കുത്തുപാളയെടുത്ത് കേരളം: അമേരിക്കന്‍ പര്യടനത്തിന്റെ ലഹരിയില്‍ മുഖ്യമന്ത്രിയും സംഘവും

മുഖ്യമന്ത്രി ക്യൂബ സന്ദര്‍ശിക്കുന്നതെന്തിന് ?. കടം വാങ്ങാന്‍ കേന്ദ്രത്തിനു മുമ്പില്‍ കുമ്പിട്ടു നില്‍ക്കുമ്പോഴും ധൂര്‍ത്തിന് കുറവില്ല.

എ.എസ്. അജയ്‌ദേവ്

സംസ്ഥാനത്തിന് കടമെടുത്ത് കാര്യങ്ങള്‍ ചെയ്യാനുള്ള കടുത്ത സാമ്പത്തിക ഞെരുക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വിദേശ പര്യടനത്തിനൊരുങ്ങുകയാണ്. ബഹുരാഷ്ട്രാ കുത്തകകളുടെ നാടായ അമേരിക്കയും, ഫിഡല്‍ കാസ്‌ട്രോയുടെ നാടായ ക്യൂബയുമാണ് ഇത്തവണത്തെ വിദേശ പര്യടന രാജ്യങ്ങള്‍. മുഖ്യമന്ത്രിക്കും സംഘത്തിനും വിദേശത്ത് ചുറ്റാനുള്ള അനുമതി കേന്ദ്രം നല്‍കിക്കഴിഞ്ഞു. ജൂണ്‍ 8 മുതല്‍ 18 വരെയാണ് യാത്ര. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലാ വിജയനുമുണ്ട്. അമേരിക്കയില്‍ ലോക കേരളസഭയുടെ മേഖലാ സമ്മേളനവും ഒപ്പം ലോക ബാങ്ക് പ്രതിനിധികളുമായുള്ള ചര്‍ച്ചയുമാണ് അജണ്ട. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി ക്യൂബയിലേക്കും പോകും. ജൂണ്‍ 13 വരെ മുഖ്യമന്ത്രി അമേരിക്കയില്‍ തങ്ങും. ജൂണ്‍ 12 ന് വാഷിങ്ടണില്‍ വെച്ച് ലോകബാങ്ക് പ്രതിനിധികളുമായി ചര്‍ച്ചനടത്തും.

മന്ത്രി ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തുടങ്ങി ഏഴംഗസംഘം ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവരടങ്ങുന്ന പത്തംഗസംഘമാണ് മുഖ്യമന്ത്രിക്കൊപ്പം പോകുന്നത്. യു.എ.ഇ യാത്ര നിഷേധിച്ചതിന് പിന്നാലെയാണ് അമേരിക്ക, ക്യൂബ യാത്രയ്ക്കു അനുമതി തേടി മുഖ്യമന്ത്രിയും സംഘവും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. ജൂണ്‍ 13 മുതല്‍ 15 വരെയാണ് ക്യൂബാ സന്ദര്‍ശനം. മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെ ആറംഗസംഘം ക്യൂബാ സന്ദര്‍ശനത്തിലുണ്ടാകും. ഭാര്യ കമലാ വിജയനും പഴ്‌സണല്‍ അസിസ്റ്റന്റായ വിഎം സുനീഷും യാത്രയ്ക്ക് മുഖ്യമന്ത്രിക്കൊപ്പമുണ്ട്. സംഘാംഗത്തിന്റെ യാത്രാ ചെലവ് ബന്ധപ്പെട്ട വകുപ്പുകള്‍ വഹിക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയ്ക്കുള്ള ചെലവ് സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്നാണ് എടുക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചെലവ് അവര്‍തന്നെ വഹിക്കും. പഴ്‌സണല്‍ അസിസ്റ്റന്റിന്റെ ചെലവ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കും.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിന് കീഴിലുളള ക്യൂബയില്‍ ഇന്ധനപ്രതിസന്ധിയും സാമ്പത്തിക പരാധീനതകളും കാരണം ഇത്തവണ മേയ് ദിന റാലി പോലും മാറ്റിവച്ചിരുന്നു. അതേസമയം ക്യൂബയ്‌ക്കെതിരായ അമേരിക്കയുടെ ഉപരോധം ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നതും ഓര്‍ക്കണം. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഈ ഉപരോധത്തില്‍ അപലപിക്കുമ്പോഴാണു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ അമേരിക്കയില്‍ നിന്നും നേരേ ക്യൂബ സന്ദര്‍ശിക്കാനായി പോകുന്നത്. ഇത് ഏറെ കൗതുകകരവും രാഷ്ട്രീയ ലക്ഷ്യത്തോടെയുമുള്ള യാത്രയാണെന്നേ പറയാനാകൂ. ഇതിന് പിന്നിലുള്ള നീക്കത്തെ ലോക രാജ്യങ്ങളും നിരീക്ഷിച്ചു കൊണ്ടിരിക്കികയാണ്. കേരളത്തിന്റെ എന്ത് ആവശ്യം നിറവേറ്റാനാണ് മുഖ്യമന്ത്രി ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ക്യൂബയില്‍ പോകുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. അമേരിക്കയില്‍ പോകുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുമ്പോള്‍ ക്യൂബയിലേക്ക് പോകുന്നതിന്റെ ആവശ്യമെന്തെന്ന് ജനപ്രതിനിധി എന്ന നിലയില്‍ വ്യക്തമാക്കേണ്ടതുണ്ട്. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സംഘടനാ പരിപാടിയായി ഈ വിദേശ പര്യടനത്തിനെ മാറ്റിയെടുക്കാനുള്ള നീക്കമായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചാല്‍ മറുപടി പറയുക തന്നെ വേണം.

