കെ.വി.തോമസിന് കാബിനറ്റ് റാങ്ക്; ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി

മുൻ കോൺഗ്രസ് നേതാവ് കെ.വി. തോമസിനെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. കഴിഞ്ഞ വർഷം കോൺഗ്രസിന്റെ വിലക്ക് അവഗണിച്ച് കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതു മുതൽ ആരംഭിച്ച സഹകരണത്തിന്റെ തുടർച്ചയായാണ് പുതിയ നിയമനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു.

കേന്ദ്രമന്ത്രിയായും എംപിയായും ദീർഘകാലം ഡൽഹിയിൽ പ്രവർത്തിച്ച് പരിചയമുള്ള നേതാവാണ് കെ.വി.തോമസ്. ഡൽഹിയിൽ കെ.വി.തോമസിന്റെ രാഷ്ട്രീയ പാരമ്പര്യം കൂടി കണക്കിലെടുത്താണ് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായുള്ള നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരുമായുള്ള വ്യക്തിബന്ധങ്ങളും ഡൽഹിയിലെ രാഷ്ട്രീയ ബന്ധങ്ങളും പുതിയ നിയമനത്തിൽ നിർണായകമായി.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിനു പിന്നാലെയായിരുന്നു നടപടി. കോൺഗ്രസിന്റെ വിലക്കു ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിനെ തുടർന്നാണ് കെ.വി.തോമസ് പാർട്ടിയുമായി അകലുന്നത്. പിന്നീട് ഇദ്ദേഹം തൃക്കാക്കരയിൽ സിപിഎം സ്ഥാനാർഥിയാകുമെന്നു വരെ വാർത്തകൾ പ്രചരിച്ചിരുന്നു. ഏറ്റവും ഒടുവിൽ അദ്ദേഹം ഇടതു രാഷ്ട്രീയത്തിൽ അപ്രസക്തനാകുന്നുവെന്ന തോന്നൽ ശക്തമാകുന്നതിനിടെയാണ് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായുള്ള തിരിച്ചുവരവ്.

Leave a Reply

Your email address will not be published.

Previous post രാജി പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍
Next post ഭർതൃവീട്ടിൽ അത്മഹത്യ ചെയ്ത ആശയുടെ മക്കളെ വിട്ടു കിട്ടാൻ ഭര്‍ത്തൃസഹോദരനെതിരെ പരാതി നൽകി വീട്ടുകാർ