കുറുമ്പു കാട്ടാതെ കുന്നത്തൂര്‍ കുട്ടിശങ്കരന്‍ അരിക്കൊമ്പനായി (എക്‌സ്‌ക്ലൂസീവ്)

അരി തിന്നാന്‍ മടി കാണിച്ച് കുട്ടിശങ്കരന്‍, സിനിമയ്ക്കു വേണ്ടി മാത്രം കുറച്ച് അരി തിന്ന് അരിക്കൊമ്പനായി

എ.എസ്. അജയ്‌ദേവ്

കുസൃതിയും കുറുമ്പും കാട്ടാതെ കുന്നത്തൂര്‍ കുട്ടിശങ്കരന്‍ അനുസരണയോടെ അഭിനയിച്ചു. രണ്ടു ദിവസത്തെ ഷൂട്ട് കഴിഞ്ഞ് മടങ്ങുമ്പോള്‍ കുട്ടിശങ്കരന് അഭിമാനവും അതിലേറെ ഉത്സാഹവുമുണ്ടായിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കാരണം, കേരളത്തെയും തമിഴ്‌നാടിനെയും മുള്‍മുനയില്‍ നിര്‍ത്തിയ അരിക്കൊമ്പനായിട്ടാണ് കുന്നത്തൂര്‍ കുട്ടിശങ്കരന്‍ അഭിനയിച്ചത്. മാധ്യമ പ്രവര്‍ത്തകന്‍ കെ.സി. ഷിബു സംവിധാനം ചെയ്യുന്ന ‘അരി പ്ലസ് കൊമ്പന്‍ സമം അരിക്കൊമ്പന്‍’ എന്ന ചെറു സിനിമയിലാണ് കുട്ടിശങ്കരന്‍ തകര്‍ത്ത് അഭിനയിച്ചത്.

കഥയെന്താണെന്ന് കൃത്യമായി കുട്ടിശങ്കരന് മനസ്സിലായില്ലെങ്കിലും തന്റെ വര്‍ഗത്തില്‍പ്പെട്ടവരുടെ കഥയാണെന്ന് വായിച്ചെടുക്കാന്‍ അധിക സമയമെടുത്തില്ല. അതുകൊണ്ടു തന്നെ സംവിധായകന്‍ പറയുന്ന കാര്യങ്ങളെല്ലാം പാപ്പാന്റെ നിര്‍ദ്ദേശത്തില്‍ കൃത്യമായി ചെയ്യാന്‍ കുട്ടിശങ്കരന്‍ അനുസരണ കാട്ടി. കുട്ടിശങ്കരന്‍ ആരാണെന്ന സംശയം ആര്‍ക്കും വേണ്ട. പുത്തൂര്‍ ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയുടെ പേരാണ് കുന്നത്തൂര്‍ കുട്ടിശങ്കരന്‍.

ഷോര്‍ട്ട്ഫിലിമിന്റെ ഷൂട്ടിന് രണ്ടു ദിവസത്തെ ഡേറ്റാണ് കുട്ടിശങ്കരന്‍ നല്‍കിയത്. കുന്നത്തൂര്‍ ഭാഗത്തെ കാടുകളിലും കല്ലടയാറിന്‍ തീരത്തുമൊക്കെയായി അരിക്കൊമ്പന്റെ ആറാട്ടും ഓട്ടവും ചാട്ടവുമെല്ലാം കുട്ടിശങ്കരന്‍ തകര്‍ത്ത് അഭിനയിച്ചു. എന്നാല്‍, കുട്ടിശങ്കരന്, അരിതിന്നാന്‍ എത്തുന്ന അരിക്കൊമ്പന്റെ റോള്‍ അഭിനയിക്കാന്‍ മാത്രം കുറച്ച് ബുദ്ധിമുട്ടുണ്ടായി.