ആരോഗ്യമന്ത്രി വീണാജോര്‍ജ്ജുമായുള്ള ക്യൂബന്‍ സന്ദര്‍ശം കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് മെച്ചമുണ്ടാക്കുമെന്ന് മലയാളികള്‍ വിശ്വസിക്കുന്നുണ്ട്. അങ്ങനെയല്ല സംഭവിക്കുന്നതെങ്കില്‍ അത്, ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നുറപ്പാണ്. കാരണം, മുഖ്യമന്ത്രിയുടെ അനാവശ്യമായ ഒരു യു.എ.ഇ സന്ദര്‍ശനത്തെ കേന്ദ്രം നേരത്തെ തടഞ്ഞിരുന്നു. കേന്ദ്രം അനുമതി നിഷേധിച്ചതോടെ യു.എ.ഇ യാത്ര ഉപേക്ഷിക്കുകയായിരുന്നു. ആദ്യമായാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് വിദേശയാത്രാനുമതി നിഷേധിക്കുന്നത്. മെയ് 7 മുതല്‍ 11 വരെയാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിദേശകാര്യ മന്ത്രാലയം ഉടക്കിയതോടെ യാത്ര നടന്നില്ല. വിദേശകാര്യമന്ത്രി ജയശങ്കര്‍ ഫയല്‍ നേരിട്ടു പരിശോധിച്ചാണ് അനുമതി നിഷേധിച്ചത്. അനുമതി ലഭിക്കാനായി പ്രധാനമന്ത്രിയുടെ ഓഫീസിനെ വീണ്ടും സമീപിച്ചെങ്കിലും വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് പ്രധാനമന്ത്രി എടുത്തത്. മെയ് 8 മുതല്‍ പത്തു വരെ അബുദാബിയില്‍ നടന്ന യു.എ.ഇ. സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി പ്രത്യേക ക്ഷണിതാവായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ യു.എ.ഇ. നേരിട്ട് ക്ഷണിച്ചിരുന്നു.

നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാന്‍ യു.എ.ഇ. വാണിജ്യ സഹമന്ത്രിയാണ് മുഖ്യമന്ത്രിക്കു ക്ഷണക്കത്ത് അയച്ചത്. എന്നാല്‍ ഇതിലെ സാങ്കേതികത്വമാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. മന്ത്രിതലത്തിലുള്ള സംഘം പങ്കെടുക്കേണ്ട ആവശ്യകത പരിപാടിക്കില്ലെന്നാണ് കേന്ദ്രം കേരളത്തോടു പറഞ്ഞത്. ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. വാര്‍ഷിക നിക്ഷേപസംഗമത്തില്‍ കേരളം ഗോള്‍ഡന്‍ സ്‌പോണ്‍സറാണ്. ഇതിന് വേണ്ടി കേരളം ഒന്നരക്കോടിയാണ് ചിലവാക്കിയത്. കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് ഉദ്ഘാടനച്ചടങ്ങില്‍ രണ്ട് വി.ഐ.പി. ചെയര്‍ ലഭിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസിനും സംഗമത്തില്‍ പങ്കെടുക്കാനായി ക്ഷണമുണ്ടായിരുന്നു. അതായത് അമ്മാവനും മരുമകനും ഒരുമിച്ച് പോകാനുള്ള ഗോള്‍ഡന്‍ യാത്രയ്ക്കാണ് കേന്ദ്രം പണി കൊടുത്തതെന്ന് സാരം. അതിനു ശേഷമാണ് അമേരിക്കയയും ക്യൂബയും സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്.

കടവും കാവലും നിത്യവൃത്തിക്ക് വകയുമില്ലാത്ത സ്ഥിതിയില്‍ നില്‍ക്കുന്ന കേരളം കടം എടുക്കാന്‍ കേന്ദ്രത്തോട് അനുമതി ചോദിച്ച് കുമ്പിട്ടു നില്‍ക്കുമ്പോഴാണ് കോടികള്‍ മുടക്കിയുള്ള വിദേശ പര്യടനമെന്ന് മനസ്സിലാക്കിക്കോണം. കേരളത്തിന് എടുക്കാനാകുന്ന വായ്പാ പരിധി കുറച്ച നടപടിമായി ബന്ധപ്പെട്ട് ധനമന്ത്രിയും കേന്ദ്ര സഹമന്ത്രിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്. 1.75 ലക്ഷം കോടിയാണ് സംസ്ഥാനത്തെ ഒരു വര്‍ഷത്തെ ചിലവ്. മൂന്ന് ശതമാനമാണ് കടമെടുപ്പ് പരിധി. ഏപ്രിലില്‍ 2000 കോടി കടമെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. 15,390 കോടിയാണ് മേയില്‍ അനുമതി നല്‍കിയത്. 15390 കോടി രൂപയാണ് വായ്പ എടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 32442 കോടി രൂപ വായ്പ എടുക്കാന്‍ നിലവിലെ ചട്ട പ്രകാരം അവകാശമുണ്ട്. വായ്പ പരിധി ചുരുക്കിയതിനെപ്പറ്റി കേന്ദ്രത്തിന് വിശദീരണമില്ല. കേന്ദ്രം 6.4 ശതമാനമാണ് കടം എടുക്കുന്നത്. വി. മുരളീധരന്‍ പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞതെന്നും ധനമന്ത്രി പറയുന്നു. അതേസമയം, കേരളത്തിന് പൊതു വിപണിയില്‍ നിന്ന് 20,521 കോടി വായ്പയെടുക്കാന്‍ കേന്ദ്രം അനുവദിച്ചെന്നാണ് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ വാദം. ഡിസംബര്‍ വരെയാണ് 15,390 കോടി രൂപ അനുവദിച്ചതെന്നും, ബാക്കി 5131 കോടി അതിനു ശേഷം നല്‍കുമെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെ കടമെടുക്കുന്നതിന്റെയും കടം കൊടുത്തതിന്റെയും കണക്കുകള്‍ നിരത്തി ജനങ്ങളെ പറ്റിച്ചും കണ്ണില്‍ പൊടിയിട്ടും ഭരിക്കുന്നവര്‍ വിദേശത്തേക്കൊക്കെ പോകുമ്പോള്‍ ഓര്‍ക്കേണ്ട കാര്യമുണ്ട്. കേരളത്തിലെ സാധാരണ ജനങ്ങള്‍ വിലക്കയറ്റത്തിന്റെ ദുരിതക്കയത്തിലാണ്. ഇടിവെട്ടിയവന്റെ തലയിലേക്ക് വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയും, വെള്ളക്കര വര്‍ധനയുമെല്ലാം പെരുമഴപോലെ പെയ്യുകയാണ്.

Leave a Reply

Your email address will not be published.

Previous post മഴക്കാല തയ്യാറെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം: മുഖ്യമന്ത്രി
Next post മുഖ്യമന്ത്രിക്കെതിരായ പരാതി വിജിലന്‍സ് കോടതി തള്ളി