കെ. സുധാകരനെതിരെ എം.പി.മാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചു

കെ പി സി സി അധ്യക്ഷസ്ഥാനത്തുനിന്ന് കെ സുധാകരനെ നീക്കാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പടയൊരുക്കം ശക്തം. അധ്യക്ഷന്‍ എന്ന നിലയിലുള്ള സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം എം.പി.മാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. 2024-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കേ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് എം.പി.മാരുടെ നീക്കം.

സുധാകരനെ നീക്കണമെന്നാവശ്യപ്പെട്ട് ഭൂരിഭാഗം എം.പി.മാരും ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്. പരസ്യമായി രംഗത്തുവന്നില്ലെങ്കിലും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കേ, ഈ നേതൃത്വവുമായി മുന്നോട്ടുപോകുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നാണ് പരാതി. അതേസമയം സുധാകരനെ ഈ സമയത്ത് മാറ്റുന്നത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് കരുതുന്ന കെ. മുരളീധരനടക്കമുള്ള നേതാക്കളുമുണ്ട്.

അനാരോഗ്യം കാരണം സംസ്ഥാനത്ത് നിറഞ്ഞു നില്‍ക്കാനാകുന്നില്ലെന്നും പാര്‍ട്ടിയിലെ പുനഃസംഘടന പോലും പൂര്‍ത്തിയാക്കാനായില്ലെന്നും സുധാകരനെതിരേ വിമര്‍ശനമുണ്ട്. മുസ്ലിംലീഗിനെ മുന്നണിയില്‍നിന്നകറ്റുന്ന വിധത്തിലുള്ള നിരന്തരമായ പ്രസ്താവനകള്‍ നടത്തുന്നതും സുധാകരന് തിരിച്ചടിയാവുന്നു. യു.ഡി.എഫിലും ഇത് ചര്‍ച്ചയായി. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായി ഇനി ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്നാണ് സുധാകരന്‍ പറയുന്നത്. ടി.എന്‍. പ്രതാപനും ലോക്‌സഭയിലേക്കുണ്ടാവില്ലെന്ന് അറിയിച്ചിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അവസാനിക്കുന്നതുവരെ നേതൃമാറ്റ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കില്ലെന്നാണ് സൂചന.

Leave a Reply

Your email address will not be published.

Previous post പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു
Next post കോൺഗ്രസിൽ ചെലവുചുരുക്കാൻ നിർദേശം