കെ എസ് ആർ ടി സിയിലെ ശമ്പള പ്രതിസന്ധി: പട്ടിണി മാർച്ചുമായി ജീവനക്കാരും കുടുംബാംഗങ്ങളും

തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ ശമ്പള പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് കെ എസ് ആർ ടി സി ജീവനക്കാരും കുടുംബാംഗങ്ങളും പട്ടിണി മാർച്ച് നടത്തി. കെ എസ് ആർ ടി സിയിലെ അംഗീകൃത തൊഴിലാളി സംഘടനയായ കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ്(ബിഎംഎസ്) -ന്റെ നേതൃത്വത്തിൽ രാവിലെ 10.30 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച പട്ടിണി മാർച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.

2017 മുതൽ സർക്കാർ കെ എസ് ആർ ടി സിയിൽ നടപ്പാക്കിയ പരിഷ്ക്കരണങ്ങളെല്ലാം പരാജയപ്പെട്ടു. ഇപ്പോൾ ജീവനക്കാരുടെ ശമ്പളം സ്ഥിരമായി മുടങ്ങുന്നു. 2022 ജനുവരി മുതൽ പെൻഷനായി പിരിഞ്ഞവർക്ക് ഏഴു മാസമായിട്ടും ഒരു ആനുകൂല്യവും നൽകിയിട്ടില്ല. ഇടതുപക്ഷം 2016-ൽ അധികാരത്തിലേറി ആറു വർഷം കൊണ്ട് കെ എസ് ആർ ടി സിയുടെ കടം മൂന്നിരട്ടിയായി വർദ്ധിച്ചു. സ്വകാര്യവത്ക്കരണം ലക്ഷ്യമാക്കി നടപ്പാക്കിയ ഖന്ന റിപ്പോർട്ടിലെ ശുപാർശകൾ അപ്പടി നടപ്പാക്കിയത് ജീവനക്കാർക്കും സ്ഥാപനത്തിനും ഇരുട്ടടിയായി. പട്ടിണി മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു.

ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ഓഫീസുകളും, ഡിപ്പോകളും വർക്ക്ഷോപ്പുകളും ജില്ലാ കേന്ദ്രങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താനുള്ള ശുപാർശ നടപ്പാക്കി കെ എസ് ആർ ടി സിയെ തകർക്കാൻ വൻ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2016- ന് ശേഷം കെ എസ് ആർ ടി സി ക്കായി പുതിയ ബസുകൾ വാങ്ങുന്നില്ല. ദേശീയ ശരാശരിയെന്ന പേരിൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു. സർവ്വീസ് യോഗ്യമായതുൾപ്പെടെ മൂവായിരത്തോളം ബസുകൾ യാർഡുകളിലേയ്ക്ക് ഒതുക്കിയിട്ട് നശിപ്പിക്കുകയാണ്. അതേസമയം സ്വകാര്യ ബസുകൾ വാടകക്കെടുക്കാനാണ് സർക്കാരിന് താല്പര്യം. ആറു വർഷത്തെ തുടർച്ചയായ എൽഡിഎഫ് ഭരണം സ്ഥാപനത്തെ മൂന്നിരട്ടി കടക്കെണിയിലാക്കിയെന്നു മാത്രമല്ല, ജീവനക്കാരുടേയും ബസ്സുകളുടേയും എണ്ണം പകുതിയിലെത്തിക്കുകയും ചെയ്തിരിക്കുന്നു. 2017 മുതൽ പരിഷ്ക്കരണമെന്ന പേരിൽ നടപ്പാക്കിയതെല്ലാം തൊഴിലാളി ദ്രോഹവും സ്ഥാപനത്തെ തകർക്കുന്ന നയങ്ങളുമായിരുന്നു. അർഹതപ്പെട്ട അവകാശങ്ങളെല്ലാം നഷ്ടപ്പെട്ട ജീവനക്കാർക്ക് അദ്ധ്വാനഭാരം ഇരട്ടിയാക്കിയ ഡ്യൂട്ടി സമ്പ്രദായങ്ങളും ഇപ്പോൾ കൂലി നിഷേധവും തുടർച്ചയാവുന്നു. സർക്കാരിന്റെ സമാന്തര ഗതാഗത കമ്പനിയായി കെ-സ്വിഫ്റ്റ് ആരംഭിക്കുകയും കെ എസ് ആർ ടി സിയ്ക്ക് അവകാശപ്പെട്ട ഫണ്ട് വകമാറ്റി വിനിയോഗിക്കുകയും ചെയ്യുന്നതിലും പ്രതിഷേധം ശക്തമാണ്. സാധാരണക്കാരന്റെ യാത്രാവകാശം നിലനിർത്തുന്നതിനും ജീവനക്കാരുടെ തൊഴിൽ സ്ഥിരതയും വേതന സുരക്ഷയും സംരക്ഷിക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ശാശ്വതമായ പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എംപ്ലോയീസ് സംഘ് -ന്റെ നേതൃത്വത്തിൽ കെ എസ് ആർ ടി സി ജീവനക്കാരും, കുടുംബാംഗങ്ങളും, യാത്രക്കാരും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പട്ടിണി മാർച്ച് നടത്തുന്നത്.

സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ് അജയകുമാർ, വൈസ് പ്രസിഡന്റ് ആർ.എൽ ബിജുകുമാരൻ നായർ, സംസ്ഥാന സെക്രട്ടറി കെ.രാജേഷ്, എം ആർ രമേഷ് കുമാർ, പ്രദീപ് വി നായർ, എൻ എസ് രണജിത്, കെ എൽ യമുനാ ദേവി എസ് ദിവ്യ, ബി എം എസ് ജില്ലാ പ്രസിഡന്റ് ഗോവിന്ദ് ആർ തമ്പി, ബി എം എസ് ജില്ലാ നേതാവ് സതികുമാർ, KSTES സംസ്ഥാന ജനറൽ സെക്രട്ടറി കെ എൽ രാജേഷ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous post മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ വധശ്രമക്കേസ്: കൂ​ടു​ത​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് പോ​ലീ​സ് നോ​ട്ടീ​സ്
Next post രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം: നേതാക്കൾ അറസ്റ്റിൽ