
കെട്ടിയിട്ട ശേഷം മുളകുപൊടി വിതറി; പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് 35 ലക്ഷം കവര്‍ന്ന് മുഖംമൂടി സംഘം
പട്ടാപ്പകല്‍ കൊല്ലത്ത് ഒരു വീട്ടില്‍ നിന്ന് മുഖംമൂടി സംഘം 35 ലക്ഷം രൂപ കവര്‍ന്നു. അഞ്ചല്‍ കൈപ്പള്ളി സ്വദേശി നസീറിന്റെ വീട്ടില്‍ നിന്നാണ് പണം കവര്‍ന്നത്. വീട്ടിലുണ്ടായിരുന്ന ഇയാളുടെ മകനെ കെട്ടിയിട്ട് മുറിയിലാകെ മുളകുപൊടി വിതറിയ ശേഷമായിരുന്നു കവര്‍ച്ച നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചലില്‍ നസീറിന്റെ പേരിലുണ്ടായിരുന്ന വ്യാപാര സ്ഥാപനം മറ്റൊരാള്‍ക്ക് വിറ്റിരുന്നു. ഇതിന്റെ അഡ്വാന്‍സായി കിട്ടിയ 35 ലക്ഷമാണ് മോഷണം പോയത്. വീട്ടില്‍ പണം സൂക്ഷിച്ചിട്ടുണ്ട് എന്ന് അറിയാവുന്നവരാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം നസീറിന്റെ മകന് സിബിന്‍ഷായെ കെട്ടിയിട്ടു ശേഷം ചില്ലുകുപ്പി ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു. ഇയാളെ കെട്ടിയിട്ട മുറിയിലാകെ മുളകുപൊടി വിതറുകയും ചെയ്തിരുന്നു. പുനലൂര്‍ ഡിവൈഎസ്പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പരിശോധന നടത്തി. വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്