
കൂട്ടിയിട്ട മൃതദേഹങ്ങള്‍; ട്രെയിന്‍ ദുരന്തത്തിലെ കണ്ണീര്‍ക്കാഴ്ച
ഒഡിഷയിലെ ബാലാസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ കാണാതായ മകനെ മൃതദേഹങ്ങള്‍ക്കിടയില്‍ തിരഞ്ഞ് പിതാവ്. പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആരെയും കണ്ണീരണിയിക്കുന്നതാണ് ദൃശ്യങ്ങള്‍. കോറമണ്ഡല്‍ എക്‌സ്പ്രസിലാണ് മകനുണ്ടായിരുന്നതെന്നും അപകടത്തിന് ശേഷം കാണാനില്ലെന്നും ഇയാള്‍ പറയുന്നു. മകനെ ഒരുപാട് തിരഞ്ഞു, പക്ഷേ കണ്ടെത്താനായില്ല. സുഖോയിലാണ് വീടെന്നും പൊലീസുകാരോട് അന്വേഷിച്ചിട്ട് ഫലമുണ്ടായില്ലെന്നും ഇയാള്‍ കണ്ണീരോടെ പറയുന്നു. ഹാളില്‍ നിരത്തിയിട്ടിരിക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. ധൈര്യമായിരിക്കാനും മകന്‍ ജീവനോടെ തിരിച്ചെത്തുമെന്നും മാധ്യമപ്രവര്‍ത്തകന്‍ സമാധാനപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.

ഇന്നലെ വൈകീട്ട് 6.55 നാണ് ബെംഗളൂരുവില്‍നിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി. ഈ പാളം തെറ്റിയ ബോഗികളിലേക്ക് 12841 ഷാലിമാര്‍ ചെന്നൈ കോറമാണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. ഇടിച്ചു കയറിയ കോറമാണ്ഡല്‍ എക്‌സ്പ്രസ്‌ന്റെ ബോഗികള്‍ മൂന്നാമത്തെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.
രാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തമുണ്ടായ ഒഡിഷയിലെ ബാലസോര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദര്‍ശിക്കും. ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. സുരക്ഷാവീഴ്ചയുണ്ടായെന്നാണ് നിഗമനം. മൂന്ന് ട്രെയിനുകളാണ് ബാലസോറില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. രക്ഷാദൗത്യം അന്തിമഘട്ടത്തിലാണെന്നും ഗതാഗതം വേഗത്തില്‍ പുനഃസ്ഥാപിക്കുമെന്നും റെയില്‍വേ വക്താവ് അമിതാഭ് ശര്‍മ്മ അറിയിച്ചു. രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ അപകടത്തില്‍ 280 പേരാണ് മരിച്ചത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. 238 മരണമാണ് റെയില്‍വേ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. റെയില്‍വേ മന്ത്രി അശ്വനിവൈഷ്ണവ് അപകടം നടന്ന സ്ഥലത്തുണ്ട്. അപകടത്തില്‍ പെട്ടവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും എയിംസ് ആശുപത്രികളിലടക്കം സജ്ജീകരണം ഏര്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു.