കുളച്ചലില്‍ കണ്ടെത്തിയ മൃതദേഹം കിരണിന്റേതെന്ന് ബന്ധുക്കള്‍; ഡി.എന്‍.എ. പരിശോധന നടത്തുമെന്ന് പോലീസ്

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുളച്ചല്‍ തീരത്ത് കണ്ടെത്തിയ മൃതദേഹം ആഴിമലയില്‍നിന്ന് കാണാതായ നരുവാംമൂട് സ്വദേശി കിരണിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കിരണിന്റെ അച്ഛന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അതേസമയം, ഡി.എന്‍.എ. പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും പരിശോധനാഫലത്തില്‍ സ്ഥിരീകരണം ലഭിച്ചാലേ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് കുളച്ചല്‍ തീരത്ത് യുവാവിന്റെ മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുളച്ചല്‍ പോലീസ് വിഴിഞ്ഞം പോലീസിനെ അടക്കം വിവരമറിയിച്ചിരുന്നു. തുടര്‍ന്നാണ് വിഴിഞ്ഞം പോലീസും കിരണിന്റെ ബന്ധുക്കളും കുളച്ചലില്‍ എത്തിയത്.

കൈയിലെ ചരടും കാല്‍വിരലുകളും കൈവിരലുകളും കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് കിരണിന്റെ അച്ഛന്‍ പ്രതികരിച്ചു. മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും തങ്ങള്‍ക്ക് നീതി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരനാണ് മകനെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. അവരെല്ലാം ഒളിവിലാണ്. അവരെയെല്ലാം എത്രയുംവേഗം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, അഴുകിയനിലയില്‍ കണ്ടെത്തിയ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഡി.എന്‍.എ. പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആഴിമലയില്‍വെച്ച് യുവാവ് കടലില്‍ വീണെന്നാണ് നിഗമനം. സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണ്. ഒളിവിലുള്ളവര്‍ ഉടന്‍തന്നെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ചയാണ് പെണ്‍സുഹൃത്തിനെ കാണാനായി ആഴിമലയില്‍ എത്തിയ കിരണിനെ കാണാതായത്. പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഇതിനിടെ രക്ഷപ്പെടാനായി കിരണ്‍ കടല്‍ത്തീരത്തേക്ക് ഓടിയെന്നുമാണ് യുവാവിന്‍റെ ബന്ധുക്കളുടെ ആരോപണം. കടല്‍ത്തീരത്തുനിന്ന് കിരണിന്റെ ചെരിപ്പുകള്‍ കണ്ടെടുത്തിരുന്നു. യുവാവ് ഓടിപ്പോകുന്ന ചില സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കിരണിനെയും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous post മോ​ദി​യു​ടെ കൊ​ല്ലാ​ൻ അ​ല​റു​ന്ന സിം​ഹം ; ദേ​ശീ​യ ചി​ഹ്നം വി​വാ​ദ​ത്തി​ൽ
Next post കാട്ടാനയുടെ ആക്രമണത്തിൽ പോലീസുകാരന് പരുക്കേറ്റു