കൃഷ്ണയെ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതെന്ന് നിരീക്ഷണം, അമ്മയാന വന്നില്ലെങ്കിൽ സംരക്ഷിക്കാനൊരുങ്ങി വനംവകുപ്പ്

അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടി വീണ്ടും കാടിറങ്ങി. വനം വകുപ്പ് ജീവനക്കാർ ആനക്കുട്ടിക്ക് പഴവും വെള്ളവും നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം ആനക്കുട്ടിയെ കാട്ടിൽ കയറ്റി വിട്ടിരുന്നെങ്കിലും വീണ്ടും ഇറങ്ങി വരികയായിരുന്നു. കാട്ടാനക്കുട്ടിയ്ക്ക്  വനം വകുപ്പ് കൃഷ്ണ എന്ന് പേരിട്ടു. കൃഷ്ണ വനത്തിൽ നിന്ന് കിട്ടിയതു കൊണ്ടാണ് ഈ പേര്.  

രാത്രി വരെ കൃഷ്ണയെ കാട്ടിൽ പ്രത്യേക ഷെൽട്ടറിൽ നിർത്തും. അതിനു ശേഷവും അമ്മയാന വന്നില്ലെങ്കിൽ വനംവകുപ്പിൻ്റെ സംരക്ഷണയിലാക്കും.  ഒരു വയസ് പ്രായമാണ് കുട്ടിയാനയ്ക്കുള്ളത്. ആരോഗ്യസ്ഥിതി മോശമായതിനാൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതെന്ന സംശയമാണ് വനംവകുപ്പിനുള്ളത്. കാട്ടാനക്കുട്ടിയെ കാടു കയറ്റാൻ വനംവകുപ്പിൻ്റെ ജീപ്പിലാണ് കൊണ്ടുപോയത്. കുട്ടിയാനയുടെ ശരീരത്തിൽ ചെറിയ മുറിവുണ്ട്. കാട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പറ്റിയതാകാം ഇതെന്നാണ് വനം വകുപ്പ് വിശദമാക്കുന്നത്. തൃശൂരിൽ നിന്ന് വെറ്റിനറി ഡോക്ടർ  ഡേവിഡ് എബ്രഹാം സ്ഥലത്തെത്തി കുട്ടിയാനയെ പരിശോധിക്കും. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പീരുമേട്ടില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. റസ്റ്റ് ഹൗസിനും ഐഎച്ച്ആര്‍ഡി സ്‌കൂളിനും ഇടയിലാണ് കാട്ടാനകള്‍ തമ്പടിച്ചത്.

ഒരു കൊമ്പനും രണ്ട് പിടിയാനകളുമാണ് ജനവാസമേഖലയില്‍ എത്തിയത്. വന്‍ കൃഷിനാശവും കാട്ടാനക്കൂട്ടം ഈ മേഖലയില്‍ ഉണ്ടാക്കിയിരുന്നു. ജൂണ്‍ ആദ്യവാരത്തില്‍ കണ്ണൂർ കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപം റോഡിൽ കാട്ടാന പ്രസവിച്ചിരുന്നു. കൂട്ടത്തിൽ ഉള്ള മറ്റ് ആനകൾ റോഡിൽ തമ്പടിച്ചതോടെ ഇതുവഴിയുള്ള യാത്ര തടസ്സപ്പെട്ടിരുന്നു. ആറളം ഫാം കാർഷിക മേഖലയിൽ കാട്ടാനകള്‍ സജീവമാണ്. വിവരമറിഞ്ഞ് വനവകുപ്പിന്റെ ആർ ടി സംഘം ഇവിടെത്തി റോഡ് അടച്ച് കാട്ടാനക്കൂട്ടത്തിന് സംരക്ഷണമൊരുക്കിയിരുന്നു. 

Leave a Reply

Your email address will not be published.

Previous post ജമ്മുകശ്മീരിൽ അഞ്ച് ഭീകരരെ വധിച്ചു
Next post മേജര്‍ ലീഗ് ക്രിക്കറ്റ്: പൊള്ളാര്‍ഡ് നായകന്‍, വമ്പന്‍ താരങ്ങളെയെല്ലാം ടീമിലെത്തിച്ച് എംഐ ന്യൂയോര്‍ക്ക്