് അറിയിച്ചു. കൈക്കൂലി ആയി കിട്ടിയ മദ്യക്കുപ്പി എറിഞ്ഞു കളഞ്ഞ് രക്ഷപ്പെടാനും നസീര്‍ ശ്രമിച്ചെന്ന് വിജിലന്‍സ് പറഞ്ഞു.

അപകടത്തില്‍പ്പെട്ട വാഹനം വിട്ടുകൊടുക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വി.എച്ച്. നസീറിനെ ഇന്നലെ രാത്രി വിജിലന്‍സ് പിടികൂടിയത്. മെഡിക്കല്‍ കോളജിനടുത്തുളള സ്വകാര്യ ലോഡ്ജില്‍ നിന്നായിരുന്നു അറസ്റ്റ്. ഏറ്റുമാനൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് രണ്ടായിരം രൂപയും ഒരു കുപ്പി മദ്യവുമാണ് നസീര്‍ ആവശ്യപ്പെട്ടത്. വിജിലന്‍സ് നിര്‍ദേശ പ്രകാരം പണവും മദ്യവും ലോഡ്ജിലെത്തിയാണ് പരാതിക്കാരനായ യുവാവ് നസീറിന് കൈമാറിയത്. ഒളിച്ചു നിന്നിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിന്നാലെ നസീറിന്‍റെ മുറിയിലേക്ക് കയറുകയായിരുന്നു.

ഉദ്യോഗസ്ഥരെ കണ്ടു തിരിച്ചറഞ്ഞ നസീര്‍ പൊടുന്നനെ മദ്യകുപ്പി മുറിയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. പിന്നീട് ഈ കുപ്പി വിജിലന്‍സ് കണ്ടെത്തി തൊണ്ടിമുതലാക്കി. സമാനമായ കൈക്കൂലി ആരോപണത്തെ തുടര്‍ന്നാണ് നസീറിനെ ഒരു മാസം മുമ്പ് തൃക്കൊടിത്താനം സ്റ്റേഷനില്‍ നിന്ന് ഗാന്ധിനഗറിലേക്ക് സ്ഥലം മാറ്റിയത്. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എത്തിയ ശേഷവും നസീര്‍ കൈക്കൂലി വാങ്ങുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. അമ്പലപ്പുഴ സ്വദേശിയാണ് നസീര്‍.

Leave a Reply

Your email address will not be published.

Previous post നടൻ ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസ് ജയറാമും.
Next post തലസ്ഥാനത്ത് പൊലീസിന് നേരെ ബോംബേറ്, പോലീസുകാർ രക്ഷപ്പെട്ടത് തലനാരിഴ്യ്ക്ക്