രണ്ടുദിവസത്തെ ഷൂട്ട് കഴിഞ്ഞ് കുട്ടിശങ്കരന്‍ പായ്ക്കപ്പായി. ഷോര്‍ട്ട് ഫിലിമിന്റെ ബാക്കി ഷൂട്ടുകള്‍ പുത്തൂരും കല്ലടയിലുമൊക്കെയായി പൂര്‍ത്തിയായി വരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു. ജൂലൈ 10നു മുന്‍പ് യൂ ട്യൂബില്‍ ഷോര്‍ട്ട് ഫിലും റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. കുട്ടിശങ്കരന് കുസൃതിയും കുറുമ്പുമെല്ലാം ആവോളമുണ്ടെങ്കിലും നല്ല അനുസരണക്കാരനാണെന്ന് ഷോര്‍ട്ട്ഫിലിമിലെ അഭിനേതാക്കള്‍ ഓര്‍ക്കുന്നു. ആള് ശാന്തനാണ് ശല്യക്കാരനല്ല. അരിയോട് കുട്ടിശങ്കരന് താല്‍പ്പര്യമില്ലാത്തതു കൊണ്ടാണ് തിന്നാത്തത്.

എന്നാല്‍, കരിമ്പും ശര്‍ക്കരയും പഴവുമെല്ലാം അവോളം തിന്നും. പനംപട്ടയും, തെള്ളോലയും മടലുമെല്ലാം നല്ല ഇഷ്മാണ്. അരിതിന്നാന്‍ എന്നെക്കിട്ടില്ലെന്ന ഭാവമാണ് കുട്ടശങ്കരന്റേത്. 55 വയസ്സായിട്ടുണ്ട് കുട്ടിശങ്കരന്. പ്രായമുണ്ടെങ്കിലും ചെറിയ കുട്ടികളുടെ സ്വഭാവമാണ് ഇപ്പോഴും. കുട്ടിശങ്കരനെ ആഗ്രഹിച്ചു വളര്‍ത്താന്‍ വാങ്ങിയതാണ് ഉടമ ശ്രീകുമാര്‍. അതു കൊണ്ടുതന്നെ കുട്ടിശങ്കരനെ ജോലിക്കൊന്നും ഉപയോഗിക്കില്ല.

അരിക്കൊമ്പനായി കുന്നത്തൂര്‍ കുട്ടിശങ്കരന്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ഷോര്‍ട്ട്ഫിലിം പ്രവര്‍ത്തകര്‍. കലാദീപം ബാനറില്‍ അനീഷ് അശോക് നിര്‍മ്മിക്കുന്ന അരിക്കൊമ്പന്റെ കഥ, തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് സി. സുബ്രഹ്‌മണ്യമാണ്. നിരവധി ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്ന ഷോര്‍ട്ട് ഫിലിം ജൂലൈ ആദ്യവാരത്തില്‍ പുറത്തിറങ്ങും. കൊല്ലം, ഇടുക്കി, അച്ഛന്‍ കോവില്‍ തുടങ്ങിയ സ്ഥലങ്ങളാണ് ലൊക്കേഷന്‍.

അതേസമയം, ഏപ്രില്‍ 29ന് കേരള വനംവകുപ്പ് അരിക്കൊമ്പനെ ഇടുക്കി ചിന്നക്കനാലില്‍ നിന്നും 105 കിലോമീറ്റര്‍ അകലെയുള്ള പെരിയാര്‍ വന്യ ജീവി സങ്കേതത്തില്‍ വിട്ടു. അവിടുന്ന് കിലോമാറ്ററുകള്‍ നടന്ന് അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ കമ്പത്ത് എത്തുകയായിരുന്നു. അരി തിന്നാന്‍ തമിഴ്‌നാട്ടിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് കമ്പത്ത് നിന്നും പിടികൂടി മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ അപ്പര്‍ കോതയാര്‍ ഭാഗത്ത് തുറന്നുവിട്ടു. എന്നാല്‍, അരിക്കൊമ്പന്‍ ഇപ്പോള്‍ കന്യാകുമാരി വന്യജീവി സങ്കേതം വരെ എത്തിയിട്ടുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published.

Previous post ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന്‍റെ തീയതി കുറിച്ചു, ഇന്ത്യയുടെ മത്സരക്രമം ഇങ്ങനെ
Next post പണത്തിനു പകരം വീട്ടിലെ മാലിന്യം ഫീസായി വാങ്ങി സ്കൂൾ; ആഗോളതലത്തിൽ ശ്രദ്ധ നേടി നൈജീരിയൻ പദ്ധതി